കൊയിലാണ്ടി: ഗവ. എച്ച്.എസ്.എസ് പന്തലായനിയിലെ വിദ്യാർഥികളും പി.ടി.എ കമ്മിറ്റിയും, അധ്യാപകരും ചേർന്ന് സഹപാഠിക്ക് വീടൊരുക്കി സ്നേഹത്തിന് പുതിയ പര്യായം രചിക്കുന്നു. പത്താം തരത്തിൽ പഠിച്ചിരുന്ന വിദ്യാർഥിയുടെ അവസ്ഥ അറിഞ്ഞ ക്ലാസ് അധ്യാപകൻ കാര്യങ്ങൾ പി.ടി.എ പ്രസിഡന്റായിരുന്ന സുരേഷ് ബാബുവിനെ അറിയിക്കുകയും തുടർന്ന്, സ്നേഹഭവനം നിർമിക്കാൻ സ്കൂൾ അധികൃതർ തീരുമാനിച്ചത്.
അസുഖം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട അച്ഛൻ പണിക്ക് പോകാറില്ലെന്ന് അറിഞ്ഞ സ്കൂൾ അധികൃതരും പി.ടി.എ കമ്മിറ്റിയും വിദ്യാർഥികളുടെ പിന്തുണയിൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. വിദ്യാർഥി പ്ലസ് വണ്ണിലായപ്പോൾ പുതിയ പി.ടി.എ പ്രസിഡന്റ് പി. എം. ബിജുവിന്റെ വൈസ് പ്രസിഡന്റ് രാരോത്ത് പ്രമോദിന്റെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സജീവമാക്കുകയായിരുന്നു. ഭൂമി വാങ്ങി വീട് വെക്കുക എന്നത് വലിയ കടമ്പയായതോടെ, പുളിയഞ്ചേരി വലിയാട്ടിൽ ബാലകൃഷ്ണൻ മൂന്നര സെന്റ് സ്ഥലം സൗജന്യമായി നൽകിയതോടെ വീടുപണി തുടങ്ങി. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാറിന്റെ അധ്യക്ഷതയിൽ പി.ടി.എ ഭാരവാഹികളും അധ്യാപകരും നാട്ടുകാരും ചേർന്ന് സ്വാഗതസംഘം രൂപവത്കരിച്ചതോടെ, പലരും നിർമാണ സാമഗ്രികൾ സൗജന്യമായി നൽകി, ഡിസംബർ 12ന് വൈകുന്നേരം മൂന്നിന് സ്നേഹഭവനം വീട്ടുകാർക്ക് താമസത്തിനായി തുറന്നുകൊടുക്കും കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിക്കും.
പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വീടും സ്ഥലവും കൈമാറും. ഉദ്ഘാടനത്തിനു ശേഷം ജി.എച്ച്. എസ്.എസ് പന്തലായനിയിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.