കൊടുവള്ളി: സൈക്കിള്‍ പോളോയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും മികവ് തെളിയിച്ച് ദേശീയ അംഗീകാരം നേടിയ 15 കാരന് ഷാനിദിന് സ്വന്തമായി വീടെന്നത് പൂവണിയാത്ത സ്വപ്നമായി മാറുന്നു. സ്കൂള്‍ കായിക രംഗത്ത് സംസ്ഥാനതലത്തില്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ നേടിയ ഈ മിടുക്കന് ചക്കാലക്കല്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സൈക്കിള്‍ പോളോയില്‍ ആകൃഷ്ടനായി പരിശീലനം തുടങ്ങിയ ഷാനിദ് ആദ്യമായി കര്‍ണാടകയില്‍ നടന്ന സൗത്ത് സോണ്‍ മത്സരത്തില്‍ പങ്കെടുത്താണ് സ്വര്‍ണ മെഡൽ കരസ്ഥമാക്കിയത്. കേരള അസോസിയേഷന് ടീമിന് വേണ്ടി 2024ല്‍ മഹാരാഷ്ട്രയില്‍ നടന്ന ദേശീയ മത്സരത്തി ഷാനിദിന്റെ മികച്ച മുന്നേറ്റത്തില്‍ കേരള ടീം മൂന്നാം സ്ഥാനം ഉറപ്പിച്ചു.
ആരാമ്പ്രം ജി.എം യു.പി സ്കൂളില്‍ പഠിക്കുമ്പോഴാണ് സൈക്കിള്‍ പോളോയില്‍ കമ്പം കയറി പരിശീലനം തുടങ്ങിയത്. കുട്ടിയുടെ കഴിവ് ശ്രദ്ധയില്‍ പെട്ടതോടെയാണ് ചക്കാലക്കല്‍ സ്കൂളിലെ അധ്യാപികയായ സുഹറ ഷാനിദിന് സ്വന്തമായൊരു സൈക്കിള്‍ സമ്മാനിച്ചത്. കോഴിക്കോട് കല്ലായി സ്വദേശികളായ സകീര്‍ ഹുസൈന് - റൈഹാന ദമ്പതികളുടെ മൂത്ത മകനാണ് ഷാനിദ്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കുടുംബം വാടക വീട്ടിലാണ് താമസം. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ, കാന്‍സര്‍ രോഗിയായ സകീര്‍ ഹുസൈന്റെ ദുരിത ജീവിതം കണ്ട ആരാമ്പ്രം സ്വദേശിയാണ് കുടുംബത്തിന് രണ്ട് വര്‍ഷം മുമ്പ് വാടക വീട് ഒരുക്കിക്കൊടുത്തത്. സകീര്‍ ഹുസൈന് നിത്യ ജോലിക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ചികിത്സ വഴിമുട്ടിയിരിക്കുകയാണ്. കൂലിപ്പണിക്ക് പോകുന്ന ഭാര്യ റൈഹാനയുടെ വരുമാനമാണ് നാല് മക്കളുള്‍പ്പെടെയുള്ള ആറംഗ കുടുംബത്തിന്റെ ഏക ആശ്രയം.
മിടുക്കനായ ഷാനിദിന് ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ വീട് വെച്ച് നൽകാൻ തയാറാണെങ്കിലും സ്വന്തമായി ഭുമിയില്ലാത്തത് തടസ്സമായി. സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് ഷാനിദും മാതാപിതാക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.