കോഴിക്കോട്: കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്കുകപ്പൽ സർവിസ് ആരംഭിക്കുന്നതിനുള്ള നടപടികൾ ഏതാണ്ട് പൂർത്തിയായതോടെ മലബാറിൽ തൊഴിൽ വ്യാപാരമേഖലയിൽ പുതിയ പ്രതീക്ഷകൾ. ജൂൺ 21ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന ആദ്യ ചരക്കുകപ്പൽ 22ന് ബേപ്പൂരിലും 23ന് കണ്ണൂർ ജില്ലയിലെ അഴീക്കലുമെത്തും. സംസ്ഥാനസർക്കാറിെൻറ നൂറു ദിന പരിപാടികളിൽ ഉൾപ്പെടുത്തി 23ന് അഴീക്കലിൽ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ബേപ്പൂരിൽ കപ്പലിനെ സ്വീകരിക്കാൻ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസുമുണ്ടാവും.
മുംബൈ ആസ്ഥാനമായുള്ള റൗണ്ട് ദ കോസ്റ്റ് ഷിപ്പിങ് കമ്പനിയാണ് സർവിസ് നടത്തുക. 106 ഇൻറർനാഷനൽ കണ്ടെയ്നറുകൾ വഹിക്കാവുന്ന ചെറുകപ്പലാണ് ചരക്കു നീക്കത്തിന് ഉപയോഗിക്കുക. അഞ്ചു വർഷം പഴക്കമുള്ള ടി.ഇ.യു ഹോപ്പ് സെവൻ എന്ന കപ്പലാണ് ആദ്യഘട്ടത്തിൽ സർവിസ് നടത്തുക. കൊച്ചിയിൽനിന്ന് 13 മണിക്കൂർകൊണ്ട് ബേപ്പൂരിലും അവിടെ നിന്ന് 12 മണിക്കൂർ കൊണ്ട് അഴീക്കലും കപ്പലെത്തും.
ബേപ്പൂരിലും അഴീക്കലും അനുബന്ധമായി വലിയ തൊഴിൽ സാധ്യതയാണ് പ്രതീക്ഷിക്കുന്നത്. മലബാർ മേഖലയിേലക്ക് പ്രതിമാസം 4000ത്തോളം കണ്ടെയ്നറുകൾ കൊച്ചിയിൽ നിന്ന് മാത്രം വരുന്നുണ്ടെന്നാണ് കണക്കുകൾ. മാസം പത്തു സർവിസാണ് ചരക്കുകപ്പൽ വഴി നടത്താനുദ്ദേശിക്കുന്നതെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു.
വ്യാപാരികൾക്ക് വാടകയിനത്തിൽ വലിയ കുറവ് ഇതുവഴി ലഭിക്കുമെന്ന് കാലിക്കറ്റ് ചേംബർ പ്രതിനിധി മുൻഷിദ് പറഞ്ഞു. കോഴിക്കോട്ടേക്ക് മുപ്പതിനായിരവും കാസർകോട്ടേക്ക് നാൽപതിനായിരം വരെയുമാണ് വാടക. ഇതു മൂന്നിൽ ഒന്നായി കുറക്കാനാവും. സിമൻറിന് മാത്രം ചാക്കിന് 20 രൂപ കുറച്ച് ഉപഭോക്താക്കൾക്ക് നൽകാനാവുമെന്നാണ് പ്രതീക്ഷ. ടൈൽസ്, ടയർ, സിമൻറ്, മാർബിൾ, ഭക്ഷ്യ ഓയിൽ, പ്ലൈവുഡ് തുടങ്ങിയവയാണ് തുടക്കത്തിൽ കപ്പലിലേറി മലബാറിലേക്ക് വരുക. ഡിസംബറോടെ രണ്ടാമതൊരു കപ്പൽ സർവിസ് കൂടി ആരംഭിക്കാനാണ് പദ്ധതി.
ബേപ്പൂരിെൻറ പ്രാധാന്യം കണക്കിലെടുത്ത് ഇതൊരു അന്താരാഷ്ട്ര തുറമുഖമാക്കി മാറ്റാൻ വേണ്ട ഇമിഗ്രേഷൻ ചെക്ക് പോയൻറിനുവേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെ സമീപിക്കുന്നുണ്ട്. കസ്റ്റംസ് പരിശോധനക്കുള്ള ഇലക്ട്രോണിക് ഡേറ്റാ ഇൻറർചേഞ്ചിനു വേണ്ട നടപടികളുമുണ്ടാകും.
കഴിഞ്ഞ ദിവസം തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിെൻറ അധ്യക്ഷതയിൽ കോഴിക്കോട് നടന്ന യോഗത്തിൽ പോർട്ട് ഓഫിസർ അബ്രഹാം കുര്യാക്കോസ്, അഴീക്കൽ പോർട്ട് ഓഫിസർ ക്യാപ്റ്റൻ പ്രതീഷ് നായർ, ചേംബർ പോർട്ട് കമ്മിറ്റി കൺവീനർ മുൻഷീദ് അലി, കപ്പൽ കമ്പനി സി.ഇ.ഒ കിരൺ നാന്ദ്രെ, ഉടമ മോൻസാർ ആലങ്ങാട്ട്, മാർക്കറ്റിങ് മാനേജർ റോഷൻ ജോർജ്, ജെ.എം. ബക്സി ഗ്രൂപ് വൈസ് പ്രസിഡൻറ് സജിത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.