കൊയിലാണ്ടി കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ കൊണ്ടുവന്നപ്പോൾ
കൊയിലാണ്ടി: നാടിന്റെ പലഭാഗത്തുനിന്നും ജനങ്ങൾ ഒഴുകിയെത്തുന്ന കുറുവങ്ങാട് മണക്കുളങ്ങളര ക്ഷേത്ര ഉത്സവാഘോഷം ഇന്നലെ കണ്ണീരണിഞ്ഞു. ആനകളിടഞ്ഞതോടെ, ഉത്സവമേളത്തിൽ ആറാടിയ പറമ്പ് നിമിഷങ്ങൾ കൊണ്ട് ദുരന്തഭൂമിയാവുകയായിരുന്നു. മേളപ്രേമികളുടെയും ആനസ്നേഹികളുടെയും കേന്ദ്രം കൂടിയായ ഈ ക്ഷേത്രത്തിന് ചുറ്റും സ്ഥലസൗകര്യം ഏറെയാണ്. നാടിന്റെ പലഭാഗങ്ങളിൽനിന്നും അവകാശ വരവുകളും പൊതുവരവുകളും ഉണ്ടാവാറുമുണ്ട്. വ്യാഴാഴ്ച സന്ധ്യയോടെ പ്രദക്ഷിണത്തിന് എഴുന്നള്ളിക്കാൻ ഒരുക്കുന്നതിനിടെ നടന്ന ശക്തമായ വെടിക്കെട്ടിന്റെ ശബ്ദത്തിൽ ഭയന്ന് ആനകൾ പെട്ടെന്ന് തിരിഞ്ഞോടുകയായിരുന്നു. തുടർന്ന് ആനകൾ പരസ്പരം കുത്തുകയും ഇതിൽ ഒരു ആന കമ്മിറ്റി ഓഫിസ് തകർക്കുകയുമായിരുന്നു. ആനയിടഞ്ഞപ്പോൾ ഭയന്നോടി വീണാണ് പലർക്കും പരിക്കേറ്റത്. കുട്ടികളടക്കം നിരവധി പേരാണ് താഴെ വീണത്.
നാട്ടുകാരും ഫയർ ഫോഴ്സും പൊലീസുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ആന ഒാടുന്നുവെന്ന് കേട്ട് പരിഭ്രമിച്ചവർ ചിതറി ഓടിയതാണ് പലർക്കും പരിക്കേൽക്കാൻ കാരണമായത്. ക്ഷേത്ര മതിൽ കെട്ടിൽനിന്ന് പുറത്തു കടന്ന് ഇടവഴിയിലൂടെ ഓടിയതും കൂടുതൽ പേർക്ക് പരിക്കേൽക്കാൻ വഴിയൊരുക്കി.
നിരവധി ആംബുലൻസുകൾ സ്ഥലത്തെത്തിച്ച് അതിലാണ് പരിക്കേറ്റവരെ പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞ് വൻ ജനാവലി താലൂക്ക് ആശുപത്രിയിലേക്ക് ഒഴുകിയെത്തി. കൊയിലാണ്ടി തഹസിൽദാർ ജയശ്രീ, റൂറൽ പൊലീസ് സുപ്രണ്ട് ഇ.കെ. ബിജു ഡിവൈ.എസ്.പി ഹരിപ്രസാദ്, കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ, നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് തുടങ്ങിയവർ അപകട സ്ഥലത്തും താലൂക്കാശുപത്രിയിലുമെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സംഭവത്തിനുശേഷം ആനകളെ ലോറിയിൽ കയറ്റി ഗുരുവായൂരിലേക്ക് കൊണ്ടുപോയി.
രണ്ടു വർഷം മുമ്പും ഈ ക്ഷേത്രത്തിൽ ഇടഞ്ഞ ആന പരിഭ്രാന്തി പരത്തിയിരുന്നു. വീടിന് സമീപത്തുള്ള വഴിയിൽനിന്ന ആനയെ പലതവണ ശ്രമിച്ചിട്ടും തളക്കാനായില്ല. ഉത്സവ ദിവസത്തിന് പിറ്റേന്നാണ് തളക്കാൻ കഴിഞ്ഞത്.
എന്തുചെയ്യുമെന്നറിയാത്ത നിമിഷങ്ങളായിരുന്നു അതെന്ന് പ്രദീപ് നമ്പൂതിരി. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് അഞ്ചേകാലോടെയാണ് പ്രദീപും വാസുദേവൻ നമ്പൂതിരിയും അഖിൽ നമ്പൂതിരിയും ആനപ്പുറത്ത് ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിച്ചത്.
പരദേവതയെ എഴുന്നള്ളിച്ച, സമീപത്തെ ആന പ്രദീപ് കയറിയ ആനയെ കുത്തുകയായിരുന്നു. ഇതോടെ ആന പരിഭ്രാന്തനായി. ക്ഷേത്രത്തിന്റെ ഓഫിസ് കുത്തിപ്പൊളിച്ചു. ആ രംഗമെല്ലാം അതിഭീകരമായിരുന്നു. ശേഷം ആന കിഴക്കോട്ട് ഓടി. ഗേറ്റ് കടന്നു ആന പുറത്തേക്ക് ഓടുമെന്നായതോടെ രണ്ടുംകൽപിച്ച് ആനപ്പുറത്തുനിന്നു ചാടിയെന്നും പരിക്കേറ്റ പ്രദീപ് പറഞ്ഞു. ഭഗവതിയുടെ കടാക്ഷംകൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും പ്രദീപ് പറഞ്ഞു.
കൊയിലാണ്ടി: ഉത്സവത്തിനിടയിലുണ്ടായ മൂന്ന് പേരുടെ മരണത്തിൽ അനുശോചിച്ച് കൊയിലാണ്ടി നഗരസഭയിലെ ബപ്പൻകാടിന് കിഴക്ക് ഭാഗത്ത്, 17, 18, 25, 26, 27, 28, 29, 30, 31 വാർഡുകളിൽ വെള്ളിയാഴ്ച ഹർത്താൽ പ്രഖ്യാപിച്ചു.
മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളവർ: കല്യാണി (77), ശ്രീധരൻ (69), വത്സല (63), ശാന്ത (63), വാസുദേവൻ (23), ബീന (51), അനീഷ (32), വത്സല (60), ബാബു (55), ചന്ദ്രിക (62), അമ്മുക്കുട്ടി (80), പ്രദീപ് നമ്പൂതിരി (47) അൻസിദേവ് (10). ഇവരിൽ കല്യാണി, ശ്രീധരൻ എന്നിവരുടെ നില ഗുരുതരമാണ്.
പരിക്കേറ്റ് വിവിധ ആശുപത്രിയിൽ കഴിയുന്നവർ: ബീന (51), കല്യാണി (68), കല്യാണിക്കുട്ടി അമ്മ (68), വത്സല (63), ശാന്ത (52), ഷീബ (52), ചന്ദ്രിക (62), അനുഷ (32), അഖിൽ (22), പ്രദീപൻ (42), വത്സരാജ് (60), പത്മാവതി (68), വാസുദേവൻ (23), മുരളി (50), ശ്രീധരൻ (69), ആദിത്യൻ (22), രവീന്ദ്രൻ (65), വത്സല (62), പ്രദീപ് (46), സരിത (42), മല്ലിക (62), ശാന്ത (52), നാരായണവർമ (56), പ്രണവ് (25), കല്യാണി (77), പത്മനാഭൻ (76), വബിത (45), മഹേഷ് (45), രാഹുൽ (23), അഭിനന്ദ (25), ഗിരിജ (65).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.