കോഴിക്കോട്: മനോനില തെറ്റി 12 വർഷം മുമ്പ് വീടുവിട്ടിറങ്ങിയ മകൾ ജറീന ബീഗം കൺമുന്നിൽ നിൽക്കുന്നത് കണ്ടപ്പോൾ വയോധികനായ ആന്ധ്രപ്രദേശ് സ്വദേശി തുമ്മലി സാഹിബിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ജീവിച്ചിരിക്കുന്നുവെന്നുപോലും പ്രതീക്ഷയില്ലാതിരുന്ന മകളെ കെട്ടിപ്പിടിക്കുമ്പോഴും ഇത് യാഥാർഥ്യമാണെന്ന് വിശ്വസിക്കാൻ അദ്ദേഹം പ്രയാസപ്പെട്ടു. മകൾ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ ഉണ്ടെന്നറിഞ്ഞപ്പോൾ, പ്രായത്തിന്റെ അവശത വകവെക്കാതെ കോഴിക്കോട്ടെത്തിയതായിരുന്നു അദ്ദേഹം.
2016 മുതൽ തവനൂരിലെ ‘റെസ്ക്യൂ ഹോമിൽ’ താമസിക്കുകയായിരുന്ന ജറീന ബീഗത്തെ നവംബർ 25നാണ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. മുൻ സൈനികനും സാമൂഹികപ്രവർത്തകനുമായ ശിവൻ മൂനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ സ്വദേശം മനസ്സിലാക്കിയത്.
വിവാഹജീവിതം തകർന്നതോടെ മനോനില തെറ്റി യുവതി വീടുവിട്ടിറങ്ങുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പിതാവും സഹോദരങ്ങളുമാണ് ശനിയാഴ്ച ജറീന ബീഗത്തെ കൂട്ടിക്കൊണ്ടുപോവാനെത്തിയത്. പശ്ചിമ ബംഗാളിൽനിന്നുള്ള സുനൈന ഗുപ്തയും (38) ശനിയാഴ്ച മാനസികാരോഗ്യകേന്ദ്രത്തിൽനിന്ന് നാട്ടിലേക്കു മടങ്ങി. ഇരുവരുടെയും ബന്ധുക്കളെ കണ്ടെത്തലും സുനൈന ഗുപ്തയുടെ കുടുംബത്തെ ബോധവത്കരിക്കലും ഏറെ ശ്രമകരമായ ദൗത്യമായിരുന്നു.
സുനൈന ഗുപ്ത കോഴിക്കോട് ഗവ. മാനസികാരോഗ്യകേന്ദ്രത്തിൽ രണ്ടു മാസത്തെ കിടത്തിച്ചികിത്സക്കുശേഷം സഹോദരൻ പങ്കജ് ഗുപ്തക്കൊപ്പം ശനിയാഴ്ച പശ്ചിമ ബംഗാളിലെ വീട്ടിലേക്ക് പുറപ്പെട്ടു.
നവംബർ എട്ടിനാണ് ഇവരെ പരപ്പനങ്ങാടി പൊലീസ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. ഇടക്കിടെ വീട്ടിൽനിന്ന് ഇറങ്ങിപ്പോവുന്ന സുനൈന ഗുപ്തയെ ഏറ്റെടുക്കാൻ ബന്ധുക്കൾ ആദ്യം വിമുഖത കാണിച്ചിരുന്നു. പിന്നീട് ശിവൻ മൂനത്തിൽ കൗൺസലിങ് നൽകിയതിനുശേഷമാണ് ഇവരെ കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കളെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.