പൂനൂർ പുഴയിൽ നൊച്ചിമണ്ണിൽ കടവ് മുതൽ മൂത്തോറമാക്കി കടവുവരെ മണ്ണിട്ട നിലയിൽ
കൊടുവള്ളി: നിരവധി കുടിവെള്ള പദ്ധതികളുടെ പ്രധാന സ്രോതസ്സായ പൂനൂർ പുഴ കൈയേറി അനധികൃത റോഡ് നിർമാണം. പൂനൂർ പുഴയിലെ കൊടുവള്ളി നഗരസഭ പരിധിയിൽപെട്ട നൊച്ചിമണ്ണിൽ കടവ് മുതൽ മൂത്തോറമാക്കി കടവു വരെ 800 മീറ്ററോളം പുഴയുടെ തീരത്ത് ഉയരത്തിൽ മണ്ണ് നിക്ഷേപിച്ചാണ് റോഡ് നിർമാണത്തിന് നീക്കം നടക്കുന്നത്.
കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഉൾപ്പെടെ നിക്ഷേപിച്ചാണ് റോഡ് നിർമാണം നടക്കുന്നത്. ഇതിനായി പുഴയോരത്തെ കൂറ്റൻ മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്. അനധികൃതമായി മുറിച്ച മരങ്ങൾ കടത്തിക്കൊണ്ടുപോയതായി പുഴയോരവാസികൾ പറഞ്ഞു.
പുഴയിലെ അശാസ്ത്രീയ പ്രവൃത്തിക്കെതിരെ പരിസ്ഥിതി പ്രവർത്തകർ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്. കൊടുവള്ളി നഗരസഭയുടെ അറിവോ അനുവാദമോ ഇല്ലാതെയാണ് പുഴയോരം കൈയേറി റോഡ് നിർമാണം നടക്കുന്നതെന്ന് സെക്രട്ടറി കെ. സുധീർ പറഞ്ഞു. സ്ഥലം സന്ദർശിച്ചപ്പോൾ കൈയേറ്റം ബോധ്യപ്പെട്ടിട്ടുണ്ട്. പരാതി ലഭിച്ചതായും ഇത് കൊടുവള്ളി പൊലീസിന് കൈമാറിയതായും ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്നും സെക്രട്ടറി പറഞ്ഞു.
പതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ പുഴ കൈയേറിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ വെള്ളറ അബ്ദു പറഞ്ഞു. കൊടുവള്ളി സ്പെഷൽ വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ പൂനൂർ പുഴയിലെ മണ്ണിട്ട ഭാഗം സന്ദർശിച്ചു. പുഴയിൽ അനധികൃതമായി മണ്ണിട്ടത് കണ്ടെത്തിയ സാഹചര്യത്തിൽ തുടർനടപടികൾക്കായി താമരശ്ശേരി താലൂക്ക് തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയതായി അദ്ദേഹം പറഞ്ഞു.
ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി അംഗങ്ങൾ, പരിസ്ഥിതി സംഘടന നേതാക്കൾ എന്നിവരും പ്രദേശം സന്ദർശിച്ചു. പുഴയുടെ ഒരു വശത്ത് അശാസ്ത്രീയമായി ഉയരത്തിൽ മണ്ണിട്ടത് മഴക്കാലത്ത് മറുകരയിൽ വെള്ളപ്പൊക്കത്തിനിടയാക്കുമെന്ന് പുഴയോരവാസികൾ ആശങ്കപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.