കോഴിക്കോട്: മാനാഞ്ചിറ കിഡ്സൺ കോർണറിലെ പഴയ സത്രം കെട്ടിടം പൊളിക്കൽ പൂർണമായി. കെട്ടിടത്തിന്റെ അസ്തിവാരവും പൊളിച്ച അവശിഷ്ടങ്ങളും ഇനിയും മാറ്റാനുണ്ട്. ഒരു മാസത്തിനകം അവശിഷ്ടങ്ങൾ മാറ്റാനാവുമെന്നാണ് പ്രതീക്ഷ.
കെട്ടിടം പൊളിയുടെ അവസാന ഘട്ടത്തിൽ കഴിഞ്ഞ ദിവസം അവശിഷ്ടങ്ങൾ തൊട്ടടുത്ത സെൻട്രൽ ലൈബ്രറി കെട്ടിടം വളപ്പിലേക്ക് വീണ് ജനറേറ്ററിന് കേട് പറ്റിയിരുന്നു. നഷ്ടം ആവശ്യപ്പെട്ട് ലൈബ്രറി അധികൃതർ കോർപറേഷന് കത്ത് നൽകി. മിഠായിതെരുവിലെ കസേരകളും മറ്റും സംരക്ഷിക്കാതെയാണ് പൊളി നടക്കുന്നതെന്ന് പരാതിയുയർന്നിട്ടുണ്ട്.
കെട്ടിടം പൊളി അവസാനഘട്ടത്തിലെത്തിയതോടെ പാർക്കിങ് പ്ലാസ പണിയാനുള്ള കരാർ പെട്ടെന്ന് ഒപ്പിടാനാവുമെന്നാണ് പ്രതീക്ഷ. കരാർ ഒപ്പുവെച്ചാൽ എതാനും മാസത്തിനകം തറക്കല്ലിടൽ നടക്കുമെന്ന് മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപനമുണ്ടായെങ്കിലും പൊളി വളരെ സാവധാനമാണ് നടക്കുന്നതെന്ന് തുടക്കത്തിലേ പരാതിയുയർന്നിരുന്നു.
കഴിഞ്ഞ കൊല്ലം കരാറുകാർ കെട്ടിടം പൊളിക്കാൻ നടപടി തുടങ്ങിയെങ്കിലും ബിൽഡിങ്ങിലുള്ള കടക്കാരെ ഒഴിപ്പിക്കുന്നതിൽ വന്ന കാലതാമസം പൊളിക്ക് തടസ്സമായി. മാർച്ചിൽ എല്ലാവരെയും ഒഴിപ്പിച്ച് കെട്ടിടം കാലിയായിട്ടും പൊളി തീർക്കാനായില്ല. തിരക്കുള്ള സ്ഥലമായതിനാൽ രാത്രിയാണ് കാര്യമായി പൊളിക്കൽ നടത്തിയത്. 320 കാറും 184 ബൈക്കും നിർത്താൻ കഴിയുന്ന പാർക്കിങ് പ്ലാസക്കാണ് കോർപറേഷൻ പദ്ധതി.
മാനാഞ്ചിറയും മിഠായിത്തെരുവും സംഗമിക്കുന്ന, നഗരം ഒത്തുകൂടുന്ന സ്ഥലത്തിന് കിഡ്സൺ കോർണർ എന്ന് വിളിക്കാൻ തുടങ്ങിയത് ഇപ്പോൾ പൊളിച്ച കെട്ടിടത്തിൽ പ്രവർത്തിച്ച സ്ഥാപനത്തിന്റെ പേരു ചേർത്തായിരുന്നുവെന്ന് പഴയ തലമുറ ഓർക്കുന്നു.
കോർപറേഷൻ പണിത സത്രം ബിൽഡിങ്ങിൽ പ്രവർത്തിച്ച കിഡ്സൺ ടൂറിസ്റ്റ് ഹോമിന്റെ പേര് കവലക്കും കിട്ടി. കിഡ്സൺ എന്നതിന്റെ പൂർണ രൂപം ‘കോരപ്പറമ്പിൽ ഇമ്പിച്ചി ദമയന്തി സൺസ്’ എന്നായിരുന്നു. കിഡ്സൺകാരുടെ ബ്രെഡ് അന്ന് പേരുകേട്ടതായിരുന്നു.
കിഡ്സൺ ടൂറിസ്റ്റ് ഹോം പിന്നീട് കെ.ടി.ഡി.സിയുടെ മലബാർ മാൻഷന് വേണ്ടി ലീസിന് നൽകി. തുടർന്ന് കെട്ടിടം കോർപറേഷൻ ഒഴിപ്പിച്ചെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.