കൊടുവള്ളി: കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിനുള്ള ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏഴായിരം പേർക്ക് ഇരുന്ന് കളി കാണുന്നതിനുള്ള സ്റ്റീൽ ഗാലറിയുടെ നിർമാണം പൂർത്തിയായി. ഒരുമാസം നീളുന്ന ടൂർണമെൻറിന്റെ ആദ്യ കിക്കോഫ് 19ന് രാത്രി 8.30ന് നടക്കും. ഉദ്ഘാടന ചടങ്ങുകൾ വൈകീട്ട് ഏഴിന് ആരംഭിക്കും. സ്ത്രീകൾക്ക് മത്സരം വീക്ഷിക്കുന്നതിന് ടൂർണമെന്റ് കമ്മിറ്റി പ്രത്യേകം ഗാലറി സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കെ.ആർ.എസ് കോഴിക്കോട്, കെ.ഡി.എസ് എഫ്.സി കീഴിശ്ശേരി, സ്കൈബ്ലൂ എടപ്പാൾ, മെഡി ഗാർഡ് അരീക്കോട്, അൽ മിൻ ഹാൻ വളാഞ്ചേരി, സബാൻ കോട്ടക്കൽ, ജിംഖാന തൃശൂർ, എ.എഫ്.സി അമ്പലവയൽ, ബേസ് പെരുമ്പാവൂർ, യുനൈറ്റഡ് നെല്ലിക്കുത്ത്, ലൈറ്റ് നിങ് കൊടുവള്ളി, അബിലാഷ് കുപ്പത്ത്, റോയൽ ട്രാവൽസ് കോഴിക്കോട്, കെ.എം.ജി മാവൂർ, ഉഷ എഫ്.സി തൃശൂർ, എഫ്.സി കുണ്ടോട്ടി, കെ.എഫ്.സി കാളികാവ്, ലിൻഷ മണ്ണാർക്കാട്, ഫിറ്റ് വെൽ കോഴിക്കോട്, യൂറോ സ്പാർട്സ് പടന്ന, യുനിറ്റാസ് കൂത്തുപറമ്പ്, ജവഹർ മാവൂർ, അൽ മദീന ചെർപ്പുളശ്ശേരി, ഫിഫ മഞ്ചേരി തുടങ്ങിയ 24 പ്രമുഖരായ ടീമുകളാണ് മാറ്റുരക്കുന്നത്. ഓരോ ടീമിലും മൂന്ന് വിദേശതാരങ്ങൾക്ക് കളിക്കാൻ അവസരമുണ്ടാകും. ഉദ്ഘാടന മത്സരത്തിൽ നീലേശ്വരം അഖിലേന്ത്യ സെവൻസിലെ ഈ വർഷത്തെ ചാമ്പ്യന്മാരായ കെ.ഡി.എസ് കിഴിശ്ശേരി, കെ.ആർ.എസ് കോഴിക്കോടിനെ നേരിടും.
ജീവകാരുണ്യ പ്രവർത്തനവും വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പരിശീലനവും ക്ലാസുകളും ക്ലബ് സംഘടിപ്പിക്കാറുണ്ട്. ഇത്തവണത്തെ ടൂർണമെന്റിലെ ലാഭവിഹിതത്തിൽനിന്ന് വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടിനുള്ള ധനസഹായം നൽകുമെന്നും ക്ലബ് ഭാരവാഹികൾ അറിയിച്ചു.
ടൂർണമെന്റ് എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു എന്നിവർ മുഖ്യാതിഥികളായിരിക്കും. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ തങ്ങൾസ് മുഹമ്മദ്, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ എം. ഫൈസൽ, ജനറൽ കൺവീനർ സി.കെ. ജലീൽ, ട്രഷറർ തങ്ങൾസ് നജു, ടൂർണമെന്റ് കോഓഡിനേറ്റർ പി.കെ. അബ്ദുൽ വഹാബ്, എം.പി.സി. അബൂലൈസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.