കോഴിക്കോട്: എന്നും വാഴുന്നോളാവാനാണ് കാനത്തിൽ ജമീലയുടെ നിയോഗം. സാക്ഷരത പ്രവർത്തനത്തിലൂടെ പൊതുരംഗത്തെത്തിയ ജമീലയെ ജയിച്ചു ചെന്നിടത്തെല്ലാം കാത്തിരുന്നുത് അധ്യക്ഷക്കസേര. നാലുതവണയാണ് തദ്ദേശസ്ഥാപനങ്ങളിലേക്ക് മത്സരിച്ചത്. തോൽവിയറിഞ്ഞില്ലെന്ന് മാത്രമല്ല കന്നിയങ്കം മുതൽ പ്രസിഡൻറാണ്. രണ്ടാം തവണ കോഴിക്കോട് ജില്ല പഞ്ചായത്തിെൻറ സാരഥ്യത്തിലേക്ക് വരുേമ്പാൾ അനുഭവത്തികവേറെയുണ്ട് കുറ്റ്യാടി ചെറിയ കുമ്പളം ടി.കെ. ആലിയുടെയും മറിയത്തിെൻറയും മകൾക്ക്. കുറ്റ്യാടി ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ എസ്.എഫ്.െഎ സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചു. പിന്നെ സജീവ രാഷ്്ട്രീയപ്രവർത്തനത്തിൽ വരുന്നത് 90കളിൽ സാക്ഷരത പ്രവർത്തനത്തിലൂടെ.
1981ൽ തലക്കുളത്തൂർ കാനത്തിൽ അബ്ദുറഹ്മാെൻറ ഭാര്യയായത് പൊതുരംഗത്തിറങ്ങാൻ തുണയായി. അതിലേറെയായിരുന്നു ഭർതൃമാതാവിെൻറ പിന്തുണ. സാമൂഹികപ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യവും തികഞ്ഞ മതേതരബോധവുമുള്ള കുടുംബം കൂടെ നിന്നതോടെ കാനത്തിൽ ജമീല എന്ന നേതാവ് പിറന്നു. 95ൽ ആദ്യമായി തലക്കുളത്തൂർ പഞ്ചായത്തിലേക്ക് മത്സരിച്ചു. കന്നിക്കാരിയെ കാത്തിരുന്നത് പ്രസിഡൻറിെൻറ കസേര. അടുത്ത ഊഴത്തിൽ തലക്കുളത്തൂർ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ (2000- 2005), 2005ൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച് പ്രസിഡൻറായി. 2010ലാണ് ആദ്യമായി ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ചത്്. ഇവിടെയെത്തിയപ്പോഴും പ്രസിഡൻറ് പദവി. ഇത്തവണയും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആരാവണമെന്ന കാര്യത്തിൽ മുന്നണിയിലോ പാർട്ടിയിലോ മറ്റൊരാലോചനയുണ്ടായില്ല.
മഹിളകളുടെ ക്ഷേമത്തിനെന്നും ഒരു പണത്തൂക്കം മുന്നിലാണ് പരിഗണന. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വരുന്ന നല്ലതല്ലാത്ത വാക്കും നോക്കും പൊറുക്കില്ല. എല്ലാ അതിക്രമങ്ങൾക്കെതിരെയും ശക്തമായി പ്രതികരിക്കും. മുന്നിൽനിന്ന് സമരം നയിക്കും. ഭരണ മികവിലുപരി സാന്ത്വനപ്രവർത്തനങ്ങളിലെ ഇടപെടൽ കഴിഞ്ഞ ഊഴത്തിൽ ശ്രദ്ധേയമായി. വൃക്കരോഗികളെ സഹായിക്കാൻ ജില്ല പഞ്ചായത്ത് ജനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കിയ സ്നേഹസ്പർശം പദ്ധതിയാണ് ഹിറ്റായത്. പിന്നീട് സംസ്ഥാന സർക്കാർ അത് ഏറ്റെടുത്തു. ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് സംസ്ഥാനത്ത് ആദ്യമായി സ്പന്ദനം എന്നപേരിൽ ആശുപത്രി തുടങ്ങിയതും സാന്ത്വന മേഖലയിലെ ക്രിയാത്മക ഇടപെടലിന് ഉദാഹരണമായി.
22 മേഖലകളിലായി സാമൂഹിക പുരോഗതി ലക്ഷ്യംവച്ചുള്ള 137 കർമപരിപാടികളാണ് പുതിയ ഭരണസമിതി നടപ്പാക്കാൻ പോകുന്നതെന്ന് ജമീല പറയുന്നു. കാർഷിക ഉൽപാദനം വർധിപ്പിക്കാനും പദ്ധതികളുണ്ട്. കോവിഡ് കാലത്ത് സാമ്പത്തികമായി പ്രതിസന്ധിയിലായ കുടുംബങ്ങളെ ചെറുസംരംഭം തുടങ്ങാൻ സഹായിക്കുന്ന വിപുലമായ പദ്ധതികൾക്ക് ഇത്തവണ പ്രഥമപരിഗണന നൽകും.
മുൻപ്രവാസിയാണ് ഭർത്താവ് അബ്ദുറഹ്മാൻ. മകൻ: ഐറിജ് റഹ്മാൻ അമേരിക്കയിലാണ്. മകൾ: അനൂജ സഹദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.