കുന്ദമംഗലം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന് മുന്നിലെ റോഡിൽ വെള്ളം കയറിയപ്പോൾ വാഹനം തള്ളിനീക്കുന്നു

കനത്ത വേനൽമഴ, നാശനഷ്ടം; യാത്രക്കാർ ബുദ്ധിമുട്ടി

കോഴിക്കോട്: ജില്ലയിൽ മലയോരമേഖലയിൽ കനത്ത വേനൽമഴ. കാറ്റിലും മഴയിലും വിവിധയിടങ്ങളിൽ നാശനഷ്ടം. കോഴിക്കോട് നഗരത്തിൽ ഉച്ചക്ക് ശേഷം തുടങ്ങിയ മഴ വേനൽചൂടിന് ആശ്വാസമായി. മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നുവെങ്കിലും വെയിൽ മാറി പെട്ടെന്നുള്ള മഴയിൽ യാത്രക്കാർ ബുദ്ധിമുട്ടി.

കുന്ദമംഗലത്ത് നിരവധി കടകളിൽ വെള്ളം കയറി

കുന്ദമംഗലം: കനത്ത മഴയിൽ കുന്ദമംഗലം പുതിയ ബസ് സ്റ്റാൻഡിലെ ഇരുപതോളം കടകളിലും പഴയ ബസ് സ്റ്റാൻഡിലെ നാല് കടകളിലും വെള്ളം കയറി. മൊബൈൽ കട, ബേക്കറി, കൂൾബാർ, ബുക്ക്സ്റ്റാൾ, ഫാൻസി, നീതി സ്റ്റോർ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. മാലിന്യങ്ങൾ നിറഞ്ഞ വെള്ളമാണ് കടകളിലെത്തിയത്. ഡ്രെയിനേജ്‌ ബ്ലോക്ക് ആയതാണ് കടകളിലേക്ക് വെള്ളം കയറാൻ കാരണം. നിരവധി കടകൾക്ക് നാശനഷ്ടം ഉണ്ടായി. വെള്ളം കയറിയ ഭാഗങ്ങളിൽ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ഉള്ള ശ്രമം നടക്കുന്നു. ബസ് സ്റ്റാൻഡിന് പിൻഭാഗത്ത് പുതുതായി ഡ്രെയിനേജ്‌ നിർമിക്കുകയും വിവിധ ഭാഗങ്ങളിൽനിന്നും വരുന്ന വെള്ളം അതുവഴി വലിയ ഡ്രെയിനേജിലേക്ക് കടത്തിവിടുകയും ചെയ്യുകയാണെങ്കിൽ ഇത്തരത്തിൽ കടകളിലേക്കും മറ്റും വെള്ളം കയറുന്നത് ഒരു പരിധിവരെ കുറക്കാനാകും. പഴയ ബസ് സ്റ്റാൻഡിന് പിന്നിലെ കംഫർട്ട് സ്റ്റേഷൻ റോഡിൽ പൂർണമായും വെള്ളം കയറി.

കനത്ത മഴയിൽ കുറ്റ്യാടി ടൗണിൽ റോഡ് വെള്ളത്തിലായപ്പോൾ

കുറ്റ്യാടി ടൗണിൽ വെള്ളം പൊങ്ങി

കുറ്റ്യാടി: കനത്ത മഴയിൽ കുറ്റ്യാടി ടൗണിൽ മിക്ക റോഡുകളും വെള്ളത്തിലായി. നാദാപുരം റോഡിൽ ഗവ. ആശുപത്രി പരിസരം, വയനാട് റോഡ്, യതീംഖാന റോഡ് എന്നിവിടങ്ങളിലാണ് വെള്ളം പൊങ്ങിയത്. ഇതേതുടർന്ന് ഗതാഗതതടസ്സവുമുണ്ടായി. ഓവുകൾ അടഞ്ഞതാണ് വെള്ളം വാർന്നുപോകാതെ കെട്ടിക്കിടക്കാൻ കാരണം. ശക്തമായ കാറ്റിൽ ചില പരസ്യ ബോർഡുകൾ നശിച്ചു. ചെറിയകുമ്പളത്ത് ഒരു സ്ഥാപനത്തിന്റെ പരസ്യബോർഡ് തകർന്നു. ദീർഘനേരം നീണ്ടുനിന്ന ഇടിമിന്നൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി. പാലേരി കന്നാട്ടിയിൽ ഒരു വീട്ടിലെ പശുവും കിടാവും ചത്തു.

നാദാപുരം പള്ളിയുടെ ഓടുകൾ തകർന്നു

നാദാപുരം: കനത്ത മഴയിലും കാറ്റിലും നാദാപുരം ജുമുഅത്ത് പള്ളിക്ക് കേടുപാടുകൾ സംഭവിച്ചു. ചിരപുരാതനമായ പള്ളിയുടെ രണ്ടു നിലകളിലെ ഓടുകൾ തകർന്നു വീണു. വെള്ളിയാഴ്ച അസർ നമസ്കാരം കഴിഞ്ഞയുടനെയാണ് വേനൽ മഴയോടൊപ്പം എത്തിയ ശക്തമായ കാറ്റിൽ ഓടുകൾ തകർന്നു വീണത്. നിരവധി വിശ്വാസികൾ പള്ളിയിലുള്ള സമയത്താണ് അപകടം. ആളുകൾ പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു.

നാദാപുരം വലിയ പള്ളിയിലെ ഓടുകൾ കാറ്റിൽ തകർന്ന നിലയിൽ

ഓടുകൾ നീങ്ങിയതോടെ പള്ളിയുടെ ഇരു നിലകളിലും മഴ വെള്ളം തങ്ങി നിൽക്കുന്ന അവസ്ഥയിലാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ പള്ളിയിൽ അടിയന്തര ശുചീകരണ പ്രവൃത്തികൾ നടത്തി. തകർന്ന ഭാഗങ്ങളിൽ ടാർപോളിൻ ഷീറ്റുകൾ കെട്ടി താൽക്കാലിക സുരക്ഷ ഒരുക്കി. പ്രാർഥനക്ക് തടസ്സം നേരിടാതിരിക്കാൻ ഏർപ്പാടുകൾ ചെയ്തതായി പള്ളി കമ്മിറ്റി ഭാരവാഹികളായ കുരുമ്പേത്ത് കുഞ്ഞബ്ദുല്ല, കെ.എം കുഞ്ഞബ്ദുല്ല, കെ.ജി അസീസ് എന്നിവർ പറഞ്ഞു.

മരങ്ങൾ പൊട്ടിവീണു

കൊടുവള്ളി: മരങ്ങൾ പൊട്ടിവീഴുകയും വൈദ്യുതി തൂണുകൾ തകരുകയും ചെയ്തു. ഇടിമിന്നലിൽ വൈദ്യുതി ഉപകരണങ്ങൾ തകർന്നു. മടവൂർ ആരാമ്പ്രത്ത് മിൽമ ബൂത്തിന് സമീപം റോഡരികിലെ തണൽമരം കടപുഴകി റോഡിന് കുറുകെ വീണു. വൈദ്യുതി തൂണുകൾ തകർന്നു.

കിഴക്കോത്ത് പന്നൂരില്‍ തെങ്ങ് കടപുഴകി വീട് തകര്‍ന്ന് യുവതിക്ക് പരിക്കേറ്റു. പന്നൂര്‍ കണ്ടംപാറക്കല്‍ സൈനബിയുടെ വീട് തകര്‍ന്നു. സൈനബിയുടെ മകന്‍ സിദ്ദീഖിന്റെ ഭാര്യ ഷമീറക്കാണ് പരിക്കേറ്റത്. അയല്‍വാസിയുടെ പറമ്പിലെ തെങ്ങാണ് കാറ്റില്‍ നിലംപൊത്തിയത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. തേങ്ങയും മേല്‍ക്കൂരയുടെ ഓടും ഷമീറയുടെ തലയിലും ദേഹത്തും പതിക്കുകയായിരുന്നു. സൈനബി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കൊഴപ്പൻചാലിൽ ഹൈദറിന്റെ തൊഴുത്തിന് മുകളിലേക്ക് തെങ്ങ് വീണ് തൊഴുത്ത് തകർന്നു പശുവിന് പരിക്കേറ്റു. മടപ്പാട്ടിൽ, കൊഴപ്പൻചാലിൽ, ഇടവലക്കണ്ടി ഭാഗങ്ങളിൽ മരങ്ങൾ വ്യാപകമായി പൊട്ടിവീണ് വൈദ്യുതി തൂണുകൾ തകർന്നു.

പശുവും കുട്ടിയും ചത്തു

പാലേരി: ഇടിമിന്നലേറ്റ് പാലേരിയിൽ പശുവും കുട്ടിയും ചത്തു. കന്നാട്ടി നടുക്കണ്ടി സേതുവിന്റെ തൊഴുത്തില്‍ കെട്ടിയ കറവപ്പശുവും പത്തുമാസം പ്രായമായ കുട്ടിയുമാണ് ചത്തത്. വെള്ളിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ മിന്നലിലാണ് അപകടം സംഭവിച്ചത്. 75,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.




Tags:    
News Summary - Heavy summer rains and damage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.