കോഴിക്കോട്: അന്തേവാസികൾ ചാടിപ്പോകുന്നത് തുടർക്കഥയായതിനു പിന്നാലെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നാലു സുരക്ഷ ജീവനക്കാരെ നിയമിച്ചു. ഇവർ അടുത്തദിവസം ജോലിയിൽ പ്രവേശിക്കും. വിമുക്ത ഭടന്മാരായ രണ്ടു പുരുഷന്മാരെയും ഒരു റിട്ട. വനിത പൊലീസ് ഓഫിസറെയും മെഡിക്കൽ കോളജിലടക്കം സേവനമനുഷ്ഠിച്ച ഒരു സ്ത്രീയെയുമാണ് വ്യാഴാഴ്ച അഭിമുഖം നടത്തി താൽക്കാലികമായി നിയമിച്ചത്.
അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനി കൊല്ലപ്പെടുകയും അഞ്ചുപേർ ചാടിപ്പോവുകയും ചെയ്തവിവരം മാനസികാരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട ഹരജികളിൽ നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. വി. രാംകുമാർ നമ്പ്യാർ ശ്രദ്ധയിൽപെടുത്തിയതോടെ ഹൈകോടതിതന്നെ സുരക്ഷ ജീവനക്കാരെ നിയമിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിരുന്നു. തുടർന്നാണ് ദ്രുതഗതിയിൽ നിയമന നടപടിയുണ്ടായത്.
നിലവിൽ നാലു സുരക്ഷ ജീവനക്കാരുടെ തസ്തികയാണിവിടെയുള്ളത്. സ്ഥിരം ജീവനക്കാരില്ലാത്തതിനാൽ താൽക്കാലികക്കാരെ നിയോഗിച്ചിരിക്കയാണ്. ഇവർക്ക് ഗേറ്റിലും ഒ.പിയിലുമടക്കം സേവനമനുഷ്ഠിക്കേണ്ടിവരുന്നതിനാൽ അന്തേവാസികളുടെ വാർഡുകളിൽ സന്ദർശനത്തിന് മിക്കപ്പോഴും കഴിയാറില്ലായിരുന്നു. ഇപ്പോൾ നിയമിച്ചവരടക്കം എട്ടുപേർ സുരക്ഷക്കുള്ളത് താൽക്കാലികാശ്വാസമാണെന്ന് ആരോഗ്യ കേന്ദ്രം സൂപ്രണ്ട് കെ.സി. രമേശൻ പറഞ്ഞു.
അതേസമയം, ചാടിപ്പോയ അന്തേവാസികളിൽ രണ്ടുപേരെ കണ്ടെത്താനായില്ല. വിവിധ ദിവസങ്ങളിലായി ചാടിപ്പോയ അഞ്ചുപേരിൽ മലപ്പുറം സ്വദേശികളായ രണ്ടുപേരെയും കുന്ദമംഗലം സ്വദേശിയെയുമാണ് കണ്ടെത്തി തിരികെയെത്തിച്ചത്.
മഹാരാഷ്ട്ര സ്വദേശിനിയായ 17കാരിയെയും നടക്കാവ് സ്വദേശിയായ 39കാരനെയുമാണ് ഇതുവരെ കണ്ടെത്താത്തത്. ഇരുവർക്കുമായി മെഡിക്കൽ കോളജ് പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മഹാരാഷ്ട്ര സ്വദേശിനി മേൽക്കൂരയിലെ ഓട് പൊളിച്ചും നടക്കാവ് സ്വദേശി വാർഡിൽനിന്ന് കുളിക്കാൻ പുറത്തിറങ്ങിയും കടന്നുകളയുകയായിരുന്നു.
അതിനിടെ കുതിരവട്ടത്തെ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കപ്പെട്ടതോടെ ഒഴിഞ്ഞ തസ്തികകൾ നികത്തുമെന്നും സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്നും ജീവനക്കാർക്ക് അന്തേവാസികളെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട് ബോധവത്കരണം നൽകുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചിട്ടുണ്ട്. 170 സ്ത്രീകളും 310 പുരുഷന്മാരുമടക്കം 480 അന്തേവാസികളുള്ള കുതിരവട്ടത്ത് ആകെയുള്ള 314 സ്ഥിര ജീവനക്കാരുടെ തസ്തികകളിൽ 285 പേർ മാത്രമാണുള്ളത്. സുരക്ഷ ജീവനക്കാരുടേതടക്കം 29 തസ്തികയാണ് ഒഴിഞ്ഞുകിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.