കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങൾ മാലിന്യമുക്ത കേരളമുണ്ടാക്കാനുള്ള പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയാൽ അവരുടെ ഫണ്ട് കുറയുമെന്ന് മന്ത്രി എം.ബി. രാജേഷ്. ഹരിത കർമസേനാംഗങ്ങൾക്കുള്ള കോർപറേഷന്റെ ഇ- ഓട്ടോ നൽകൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക്കിലെ ഇൻഡസ്ട്രി ഓൺ കാമ്പസിൽ നിർമിച്ചതാണ് ഓട്ടോകൾ. കൃത്യമായി കാര്യങ്ങൾ ചെയ്യുന്നവർക്കേ ഫണ്ട് ലഭിക്കുള്ളു. അതില്ലാത്തവർക്ക് വെട്ടിക്കുറക്കും. സമ്പൂർണ മാലിന്യമുക്തമെന്ന ലക്ഷ്യത്തിനായി മുന്നോട്ടുപോവുകയാണ്. വെറും ബോധവത്കരണം മാത്രം ഫലം ചെയ്യില്ല.
മാലിന്യം തോന്നുംപോലെ വലിച്ചെറിയുമ്പോൾ കർശന നിയമനടപടി വരും. അതിൽ പ്രതിഷേധമുണ്ടാവുമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ അറച്ചുനിൽക്കരുത്. മാലിന്യമുക്തമായി നാടാകെ മാറിയാൽ എതിർപ്പ് മാറുമെന്നും മന്ത്രി പറഞ്ഞു. കോർപറേഷൻ 75 വാർഡുകളിലും ഹരിത കർമസേനക്ക് ഇ-ഓട്ടോ നൽകുന്നത് അജൈവ മാലിന്യ ശേഖരണത്തിനായാണ്. ആദ്യഘട്ടമായി 30 എണ്ണമാണ് നൽകിയത്. ബാക്കി മാർച്ചിനകം നൽകും. നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യം കൊണ്ടുപോകാൻ വലിയവാഹനവും ഇതിനുപുറമെ വാങ്ങാൻ കോർപറേഷൻ പദ്ധതിയുമുണ്ട്. മേയർ ഡോ. ബീനഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷരായ ഒ.പി. ഷിജിന, ഡോ. എസ്. ജയശ്രീ, പി.സി. രാജൻ, പി.കെ. നാസർ, സി. രേഖ, കൗൺസിലർമാരായ കെ.സി. ശോഭിത, ഒ. സദാശിവൻ, കെ. മൊയ്തീൻകോയ, ടി. രനീഷ്, ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാൻ, അഡീ. സെക്രട്ടറി ഷെറി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.