എലത്തൂർ: എലത്തൂർ മണ്ഡലം സീറ്റ് യു.ഡി.എഫ് ഘടക കക്ഷിയായ ജനതാദളിന് നൽകാനുള്ള നീക്കത്തിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കെ.പി.സി.സി പ്രസിഡൻറിന് കത്തയച്ചു. മുന്നണി സംവിധാനത്തിെൻറ ഭാഗമായി മണ്ഡലത്തിൽ ജനതാദളിന് കഴിഞ്ഞ രണ്ടു തവണയും സീറ്റ് നൽകാൻ തീരുമാനമുണ്ടായപ്പോഴും എതിർപ്പില്ലായിരുന്നെങ്കിലും ഇത്തവണ രണ്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറുമാരാണ് വ്യാഴാഴ്ച പ്രവർത്തകരുടെ എതിർപ്പ് ചൂണ്ടിക്കാണിച്ച് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് കത്തയച്ചത്.
എലത്തൂർ ബ്ലോക്ക് പ്രസിസൻറ് കെ.ടി. ശ്രീനിവാസനും ചേളന്നൂർ ബ്ലോക്ക് പ്രസിസൻറ് ടി.കെ. രാജേന്ദ്രനും കത്തയച്ചതോടെ കോൺഗ്രസ് സ്ഥാനാർഥി ഇത്തവണ മണ്ഡലത്തിൽ മത്സരിക്കുമെന്ന സൂചന നൽകിക്കഴിഞ്ഞു.2011, 2016ൽ യു.ഡി.എഫിെൻറ ഘടകകക്ഷിയായിരുന്ന ജനതാദൾ എലത്തൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിച്ചത് യഥാക്രമം ഷേക്ക് പി. ഹാരിസും കിഷൻ ചന്ദുമായിരുന്നു.
ജനതാദൾ പിളർപ്പിനുശേഷം മണ്ഡലത്തിൽ നൂറുപ്രവർത്തകർപോലും ഇല്ലെന്നാണ് കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. തോറ്റ ഷേക്ക് പി. ഹാരിസും കിഷൻ ചന്ദും ഇപ്പോൾ എൽ.ഡി.എഫിലാണ്. ഈ സീറ്റ് വീണ്ടും ഘടകകക്ഷികൾക്ക് കൊടുത്താൽ എലത്തൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പാർട്ടി ഇല്ലാതാകുമെന്നും പ്രവർത്തകരുടെ വികാരം മാനിക്കണമെന്നും ഉയർത്തിക്കാട്ടിയാണ് കത്തയച്ചത്. മണ്ഡലത്തിൽ താമസക്കാരനും പൊതുപ്രവർത്തകരും ജനങ്ങളുമായി ബന്ധമുള്ള ജനസമ്മതനായ ഏത് കോൺഗ്രസ് നേതാവിനെയും അംഗീകരിക്കുമെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.