വെള്ളിമാട്കുന്ന്: ദുബൈയിൽനിന്നെത്തുന്ന സാഹിറാ ബാനുവിനും മക്കളായ ലഹൻ മുഹമ്മദ്, മർയ ബിൻത് മുഹമ്മദ്, അസം മുഹമ്മദ് എന്നിവർക്കും വേണ്ടി ക്വാറൻറീനിലിരിക്കാൻ ഒരുക്കിയ വെള്ളിമാട്കുന്നിലെ ഭർതൃവീട് എഴുത്തശ്ശൻ കണ്ടി നിമിഷങ്ങൾക്കകം മരണവീടായി മാറിയത് ഒരു വർഷം തികഞ്ഞിട്ടും മറക്കാൻ കഴിയുന്നില്ല നാട്ടുകാർക്കും ബന്ധുക്കൾക്കും.
കരിപ്പൂരിൽ വിമാനാപകടത്തിൽ മരിച്ച കക്കാട് സ്വദേശിനി സാഹിറയുടെയും മകൻ അസം മുഹമ്മദിന്റെയും ഓർമകൾ ഇന്നും ഉള്ളുപൊള്ളിക്കുകയാണ്. ദുൈബയിൽ അൽഖത്താൽ കമ്പനിയിൽ അക്കൗണ്ടൻറായ ഭർത്താവ് മുഹമ്മദ് നിജാസിനോടൊപ്പം എട്ടു വർഷത്തിലേറെയായി പ്രവാസ ജീവിതം നയിക്കുകയായിരുന്നു സാഹിറ. ഗൾഫ് ജീവിതത്തിന് വിരാമമിട്ട് ശേഷിക്കുന്നകാലം ബന്ധുക്കളോടൊപ്പം നാട്ടിൽ ജീവിക്കാമെന്ന തീരുമാനവുമായി മൂന്ന് മക്കളോടൊന്നിച്ച് യാത്രപോന്നതായിരുന്നു.
ദുൈബയിൽ വിമാനം കാത്തിരിക്കുേമ്പാൾ മൂത്ത മകൻ ലഹൻ ചെറിയ മകൻ അസമിനെ ഉമ്മ വെക്കുന്ന ചിത്രങ്ങൾ മൊബൈൽ കാമറയിൽ പകർത്തി നാട്ടിലെ ബന്ധുക്കൾക്ക് വാട്സ്ആപ് വഴി സാഹിറ അയച്ചുനൽകിയിരുന്നു. അനിയനെ ചേർത്തുപിടിച്ച് കവിളിൽവെച്ച ആ സ്നേഹചുംബനങ്ങൾ അസം മുഹമ്മദിന്റെ അവസാനയാത്രയുടേതായി.
യു.എ.ഇയിലെ മുക്കം കക്കാട് നിവാസികളുടെ സാംസ്കാരിക കൂട്ടായ്മയായ കടവിന്റെ സജീവ പ്രവർത്തകയായിരുന്നു സാഹിറ. മികച്ച സംഘാടകയായിരുന്നു സാഹിറയെന്ന് ദുൈബയിലെ സുഹൃത്തുക്കൾ ഓർക്കുന്നു. റിട്ട. പ്രധാനാധ്യാപകനായ മഞ്ചറ മുഹമ്മദ് അലിയുടെയും സക്കീനയുടെയും മകളായ സാഹിറ ആതുര ശുശ്രൂഷാരംഗത്തെ താൽപര്യം കാരണം ഫാർമസിസ്റ്റാകുകയായിരുന്നു. സഹോദരങ്ങളായ സജ്ജാദ് ഹുസൈനും സറാഫത്ത് അലിയും ഷെറിൻ തസ്നീമും ഡോക്ടർമാരാണ്. സഹോദരങ്ങളായ സഫീറയും സാഹിറയും ഫാർമസിസ്റ്റുകൾ. ആയുർവേദ ഫാർമസിസ്റ്റായിരുന്ന സാഹിറക്ക് നേരത്തേ സർക്കാർ ജോലിക്ക് അവസരം വന്നതാണ്. പി. എസ്.സി. നിയമന ലിസ്റ്റിൽ സാഹിറയുടെ തൊട്ടടുത്ത നമ്പറിലുള്ള ഉദ്യോഗാർഥി നിർധന കുടുംബത്തിലെ പെൺകുട്ടിയായിരുന്നു. സ്വന്തത്തേയും ആ കുട്ടിയുടെ ഭാവിയെയും തുലനം ചെയ്തപ്പോൾ സാഹിറക്ക് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. പാവപ്പെട്ട പെൺകുട്ടിക്ക് സാഹിറ വഴിമാറിക്കൊടുക്കുകയായിരുന്നു. സർക്കാർ ജോലിയിൽ പ്രവേശിക്കുക എന്നത് സാഹിയുടെ ആഗ്രഹമായിരുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തീകരിക്കാനുള്ള മോഹവുമായിട്ടായിരുന്നു നാടണഞ്ഞത്.
അപകടം വിതച്ച ആഘാതത്തിൽ നിന്ന് മോചിതനാകാതെ അശ്റഫ്
നാദാപുരം: നാടിനെ നടുക്കിയ കോഴിക്കോട് വിമാന ദുരന്തത്തിന് നാളെ ഒരു വർഷം തികയുന്നു. ദുരന്തത്തിൽ പരിക്കേറ്റവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭ്യമായില്ല. കഴിഞ്ഞ വർഷം ആഗസ്റ്റ് ഏഴിന് വൈകീട്ടാണ് കരിപ്പൂരിൽ 22 പേരുടെ മരണത്തിനും നിരവധി പേർക്ക് ഗുരുതര പരിക്കിനും ഇടയാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടം നടന്നത്. വിമാനയാത്രികനായ നാദാപുരം ഇയ്യങ്കോട്ടെ മൂടോറ അശ്റഫ് അപകടം വിതച്ച ആഘാതത്തിൽ നിന്ന് ഇതുവരെ മോചിതനായിട്ടില്ല. പരിക്കേറ്റ് പന്ത്രണ്ട് ദിവസം അബോധാവസ്ഥയിലായിരുന്നു.
ആദ്യം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മൂന്നു മാസത്തോളം നടത്തിയ ചികിത്സക്ക് ശേഷമാണ് വീട്ടിൽ എത്താനായത്. ചികിത്സ ഇപ്പോഴും തുടരുകയാണ്. കാൽപാദത്തിനുള്ളിലെ കാലസ് നീക്കം ചെയ്തതോടെ ഒരു കാലിെൻറ സ്വതന്ത്ര ചലനം നഷ്ടമായി. ഇതോടെ കാലിൽ പൂർണ വൈകല്യം ബാധിച്ചിരിക്കുകയാണ്. അപകട സമയത്ത് കേന്ദ്ര സംസ്ഥാന സർക്കാറുകൾ വിവിധ സഹായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുെന്നങ്കിലും ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. ചികിത്സക്കായി വിമാനക്കമ്പനി നൽകിയ സഹായം മാത്രമാണ് ഇവർക്ക് ആശ്വാസമായിട്ടുള്ളത്.
ഇൻഷൂർ ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ചികിത്സ പൂർത്തിയായാൽ മാത്രമേ ലഭ്യമാക്കൂ എന്നതാണ് എയർലൈൻ അധികൃതരുടെ നിലപാടെന്നും അശ്റഫ് പറഞ്ഞു.
ഷാർജയിൽ കഫറ്റീരിയ ജീവനക്കാരനായിരുന്നു അശ്റഫ്. ഒരു വർഷമായി ജോലിയില്ലാതെ വീട്ടിലായതോടെ ഭാര്യയും മാതാവും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിെൻറ ബജറ്റുകൾ താളംതെറ്റുകയാണ്. ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും ഇടപെടലുകൾ ഉണ്ടാവണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.