കൊയിലാണ്ടി: കടുത്ത ചൂടിൽ കടൽ തിളക്കുമ്പോൾ മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായി. വെയിൽ കനത്തതോടെ തീരദേശത്തെ മത്സ്യമേഖലയിൽ ജോലി ചെയ്യുന്ന മീൻപിടിത്തക്കാരുടെ ജീവിതം ദുരിതപൂർണമാവുകയാണ്.
വെള്ളം ചൂടുപിടിക്കുന്നതുകാരണം മത്സ്യങ്ങൾ ആഴക്കടലിലേക്ക് ഉൾവലിയുന്നതാണ് മീൻലഭ്യത കുറയാൻ കാരണമായത്. ചെറിയ ബോട്ടിലും തോണികളിലും മത്സ്യബന്ധനത്തിന് പോകാൻ ഇതോടെ കഴിയാതായി. കാരണം, 100 കിലോമീറ്ററോളം സഞ്ചരിച്ചാലേ മീൻലഭ്യതയുള്ള ആഴക്കടലിൽ എത്താനാകൂ.
ചെറിയ ജലയാനങ്ങൾ ഇതിന് അനുയോജ്യമല്ല. മാത്രവുമല്ല, ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന കപ്പലുകൾക്കിടയിൽ മത്സ്യബന്ധനം നടത്തുന്നത് ജീവാപായത്തിനും വഴിയൊരുക്കും. നിലവിൽ തമിഴ്നാട്, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ മീനാണ് ആവശ്യക്കാർക്ക് ലഭിക്കുന്നത്. അയൽരാജ്യങ്ങളിൽനിന്ന് എത്തിക്കുന്നവയുമുണ്ട്.
തൊഴിൽരഹിതരായരോടെ വീടുകളിൽ ജീവിത പ്രയാസമാണ്. വലക്കും വള്ളത്തിനും വിവിധ ബാങ്കുകളിൽനിന്ന് ലോണെടുത്തവർക്ക് മൂന്നുമാസമായി തിരിച്ചടവും സാധ്യമാവുന്നില്ല. നേരത്തേ തൊഴിലില്ലാതാവുന്ന ഘട്ടത്തിൽ സർക്കാർ പ്രത്യേക ആശ്വാസ പദ്ധതികൾ നടപ്പാക്കാറുണ്ട്.
എന്നാൽ, ഇത്തവണ അതും ഉണ്ടായില്ല. കാലവർഷത്തിൽ തൊഴിൽ നഷ്ടമാകുമ്പോൾ പ്രതിദിനം 200 രൂപ തോതിൽ മത്സ്യത്തൊഴിലാളിക്ക് ലഭിക്കാറുണ്ടായിരുന്നു. ഈ പദ്ധതി വേനൽക്കാലത്തും നടപ്പാക്കണമെന്നും തണൽ പദ്ധതി പ്രകാരം നൽകുന്ന സമാശ്വാസ പദ്ധതിക്ക് കേന്ദ്ര വിഹിതം നൽകണമെന്നും തൊഴിലാളികൾ പറയുന്നു. തീരദേശങ്ങളിലെ ഉത്സവങ്ങളും പെരുന്നാളും വിഷുവുമെല്ലാം ഒന്നിച്ചുവരുന്ന ഘട്ടത്തിൽ മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.