കോഴിക്കോട്: മെട്രോ റെയിൽ പദ്ധതി നടപ്പാക്കുമെന്നും വിദ്യാഭ്യാസ കോംപ്ലക്സ് സ്ഥാപിക്കുമെന്നതുമാണ് നഗര ഹൃദയമുൾപ്പെട്ട കോഴിക്കോട് നോർത്ത്-സൗത്ത് മണ്ഡലങ്ങൾക്ക് ലഭിച്ച പ്രധാന വാഗ്ദാനങ്ങൾ. വിദ്യാഭ്യാസ കോംപ്ലക്സ് വന്നാൽ നഗരത്തിലെ വിദ്യാഭ്യാസ ഓഫിസുകളെല്ലാം ഒറ്റക്കുടകീഴിലാവും. മാനാഞ്ചിറയിലെയും എരഞ്ഞിപ്പാലത്തെയും ഉപജില്ലാ ഓഫിസുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനമേധാവികളും ഒറ്റ സമുച്ചയത്തിൽ വന്നാൽ ആവശ്യക്കാർക്ക് ആശ്വാസമാവും. നഗരത്തിൽ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ മറ്റെന്തെങ്കിലും കാര്യത്തിന് ഉപയോഗിക്കാനുമാവും.
കോഴിക്കോട് മെഡിക്കൽ കോളജിലെ ഓങ്കോളജി ആൻഡ് ടെറിഷ്യറി കെയർ സെന്ററിൽ ഉപകരണങ്ങൾ വാങ്ങുക, വെള്ളയിൽ ഹാർബറിൽ ഫിഷ് ലാൻഡിങ് സെന്റർ സ്ഥാപിക്കുക, നടക്കാവ് ടി.ടി.ഐ കോമ്പൗണ്ടിൽ വിദ്യാഭ്യാസ കോംപ്ലക്സ് എന്നിവയാണ് ബജറ്റിൽ നോർത്ത് മണ്ഡലത്തിന് വാഗ്ദാനമായി ലഭിച്ചത്. വിദ്യാഭ്യാസ കോംപ്ലക്സിന് അഞ്ചുകോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. തോപ്പയിൽ ജി.എൽ.പി സ്കൂളിനും കണ്ണാടിക്കൽ വരദൂർ സ്കൂളിനും കെട്ടിടസമുച്ചയം പണിയാൻ ഒരു കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്.
തകർന്ന കാരപ്പറമ്പ് നെല്ലികാവ് റോഡിന് ഒന്നേമുക്കാൽ കോടിരൂപ കിട്ടി. മാവിളിക്കടവ് തണ്ണീർപന്തൽ ഡ്രൈനേജ് നിർമിക്കുന്നതിന് ഒരുകോടി രൂപയുണ്ട്. നെടുകുളം പുഞ്ച-പൂനൂർപുഴ തോട് നിർമാണത്തിന് 75 ലക്ഷം രൂപയും കോട്ടൂളി നേതാജി ജങ്ഷൻ മുതൽ കുറ്റ്യാടി ഇറിഗേഷൻ കനാൽ വരെ തോട് നിർമാണത്തിന് 75 ലക്ഷം രൂപയും മാറ്റിവച്ചിട്ടുണ്ട്. മെട്രോ റെയിൽ പദ്ധതി, വിദ്യാഭ്യാസ കോംപ്ലക്സ് എന്നിവ നഗരത്തിന്റെ മുഖം മാറ്റുമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പറഞ്ഞു. സൗത്ത് മണ്ഡലത്തിനായി അനുവദിച്ച പത്ത് കോടി രൂപയാണ്.
പയ്യാനക്കൽ പട്ടർതൊടിയിൽ കളിസ്ഥലം പണിക്ക് അഞ്ചു കോടി രൂപയും വെസ്റ്റ് കല്ലായി പള്ളിക്കണ്ടി പുഴയ്ക്ക് സമീപം കളിസ്ഥലത്തിനായി അഞ്ച് കോടി രൂപയും അനുവദിച്ചു. കോഴിക്കോട് മെട്രോപൊളിറ്റൻ നഗരമായി വികസിക്കുന്നതിന് ബജറ്റ് വഴിയിടുമെന്നും പുതുതലമുറക്കും പരിഗണന ലഭിച്ചതായും അഹമ്മദ് ദേവർ കോവിൽ എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.