കോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസിലെ 88ാം സാക്ഷി ഓമശ്ശേരി പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഒ.സി. ലാലു, 101ാം സാക്ഷി അന്വേഷണസംഘത്തിൽ അംഗമായിരുന്ന ക്രൈംബ്രാഞ്ച് എസ്.ഐ പി.പി. മോഹന കൃഷ്ണൻ, 2011 കാലത്ത് കോടഞ്ചേരി എസ്.ഐയായിരുന്ന 120ാം സാക്ഷി രാമനുണ്ണി എന്നിവരുടെ എതിർവിസ്താരം മാറാട് പ്രത്യേക കോടതി ജഡ്ജി കെ. സുരേഷ് കുമാർ മുമ്പാകെ പൂർത്തിയായി.
2011ൽ റോയ് തോമസ് മരണപ്പെട്ടപ്പോൾ പി.എച്ച്. ജോസഫ് എന്നയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുവെന്നും എന്നാൽ, മരണത്തിൽ ആർക്കും സംശയമില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയെന്നും കോടഞ്ചേരി എസ്.ഐയായിരുന്ന ടി. രാമനുണ്ണി മൊഴിനൽകി. ഒന്നാം പ്രതിയായിരുന്ന ജോളി തന്നെ പറഞ്ഞു വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അത്തരം തീരുമാനത്തിലേക്ക് എത്തിയതെന്നും മരണം സംബന്ധിച്ച് തന്റെ നിഗമനം തെറ്റായിരുന്നു എന്ന് പിന്നീട് മനസ്സിലായെന്നും രാമനുണ്ണി എതിർവിസ്താരത്തിൽ പറഞ്ഞു.
2012ൽ ജോളി ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തിൽ പൊന്നാമറ്റം വീടിന്റെ ഉടമസ്ഥാവകാശം ജോളിയുടെ പേരിൽ മാറ്റിനൽകിയെന്നും എന്നാൽ, പിന്നീട് വ്യാജരേഖയുടെ അടിസ്ഥാനത്തിലാണ് കൈവശ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചതെന്ന് വില്ലേജ് ഓഫിസിൽനിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയത് റദ്ദാക്കിയെന്നും പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഒ.സി. ലാലു മൊഴി നൽകി.
തുടർന്നുള്ള സാക്ഷികളുടെ എതിർവിസ്താരം ഏപ്രിൽ ഒമ്പതിന് തുടരും. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ്, അഡ്വ. സഹീർ അഹമ്മദ് എന്നിവർ ഹാജരായി. ഒന്നാംപ്രതിക്കുവേണ്ടി അഡ്വ. ബി.എ ആളൂർ പ്രതികളെ എതിർവിസ്താരം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.