മുക്കം: 2024 ഓടെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അമൃത് - ജൽജീവൻ മിഷൻ പദ്ധതികൾ നാട്ടുകാർക്ക് സമ്മാനിക്കുന്നത് ദുരിതം മാത്രം. നഗരസഭയിൽ അമൃത് 2 എന്ന പേരിലും ഗ്രാമപഞ്ചായത്തുകളിൽ ജൽജീവൻ മിഷൻ എന്ന പേരിലും പദ്ധതി നടപ്പാക്കിവരുന്നുണ്ടെങ്കിലും മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളിൽ ജനങ്ങൾക്ക് വലിയ ദുരിതമാണ് പദ്ധതിമൂലം ഉണ്ടായിട്ടുള്ളത്. മുക്കം നഗരസഭയിൽ പകുതി ഡിവിഷനുകളിൽ മാത്രമാണ് ആദ്യഘട്ടത്തിൽ പദ്ധതി ആരംഭിക്കുന്നത്.
ഇതിന്റെ ഭാഗമായി പി.സി ജങ്ഷൻ - മുക്കം ഹൈസ്കൂൾ റോഡ്, പി.സി ജങ്ഷൻ - മാമ്പൊയിൽ - മുക്കം ബൈപാസ് എന്നീ റോഡുകൾ വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ചെങ്കിലും റോഡുകൾ പൂർവ സ്ഥിതിയിലാക്കിയിട്ടില്ല. ഇതോടെ മുക്കം ഹൈസ്കൂൾ, ലയനം സ്കൂൾ ഓഫ് ഫൈൻ ആർട്സ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള നിരവധി വിദ്യാർഥികളും വാഹനങ്ങളും അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല.
കാരശ്ശേരി പഞ്ചായത്തിൽ 100 കിലോമീറ്ററോളം പൈപ്പിടാൻ ഉള്ളതിൽ 10 കിലോമീറ്റർ റോഡ് പൂർവസ്ഥിതിയിലാക്കാനുള്ള നിർദേശം മാത്രമേ അധികൃതർക്ക് ഉള്ളൂവെന്നും യാതൊരു പഠനവും നടത്താതെയാണ് ജല അതോറിറ്റിയുടെ പ്രോജക്ട് ഡിവിഷൻ പദ്ധതി സമർപ്പിച്ചതെന്നും ഗ്രാമപഞ്ചായത്തംഗം സത്യൻ മുണ്ടയിൽ പറഞ്ഞു. റോഡ് റീ സ്റ്റോറേഷനുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സംസാരിക്കുമ്പോൾ ഓൺലൈൻ യോഗത്തിൽ മാത്രമേ പങ്കെടുക്കാൻ സാധിക്കൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കരാറുകാരാണെങ്കിൽ അവർക്ക് അനുവദിച്ച തുകയിൽ കൂടുതൽ ചെലവഴിച്ചതിനാൽ ഇനി പ്രോജക്ട് റിവിഷൻ നടത്തിയാൽ മാത്രമേ പണി തുടങ്ങാൻ സാധിക്കൂ എന്ന നിലപാടിലുമാണ്.
ഫലത്തിൽ നാട്ടുകാർക്ക് എന്ത് മറുപടി നൽകുമെന്ന ആശങ്കയിലാണ് ജനപ്രതിനിധികൾ. കാരശ്ശേരി പഞ്ചായത്തിലെ മുക്കം കടവ് ആനയാംകുന്ന് റോഡിൽ ജൽജീവൻ മിഷൻ പദ്ധതിക്കായി പൈപ്പുകൾ ഡ്രൈനേജിൽ ഇറക്കിയതോടെ നാട്ടുകാർ ദുരിതത്തിലായിരിക്കുകുകയാണ്.
പദ്ധതിക്കായി ഒമ്പത് മാസം മുമ്പാണ് കരാറുകാർ പൈപ്പ് ഇറക്കിയത്. ഡ്രെയിനേജിൽ പൈപ്പ് ഇറക്കുന്നതിനെതിരെ അന്നുതന്നെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. മഴ പെയ്തതോടെ ഡ്രെയിനേജിൽ ചളിയും മറ്റു മാലിന്യങ്ങളും അടഞ്ഞു വെള്ളം റോഡിലൂടെ ഒഴുകുന്ന സ്ഥിതിയിലാണ്. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓവുചാലുകളും മറ്റും വൃത്തിയാക്കുന്ന ഈ സമയത്ത് പൈപ്പ് ഉള്ളതു കാരണം ആ പ്രവൃത്തി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. പഞ്ചായത്തിലെ പല സ്ഥലത്തും ഇതാണ് അവസ്ഥ.
പദ്ധതിയിലെ മെല്ലെപ്പോക്കും ആസൂത്രണമില്ലായ്മയും ജനങ്ങൾക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. കുത്തിപ്പൊളിച്ച റോഡുകളിൽ ചളിയും വെള്ളവും നിറഞ്ഞ് ഗതാഗതം പ്രതിസന്ധിയിലായിരിക്കുകയാണ്. സ്കൂളുകൾകൂടി തുറന്നതോടെ ദുരിതം ഇരട്ടിയായി മാറി. മേഖലയിലെ പല റോഡുകളുടെയും അരികിലായി പദ്ധതിക്ക് വേണ്ടി സ്ഥാപിക്കേണ്ട പൈപ്പുകൾ മാസങ്ങളായി ഇറക്കിയിട്ടതും യാത്രക്കാർക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനായി ആരംഭിച്ച ജൽജീവൻ മിഷൻ പദ്ധതി പ്രകാരം വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ നടപടിയാവശ്യപ്പെട്ട് വീണ്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് അപേക്ഷ നൽകിയിരിക്കുകയാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്.
റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസങ്ങളായെങ്കിലും പൂർവസ്ഥിതിയിലാക്കാൻ പൊതുമരാമത്ത് വകുപ്പും കരാർ കമ്പനിയും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി വീണ്ടും മന്ത്രിയെ സമീപിച്ചത്. നേരത്തേ വകുപ്പ് മന്ത്രിക്കും കോഴിക്കോട് വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർക്കും അപേക്ഷ നൽകിയിരുന്നു. എന്നാൽ, യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഈ പ്രതിഷേധം മറയാക്കി ബാക്കിയുള്ള 40 കിലോമീറ്റർ ദൂരം പൈപ്പിടൽ നിർത്തിവെച്ചിരിക്കുകയാണ്.
നിർത്തിവെച്ച ഭാഗത്ത് പൈപ്പിടുന്നതിന് സഹായമഭ്യർഥിച്ച് വാട്ടർ അതോറിറ്റി ഇപ്പോൾ ഗ്രാമപഞ്ചായത്തിന് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ, നേരത്തേ നടന്ന പ്രവൃത്തിയുടെ ഭാഗമായി പൊളിച്ചിട്ട റോഡുകൾ പൂർവസ്ഥിതിയിലാക്കിയിട്ട് മതി ബാക്കി പ്രവൃത്തിയെന്നാണ് ഭരണസമിതി തീരുമാനമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു പറഞ്ഞു.
ശക്തമായ മഴയിൽ റോഡിൽ ബോളറുകൾ ഉൾപ്പെടെ ഒലിച്ചിറങ്ങി പരിതാപകരമായ അവസ്ഥയാണ്.
ഈ സാഹചര്യത്തിൽ വെട്ടിപ്പൊളിച്ച റോഡുകൾ ഉടൻ പൂർവസ്ഥിതിയിലാക്കണമെന്നും ഭരണസമിതി മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്തിൽ 17 പ്രധാന റോഡുകളാണ് ഇനിയും പൂർവ സ്ഥിതിയിലാക്കാതെ കിടക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.