കോഴിക്കോട്: സാമ്പത്തികമാന്ദ്യത്തിലും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിലും തളർന്ന് വ്യാപാര മേഖല. വിലക്കയറ്റം പിടിവിട്ട് ഉയർന്നതോടെ ആളുകളുടെ ക്രയവിക്രയശേഷി കുറഞ്ഞതാണ് വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് പരാതി. പൊതു വിപണിയിലെത്തുന്ന ആളുകൾ വില ചോദിച്ച് സാധനങ്ങൾ വാങ്ങാതെ ഇറങ്ങിപ്പോവുന്ന അവസ്ഥയാണ്.
വ്യാപാരം 30-40 ശതമാനം വരെ കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. തൊഴിലാളികൾക്കുള്ള കൂലിയും വാടകയും കണ്ടെത്താൻ കഴിയുന്നില്ല. കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ എല്ലാ ദിവസവും എല്ലാവർക്കും ജോലി നൽകാൻ കഴിയാതായതോടെ തൊഴിൽദിനങ്ങൾ വീതംവെച്ചുനൽകേണ്ട അവസ്ഥയിലാണ്. തൊഴിലാളികളുടെ കുടുംബം പട്ടിണിയിലാവാതിരിക്കാനാണ് പിരിച്ചുവിടാത്തതെന്നും വ്യാപാരികൾ പറയുന്നു.
പല വ്യാപാരികളും വില കൂടുന്ന ഇനങ്ങൾ വിൽപനക്കു വെക്കുന്നില്ല. ആളുകൾ വാങ്ങാത്ത സാധനങ്ങൾ എന്തിനാണ് കൂടുതൽ വില നൽകി സൂക്ഷിച്ചു വെക്കുന്നതെന്ന് വ്യാപാരികൾ ചോദിക്കുന്നു. പരിപ്പിന് 190 രൂപ വരെയാണ് വില. ബീൻസ്, പയർ, അമര, വെണ്ട, ചേന, മുരിങ്ങ എന്നീ പച്ചക്കറി ഇനങ്ങൾക്കും വിലവർധിച്ചിട്ടുണ്ട്. മുരിങ്ങക്ക് പൊതുവിപണിയിൽ 100 കടന്നു. മൈദ ചാക്കിന് ഇന്ന് 2200 രൂപ നൽകണം. മൂന്നു മാസം മുമ്പ് ഇത് 2000 രൂപയായിരുന്നു. ഇത് ഹോട്ടൽ വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നു.
ഹോട്ടലുകളിൽ ഭക്ഷണത്തിന് വിലകൂട്ടി വിൽക്കാതെ മുന്നോട്ടുപോകാൻ കഴിയില്ല. മാർക്കറ്റിൽ എല്ലാ സാധനങ്ങൾക്കും വില കൂടുകയാണ്. മുട്ടവില ആറു രൂപയിലെത്തി. കോഴിയിറച്ചി 220 ആയി. പരിപ്പ് 180 രൂപയായി. കുറഞ്ഞ ചെലവിൽ സാമ്പാർ ഉണ്ടാക്കിക്കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ഉഴുന്ന് കിലോക്ക് 120 രൂപയാണ് ഇന്ന് വില. പത്തും 12ഉം രൂപക്ക് ഉഴുന്നുവട വിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. രണ്ടു മാസത്തിനിടെ 311 രൂപയാണ് വാണിജ്യ ഗ്യാസിന് വർധിച്ചത്. കേരളത്തിലെ 20 ശതമാനം ഹോട്ടലുകളേ ഇന്ന് ലാഭത്തിൽ ഓടുന്നുള്ളൂ. 30 ശതമാനം വ്യാപാരം കുറഞ്ഞു. കുടുംബങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിക്കാൻ വരുന്നത് വളരെ കുറവാണ്. ആളുകൾ ചെലവ് കുറച്ച് ഭക്ഷണം കഴിക്കുന്ന രീതിയാണ് ഇപ്പോൾ സ്വീകരിക്കുന്നത്. വിലക്കയറ്റവും വ്യാപാരം കുറയുന്നതും മേഖലയെ പ്രതിസന്ധിയിലാക്കുകയാണ്.
സുഗുണൻ-(കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്)
സാധനങ്ങളുടെ വില വർധിക്കുമ്പോൾ ഒരു കിലോ വാങ്ങുന്നിടത്ത് ഇപ്പോൾ 500 ഗ്രാം വാങ്ങി മടങ്ങുകയാണ് പലരും. കൂലി, കെട്ടിടവാടക, വൈദ്യുതി ചാർജ്, വെള്ളക്കരം തുടങ്ങി വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അടിസ്ഥാന ചെലവുകൾപോലും കണ്ടെത്തുന്നതിന് സാധിക്കുന്നില്ല. ചെറുകിട വ്യാപാരികൾ തൊഴിലാളികളെ ഒഴിവാക്കുന്ന അവസ്ഥയാണ്. കൂടുതൽ പേർക്ക് തൊഴിൽ നൽകിയിരുന്ന സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധി കാരണം തൊഴിലാളികൾക്ക് തൊഴിൽദിനങ്ങൾ വീതിക്കുന്ന സാഹചര്യത്തിലേക്ക് വ്യാപാരികൾ മാറി. വൻകിട സൂപ്പർ മാർക്കറ്റുകൾ ബൾക്കായി സാധങ്ങൾ എടുത്ത് വൻ ഓഫർ കൊടുക്കുന്നതും ചെറുകിട വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്നു.
വി. സുനിൽകുമാർ-(വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ)
വില കൂടിയ പല സാധനങ്ങളും കടയിൽ കൊണ്ടുവെക്കാറില്ല. അവ ആളുകൾ വാങ്ങില്ല എന്നതാണ് കാരണം. സൂപ്പർ മാർക്കറ്റുകളിൽ ആളുകൾ വില ചോദിക്കില്ല. ട്രോളികളിൽ സാധനങ്ങൾ എടുത്തിട്ട് ബില്ലടിച്ച് ആളുകൾ പോവും. എന്നാൽ, നാട്ടിൻപുറത്തെ കടകളിൽ വില ചോദിച്ചതിനുശേഷമാണ് ആളുകൾ സാധനങ്ങൾ വാങ്ങുക. വില കൂടുതലാണെന്നറിഞ്ഞതിനാൽ അവർ സാധനങ്ങൾ വാങ്ങാതെ പോവും. അതിനാൽ വിലകൂടിയ സാധനങ്ങൾ വിൽപനക്കു വെക്കാറില്ല. വ്യാപാരികൾക്ക് പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയാണ്.
റഫീഖ് കിഴുവന- (വ്യാപാരി)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.