കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഹൃദയഭാഗത്ത് മാസംതോറും കോടികൾ വാടക ഈടാക്കാവുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ടെർമിനൽ നോക്കുകുത്തിയായിരുന്നിട്ടും കുലുക്കമില്ലാതെ അധികൃതർ. കെട്ടിടത്തിന്റെ ഉത്തരവാദിത്തം പൂർണായും കെ.ടി.ഡി.എഫ്.സിക്കെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ മറുപടി. കെ.ടി.ഡി.എഫ്.സി (കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ) അധികൃതരോട് ചോദിച്ചാൽ ഇനി തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണെന്ന് പറഞ്ഞ് ഒഴിയും. കെട്ടിടം ബലപ്പെടുത്തുന്ന ബാധ്യത തങ്ങൾ ഏറ്റെടുക്കില്ലെന്നും അത് കെ.ടി.ഡി.എഫ്.സി ചെയ്തുതരണമെന്നുമാണ് കെട്ടിട സമുച്ചയം പാട്ടത്തിനെടുത്ത അലിഫ് ബിൽഡേഴ്സ് പറയുന്നത്.
ടെർമിനൽ ബലപ്പെടുത്തൽ അലിഫ് ബിൽഡേഴ്സിന്റെ ഉത്തരവാദിത്തമാണെന്നും അങ്ങനെയാണ് കരാറെന്നും അത് മാറ്റാൻ കഴിയില്ലെന്നുമാണ് മന്ത്രി കെ.ബി. ഗണേഷ്കുമാർ കഴിഞ്ഞ ജൂലൈ 11ന് മന്ത്രിസഭയിൽ പറഞ്ഞത്. ചർച്ച വിജയിച്ചില്ലെങ്കിൽ ഒഴിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന സൂചനയും മന്ത്രി നൽകിയിരുന്നു.
അതിനിടെ ചീഫ് സെക്രട്ടറി അലിഫ് പ്രതിനിധികളെ വിളിച്ച് സർക്കാർ തീരുമാനം അറിക്കുകയും ചെയ്തു. എന്നാൽ, കമ്പനി അത് അംഗീകരിച്ചിരുന്നില്ല. പക്ഷേ, പിന്നീട് ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള നടപടിയും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കെട്ടിടം ബലപ്പെടുത്തി കൈമാറുന്നില്ലെന്ന് കാണിച്ച് അലിഫ് ഹൈകോടതിയിൽ നൽകിയ കേസ് പരിഗണിച്ചപ്പോൾ കെ.ടി.ഡി.എഫ്.സി എം.ഡി ഇല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് കേസ് 27ലേക്ക് മാറ്റിവെച്ചു.
കെട്ടിടം ഔദ്യോഗികമായി കൈമാറിയിട്ടില്ലെന്നാണ് കെ.ടി.ഡി.എഫ്.സി പറയുന്നതെങ്കിലും പാർക്കിങ് ഏരിയ, ശുചിമുറി എന്നിവിടങ്ങളിൽനിന്നും വാടക ഈടാക്കുന്നതും ഒന്നാം നിലയിൽ കടകൾ നടത്തുന്നതും അലിഫ് ആണ്. കെട്ടിടം വാടകക്കെടുത്ത് ആറുമാസത്തിന് ശേഷം കെ.ടി.ഡി.എഫ്.സിക്ക് വാടകയുടെ വിഹിതം നൽകണമെന്നായിരുന്നു ധാരണ. അലിഫ് ഇപ്പോൾ തന്നെ ടെർമിനലിൽനിന്ന് വിവിധ തരത്തിലുള്ള വാടക കൈപ്പറ്റുന്നുണ്ട്. അതിന്റെ വിഹിതം കെ.എസ്.ആർ.ടി.സിക്ക് നൽകുന്നില്ല.
നിരവധി സർക്കാർ സ്ഥാപനങ്ങൾ വലിയ വാടക നൽകി പ്രവർത്തിക്കുമ്പോഴാണ് കോടികൾ മുടക്കി നിർമിച്ച കെട്ടിടം നേക്കുകുത്തിയായി നിൽക്കുന്നത്. നിലപാടിൽ സർക്കാർ ഉറച്ചു നിന്നാൽ കെ.എസ്.ആർ.ടി.സിക്ക് ഭൂമി നഷ്ടപെടില്ലെന്ന് ആശ്വാസത്തിലാണ് ജീവനക്കാർ. കെ.എസ്.ആർ.ടി.സിയുടെ ഭൂമി കെ.ടി.ടി.എഫ്.സിക്ക് കൈമാറാനും ഇത് പണയപ്പെടുത്തി കെട്ടിടം ബലപ്പെടുത്തുന്നതിനുള്ള 30 ലക്ഷം കണ്ടെത്താനുമാണ് നേരത്തെ നീക്കം നടത്തിയിരുന്നത്. കെ.ടി.ഡി.എഫ്.സി എം.ഡിയും ഗതാഗത മന്ത്രിയും മാറിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.