കൊടുവള്ളി: ഓരോ പ്രദേശത്തിനും പറയാന്‍ കഥയുണ്ട്. പുതുതലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ആ ചരിത്ര പശ്ചാത്തലങ്ങളെ തിരികെ വിളിക്കുകയാണ് പന്നൂർ ദേശത്തിന്റെ ചരിത്രം കൃത്യതയോടെ രേഖപ്പെടുത്തിയ പുസ്തകരൂപം. സമൂഹത്തിന്റെ താഴേത്തട്ടില്‍ ജീവിക്കുന്ന ജനതയുടെ അനുഭവങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവില്‍നിന്നാണ് പരിഗണിക്കപ്പെടാതെ പോയ പ്രാദേശിക ഇടങ്ങള്‍ ചരിത്ര പഠനത്തിന്റെ ഭാഗമാക്കുന്നതിനായി നാട്ടുകാരെ പ്രേരിപ്പിച്ചത്.
നൂറുകണക്കിന് കുടുംബങ്ങളുടെ തലമുറകളായുള്ള ചരിത്രം, ചരിത്ര സംഭവങ്ങളുടെ അനുഭവ സാക്ഷ്യങ്ങളായ പ്രഗല്ഭമതികളുമായുള്ള അഭിമുഖങ്ങൾ, സഹസ്രാബ്ദങ്ങളുടെ ചരിത്രമുറങ്ങിക്കിടക്കുന്ന ആരാധനാലയങ്ങളുടെ നേർചിത്രങ്ങൾ, ക്ഷുഭിത യൗവനങ്ങളുടെ ആവേശമായ കലാസമിതികൾ, വിദ്യാലയങ്ങൾ, ലൈബ്രറികൾ, വില്ലേജ്, ഗ്രാമപഞ്ചായത്ത്, തപാലോഫീസ് തുടങ്ങിയവയുടെ തുടക്കങ്ങൾ, അകാലത്തിൽ പൊലിഞ്ഞു പോയവരുടെ ആർദ്ര സ്മരണകൾ തുടങ്ങിയവയെല്ലാം ഒരു പാഠപുസ്തകത്തിലെന്നപോലെ വായിച്ചെടുക്കാവുന്ന രീതിയിലാണ് പന്നൂരിന്റെ ചരിത്രം എഴുതപ്പെട്ടിരിക്കുന്നത്.
ദേശത്തെ സർഗപ്രതിഭകളുടെ കവിതകൾ, കഥകൾ, ലേഖനങ്ങൾ ഇവ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വരാജ് പന്നൂരിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയുടെ 16 വർഷത്തെ ശ്രമഫലമായാണ് പുസ്തക രചന പൂർത്തീകരിച്ചത്. റിട്ട. അധ്യാപകൻ എം.എ. സത്താറാണ് ചീഫ് എഡിറ്റർ. പുസ്തക പ്രകാശനം ഏപ്രിൽ 20ന് വൈകീട്ട് ഏഴിന് പന്നൂർ കുറ്റ്യേങ്ങു വയലിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ കൽപറ്റ നാരായണൻ ഡോ.എം.കെ. മുനീർ എം.എൽ.എക്ക് നൽകി പ്രകാശനം ചെയ്യും.
പുസ്തകം പരിചയപ്പെടുത്തൽ ഗാനരചയിതാവ് കാനേഷ് പുനൂർ സംസാരിക്കും. പന്നൂരിന്റെ ചരിത്രം- നാൾവഴികൾ എം.എ. സത്താർ അവതരിപ്പിക്കും. സാംസ്കാരിക രംഗത്തുള്ളവരും എഴുത്തുകാരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.