കോഴിക്കോട്: പ്രധാനാധ്യാപകനായ ഹംസ മാഷും സഹാധ്യാപിക ഷനുവും രാവിലെ എട്ടു മണിയോടെ എത്തി കാത്തിരിപ്പായിരുന്നു. കോവിഡ് കാലത്തെ അടച്ചുപൂട്ടലിന് ശേഷം വിദ്യാലയം തുറക്കുമ്പോൾ കുട്ടികളുടെ കാലൊച്ചയും കലപിലയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു മാഷും ടീച്ചറും. എല്ലാം വെറുതെയായി. അണിഞ്ഞൊരുങ്ങി കാത്തിരുന്ന വിദ്യാലയത്തിലേക്ക് 'ഒരു കുട്ടിപോലും' തിരിഞ്ഞുനോക്കിയില്ല. സംസ്ഥാനത്തെമ്പാടും പ്രവേശനോത്സവം ആഘോഷമായപ്പോഴാണ് നഗരമധ്യത്തിലെ കോട്ടൂളി ജി.എൽ.പി സ്കൂളിൽ കുട്ടികളില്ലാതെ ഓഫ്ലൈൻ അധ്യയനത്തിന് തുടക്കമായത്.
ആകെ എട്ട് കുട്ടികൾ മാത്രമുണ്ടായിരുന്ന സ്കൂളിലാണ് ആദ്യ ദിനം ആരും വരാതിരുന്നത്. എട്ടിൽ ആറും ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളായിരുന്നു. രണ്ട് കുട്ടികൾ നാട്ടിലുള്ളവരും. സ്കൂൾ തുറക്കുന്നതിന് മുമ്പുതന്നെ ഇതര സംസ്ഥാനക്കാരായ രണ്ട് കുട്ടികൾ കുറഞ്ഞിരുന്നു. ഇവർ അസമിൽ നിന്നുള്ളവരായിരുന്നു. ബാക്കിയുള്ള ആറ് പേരും എത്തിയില്ലെന്നതാണ് തിങ്കളാഴ്ചത്തെ വിശേഷം.
രണ്ട് മലയാളി കുട്ടികളുള്ളതിൽ ഒരു കുട്ടി ചില അസൗകര്യം കാരണവും ഒന്നാം ക്ലാസിലുണ്ടായിരുന്ന ഒരേയൊരു കുട്ടി വീട്ടിലൊരാൾക്ക് കോവിഡുണ്ടായതിനാലും വന്നില്ല. ഇതരസംസ്ഥാന തൊഴിലാളിയാണ് ഇവിടത്തെ പി.ടി.എ പ്രസിഡെൻറന്ന പ്രേത്യകതയുമുണ്ട്. അേദ്ദഹം വീടുമാറുന്ന തിരക്കിലായിരുന്നതിനാൽ തെൻറ കുട്ടിയെ എത്തിക്കാനായില്ല.
നിരവധി വീടുകളുടെയും ഫ്ലാറ്റ് സമുച്ചയങ്ങളുടെയും സമീപത്തെ സർക്കാർ വിദ്യാലയത്തെ നാട്ടുകാരും വിദ്യാഭ്യാസ വകുപ്പ് അധികൃതരും രാഷ്ട്രീയ സംഘടനകളും അവഗണിച്ചതിനാലാണ് ദുരിതാവസ്ഥയിലെത്തിയത്. ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് ഇവിടെയുള്ളത്. 65 സെൻറ് സ്ഥലം. ടൈൽസിട്ട നിലം, കോൺക്രീറ്റ് കെട്ടിടം. ഒന്ന് മുതൽ നാല് വരെ ക്ലാസുകൾക്കായി പ്രത്യേക മുറികളുണ്ട്. വിശാലമായ മുറ്റവും മുറ്റത്തിനപ്പുറം മൈതാനവും സജ്ജമാണ്.
1928ലാണ് കോട്ടൂളിയിൽ സർക്കാർ വിദ്യാലയം തുടങ്ങിയത്. 1982ലാണ് ഇപ്പോഴുള്ള സ്ഥലം വാങ്ങിയത്. 1987ൽ കെട്ടിടം നിർമിച്ചു. തുടക്കത്തിൽ ആവശ്യത്തിന് കുട്ടികളുണ്ടായിരുന്നു. തൊട്ടപ്പുറത്ത് എയ്ഡഡ് യു.പി സ്കൂളും അൺ എയ്ഡഡ് സ്കൂളുമുണ്ട്. സാധാരണക്കാരായ നിരവധി പേർ ഇവിടെയുള്ള സ്ഥലം മികച്ച വിലയ്ക്ക് വിറ്റ് മറ്റിടങ്ങളിലേക്ക് ചേക്കേറിയതോടെയാണ് കോട്ടൂളി ജി.എൽ.പിയിൽ ആളു കുറഞ്ഞത്. ഈ പ്രദേശത്തേക്ക് പുതുതായി താമസിക്കാനെത്തിയവർ സർക്കാർ വിദ്യാലയത്തെ അവഗണിക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന മുദ്രാവാക്യമുയർത്തുന്ന സംസ്ഥാന സർക്കാറിെൻറയും വിദ്യാഭ്യാസ മന്ത്രിയുടെയും ഇടപെടലുണ്ടായില്ലെങ്കിൽ േകാട്ടൂളി ജി.എൽ.പി സ്കൂളിന് 93ാം വയസ്സിൽ മരണം ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.