കോഴിക്കോട്: മലബാറിലെ സിനിമാപ്രേക്ഷകരെ മെഗാസ്ക്രീൻ കാഴ്ചകളിലേക്ക് നയിച്ച അപ്സര തിയറ്ററിന് തിരശ്ശീല വീണു. പ്രവർത്തനം തുടങ്ങി 52 വർഷങ്ങൾക്ക് ശേഷമാണ് തിയറ്റർ അടച്ചുപൂട്ടുന്നത്. നഗരം വളര്‍ന്നുകൊണ്ടിരിക്കെ തിയറ്ററുകള്‍ ഒന്നൊന്നായി പൊളിച്ചുനീക്കി ഷോപ്പിങ് മാളുകളും കല്യാണ മണ്ഡപങ്ങളും പണിതുകൊണ്ടിരിക്കുകയാണ്.
ഇങ്ങനെ പൂട്ടിപ്പോയ സംഗം, ബ്ലൂ ഡയമണ്ട്, പുഷ്പ, ഡേവിസണ്‍, ലീല, ഗീത എന്നീ തിയറ്ററുകളുടെ പട്ടികയിലേക്ക് കുടിയേറുകയാണ് അപ്സര തിയറ്ററും. കേരളത്തിൽ 1000ത്തിലധികം ആളുകൾക്ക് ഇരിക്കാൻ ശേഷിയുള്ള അപൂർവം തിയറ്ററുകളിലൊന്നാണ് അപ്സര. എയർകണ്ടീഷൻ ചെയ്ത 70.70 തിയറ്ററാണിത്. 1971ൽ പ്രേംനസീറും ശാരദയും ചേർന്ന് അപ്സര തിയറ്റർ ഉദ്ഘാടനം ചെയ്യുമ്പോൾ അന്നത് അദ്ഭുതമായിരുന്നു.
തൊമ്മൻ ജോസഫ് കൊച്ചുപുരക്കലായിരുന്നു സ്ഥാപകൻ. കെ.ജി. സുകുമാരനാണ് തിയറ്ററിന്റെ ശിൽപി. കലാമൂല്യമുള്ള ചിത്രത്തിനൊപ്പം മാനുഷ്യക മൂല്യങ്ങൾക്കും കൂടി പ്രാധാന്യം നൽകുന്ന സിനിമകൾ പ്രദർശിപ്പിക്കണം എന്നായിരുന്നു തിയറ്റർ ഉദ്ഘാടനം ചെയ്തു പ്രേംനസീർ പറഞ്ഞത്.
പിന്നീട് നിരവധി മെഗാ ഹിറ്റ് ചിത്രങ്ങൾ പ്രദർശിപ്പിച്ചു കോഴിക്കോട്ടെ സിനിമാപ്രേമികളുടെ മനംകവർന്നു. അപ്സര തിയറ്ററിനൊപ്പം ചലച്ചിത്ര പ്രേമികളുടെ ഓർമകളുടെ ഒരു കാലഘട്ടത്തിനും കൂടി തിരശ്ശീല വീഴുകയാണ്.
കുടുംബ പ്രശ്നത്തിന്റെ പേരിലാണ് തിയറ്റർ പൂട്ടുന്നതെന്നും പ്രശ്നം പരിഹരിച്ചാൽ തിയറ്റർ പ്രവർത്തിക്കുമെന്നും വിശ്വസിക്കുന്നവരുണ്ട്. എന്തായാലും തിയറ്ററിൽ തിങ്കളാഴ്ച മുതൽ പ്രദർശനം നിർത്തിവെച്ചിരിക്കുകയാണ്. തിയറ്റർ പ്രവർത്തനം നിർത്തിയത് അറിയാതെ ഇപ്പോഴും ഇവിടേക്ക് കാണികൾ എത്തുന്നുണ്ട്. 31ന് ശമ്പളം ലഭിച്ചുകഴിഞ്ഞാൽ മറ്റെന്തെങ്കിലും ജോലി തേടി പോകാൻ ഒരുങ്ങിയിരിക്കുകയാണ് തൊഴിലാളികൾ.
തിയറ്റർ തിങ്കളാഴ്ച മുതൽ പ്രവർത്തനം അവസാനിപ്പിക്കുന്നതായി മാനേജ്മെന്റ് തൊഴിലാളികളെ അറിയിച്ചു. 31ന് ഒരു മാസത്തെ ശമ്പളം നൽകുമെന്നും തൊഴിലാളികൾക്ക് നൽകിയ അറിയിപ്പിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.