കൊടുവള്ളിയിൽ തെരുവുവിളക്ക് സ്ഥാപിച്ചതിലെ ക്രമക്കേട്; ഓഡിറ്റ് വകുപ്പിന്റെ കണ്ടെത്തൽ പുറത്ത്

കൊടുവള്ളി: നഗരസഭയിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചതിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് പുറത്തായത് യു.ഡി.എഫ് ഭരണസമിതിക്ക് പുതിയ വെല്ലുവിളിയാവുന്നു. സർക്കാറിന്റെ ധനകാര്യ പരിശോധന വിഭാഗം നടത്തിയ സമഗ്ര ഓഡിറ്റിലാണ് വ്യാപകമായ നടപടിക്രമങ്ങളുടെ ലംഘനവും സാമ്പത്തിക തിരിമറിയും കണ്ടെത്തിയത്.

'പുതിയ തെരുവുവിളക്ക് സ്ഥാപിക്കൽ പദ്ധതി നടത്തിപ്പിലെ അപാകതകൾ' എന്ന തലക്കെട്ടിലാണ് റിപ്പോർട്ടുള്ളത്. 36 ഡിവിഷനുകളിലായി 4200ഓളം ഓർഡിനറി ലൈറ്റുകൾ മാറ്റി പുതിയ 24 വാട്ട് എൽ.ഇ.ഡി ലൈറ്റുകളും സ്റ്റേറ്റ് ഹൈവേകളിൽ 350 ഓളം 75 വാട്ട് എൽ.ഇ.ഡി ലൈറ്റുകളും സ്ഥാപിക്കുന്നതിന് കരാർ വെച്ച കമ്പനിയായ കെ.എസ്.ഐ.ഇക്ക് ടെൻഡർ നടപടികൾ കൂടാതെ തെരുവുവിളക്കുകൾ സ്ഥാപിക്കാനുള്ള സർക്കാർ അനുമതി ഇല്ലെന്നും വിവിധ ഡിവിഷനുകളിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ കത്തുന്നില്ലെന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ ഗൗരവമുള്ളതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

പരാതിപ്രകാരം മാറ്റിസ്ഥാപിച്ച തെരുവുവിളക്കുകൾ വീണ്ടും കേടായത് ഗൗരവകരമാണ്. തെരുവുവിളക്കുകളുടെ കൃത്യമായ രജിസ്റ്റർ പോലും സൂക്ഷിച്ചിട്ടില്ലെന്നും, സ്ഥാപിച്ച പോസ്റ്റുകളുടെ വിശദാംശങ്ങൾ ലഭ്യമല്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

കെ.എസ്.ഇ.ബി അസി. എൻജിനീയറുടെ സാന്നിധ്യത്തിൽ നഗരസഭ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടത്തിയ സംയുക്ത പരിശോധനയിൽ, ഓരോ പോസ്റ്റിലും നിലവിലുണ്ടായിരുന്ന വിളക്കുകൾ ഏതിനത്തിൽ പെട്ടവയാണെന്നും പ്രവർത്തിക്കുന്നവയാണോ, ഗ്യാരന്റി ഉള്ളതാണോ എന്നതൊന്നും വ്യക്തമല്ലെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

വിവിധ വർഷങ്ങളിൽ വാങ്ങുന്ന തെരുവുവിളക്കുകൾ സ്റ്റോക്കിൽ ചേർക്കാത്തതിനാൽ സ്ഥാപിച്ചിട്ടുള്ള തെരുവുവിളക്കുകളുടെ കൃത്യത പരിശോധിക്കാൻ സാധിക്കുന്നില്ല, ഊർജ സംരക്ഷണത്തിന്റെ ഭാഗമായി നിലവിലുള്ള തെരുവുവിളക്കുകളെല്ലാം എൽ.ഇ.ഡി ആക്കിമാറ്റുന്ന പദ്ധതി നഗരസഭയിൽ നടപ്പിലാക്കിയിട്ടും നഗരസഭ വർഷംതോറും അടക്കുന്ന വൈദ്യുതി ചാർജിൽ കുറവ് വന്നിട്ടില്ല, മാറ്റിയ തെരുവുവിളക്കുകൾ അലക്ഷ്യമായി കൂട്ടിയിട്ടതല്ലാതെ അവ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തി ലേലം ചെയ്ത് വിൽക്കാൻ നടപടികൾ സ്വീകരിച്ചില്ല, സ്ഥാപിച്ചിട്ടുള്ള തെരുവുവിളക്കുകളുടെ എണ്ണത്തിൽ വലിയ പൊരുത്തക്കേടുണ്ട്, പല ഡിവിഷനുകളിലും കൗൺസിലർമാർ സാക്ഷ്യപ്പെടുത്തി നൽകിയ എണ്ണത്തേക്കാൾ വളരെ കുറവ് എണ്ണമാണ് സംയുക്ത പരിശോധനയിൽ കണ്ടെത്തിയത് തുടങ്ങിയ കുറ്റപ്പെടുത്തലുകളും റിപ്പോർട്ടിലുണ്ട്.

ബഹുവർഷ പദ്ധതിയായി വിഭാവനം ചെയ്ത ലൈറ്റ് സ്ഥാപിക്കൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ മാർഗനിർദേശ പ്രകാരമല്ല നടപ്പിലാക്കിയതെന്നും കെ.എസ്.ഐ.ഇ തയാറാക്കി നൽകിയ എസ്റ്റിമേറ്റ് തുകയേക്കാൾ കൂടിയ സംഖ്യ രണ്ടാം ഗഡുവായി നൽകിയിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പരിശോധനയിൽ കണ്ടെത്തി ഓഡിറ്റ് വകുപ്പ് നഗരസഭക്ക് നൽകിയിട്ടുള്ളത്.

പരിശോധനയിൽ കണ്ടെത്തിയ അപാകതകൾ പരിഹരിക്കുന്നതുവരെ നഗരസഭ 2020-21 വർഷത്തിൽ ചെലവഴിച്ച 46,23,800 രൂപ തടഞ്ഞുവെക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിലും അവ റിപ്പയർ ചെയ്യുന്നതിലും വൻതുകയുടെ തിരിമറി നടക്കുന്നതായ എൽ.ഡി.എഫ് ആക്ഷേപം ശരിവെക്കുന്ന വിവരങ്ങളാണ് പരിശോധനാ റിപ്പോർട്ടിലൂടെ പുറത്തുവന്നിട്ടുള്ളത്.

ഇതുസംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ രൂപവത്കരിച്ച സബ്കമ്മിറ്റി തീരുമാനത്തിൽ ചെയർമാൻ വെട്ടിത്തിരുത്തൽ നടത്തിയെന്നാരോപിച്ചും രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെ വൻതുകയാണ് നഗരസഭയിൽനിന്ന് ചോർത്തിക്കൊണ്ടുപോകുന്നതെന്നും ആരോപിച്ച് ഇക്കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗം എൽ.ഡി.എഫ് മെംബർമാർ ബഹിഷ്കരിച്ചിരുന്നു.

'സുതാര്യമല്ലാത്ത തീരുമാനങ്ങളിൽനിന്നും ഭരണസമിതി വിട്ടുനിൽക്കണം'

കൊടുവള്ളി: ജനങ്ങൾ പ്രതീക്ഷയോടെ അധികാരത്തിലെത്തിച്ച കൊടുവള്ളി നഗരസഭ ഭരണസമിതി അനാവശ്യ വിവാദങ്ങൾക്ക് വഴിമരുന്നിടുന്നത് ഒഴിവാക്കണമെന്നും സുതാര്യമല്ലാത്ത തീരുമാനങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും വെൽഫെയർ പാർട്ടി

നഗരസഭ കമ്മിറ്റി ആവശ്യപ്പെട്ടു. തെരുവുവിളക്ക് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൂട്ടായ ശ്രമങ്ങൾ നടത്തുന്നതിനു പകരം അനാവശ്യ വിവാദങ്ങളുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നത്.

ഈ നില തുടർന്നാൽ ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് പാർട്ടിക്ക് പ്രക്ഷോഭരംഗത്തേക്ക് ഇറങ്ങേണ്ടിവരുമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എം.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. സൈനുൽ ആബിദ് സംസാരിച്ചു.

Tags:    
News Summary - fund irregularity in installation of street lights at Koduvalli-The audit department's findings are out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.