കോഴിക്കോട്: നഗരത്തിന്റെ ഹൃദയഭാഗത്ത് നോക്കുകുത്തിയായിനിൽക്കുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ടെർമിനലിന് എത്രത്തോളും ബലക്ഷയമുണ്ട്? അത് ബലപ്പെടുത്താൻ എത്ര കോടി വേണം? ആ തുക ആര് വഹിക്കും? ഗതാഗത വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം മന്ത്രി കെ.ബി. ഗണേഷ് കുമാർ ആദ്യമായി ടെർമിനലിൽ എത്തുമ്പോഴും ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല.
കെട്ടിടത്തിന്റെ ബലക്ഷയവും അത് പരിഹരിക്കുന്നതിനുള്ള തുകയും തിട്ടപ്പെടുത്തുന്നതിനായി മന്ത്രി അയച്ച എൻജിനീയർ രണ്ടാഴ്ച മുമ്പ് ടെർമിനൽ പരിശോധിച്ചു മടങ്ങി. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു തീരുമാനം ശനിയാഴ്ച എത്തുന്ന മന്ത്രിയിൽനിന്നുണ്ടാവും എന്നാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പ്രതീക്ഷ. എന്നാൽ, അന്തിമ തീരുമാനം ചീഫ് ടെക്നിക്കൽ ഓഫിസറുടെ പരിശോധനക്ക് ശേഷമായിരിക്കും ഉണ്ടാവുക. ഇത് ഉടനുണ്ടാവുമെന്നും അധികൃതർ സൂചിപ്പിക്കുന്നു.
ടെർമിനൽ പാട്ടത്തിനെടുത്ത അലിഫ് ബിൽഡേഴ്സിന്റെ ഉത്തരവാദിത്തമാണ് ബലപ്പെടുത്തലെന്നും അങ്ങനെയാണ് കരാറെന്നുമാണ് മന്ത്രിയുടെ നിലപാട്. മദ്രാസ് ഐ.ഐ.ടി സംഘം നിർദേശിച്ച അത്രയും തുക ബലപ്പെടുത്തലിന് ആവശ്യമുണ്ടോ എന്ന് പരിശോധിക്കാനാണ് മന്ത്രിയുടെ നിർദേശപ്രകാരം രഹസ്യമായി പരിശോധന നടത്തിയത്. ഇതിനു പുറമെ അലിഫ് സ്വന്തം നിലയിലും പരിശോധന നടത്തി. 10-15 കോടി ചെലവിൽ ബലപ്പെടുത്താമെന്നാണത്രേ ലഭിച്ച നിർദേശം. മൂന്നു വർഷം മുമ്പ് കെട്ടിടം സ്വകാര്യ കമ്പനിയായ അലിഫിന് പാട്ടത്തിന് കൊടുത്ത തൊട്ടുടനെയാണ് കെട്ടിട സമുച്ചയത്തിന് ബലക്ഷയമുണ്ട് എന്ന് മദ്രാസ് ഐ.ഐ.ടി സംഘം കണ്ടെത്തിയത്. അത് 30 കോടി ചെലവിൽ ബലപ്പെടുത്താമെന്നും നിർദേശിച്ചിരുന്നു.
അന്നത്തെ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെട്ടിടം നിർമിച്ച കെ.ടി.ഡി.എഫ്.സിതന്നെ അലിഫിന് കെട്ടിടം ബലപ്പെടുത്തി നൽകുമെന്ന് കരാറുകാർക്കുറപ്പു നൽകി. ഇതിന് പണം കണ്ടെത്താനായി കെ.എസ്.ആർ.ടി.സിയുടെ ഭൂമി കെ.ടി.ഡി.എഫ്.സിക്ക് കൈമാറി പണയം വെക്കാനും തീരുമാനമായി.
ബലപ്പെടുത്തൽ പ്രവൃത്തിക്ക് ചെന്നൈ ആസ്ഥാനമായ കമ്പനിക്ക് ടെൻഡർ നൽകുകയും ചെയ്തു. ഭൂമി കൈമാറൽ നടപടി നീളുന്നതിനിടെ കെട്ടിടം ഉടൻ ബലപ്പെടുത്തി കൈമാറണം എന്നാവശ്യപ്പെട്ട് അലിഫ് ഹൈകോടതിയെ സമീപിച്ചു. സർക്കാറിന്റെ മൗനാനുവാദത്തോടെയാണ് തങ്ങൾ കോടതിയെ സമീപിച്ചിരുന്നതെന്ന് അലിഫ് പ്രതിനിധികൾതന്നെ പറയുന്നു.
അതിനിടെ കെ.ടി.ഡി.എഫ്.സി എം.ഡിയും ഗതാഗത മന്ത്രിയും മാറിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. കെട്ടിടം നിലവിലെ അവസ്ഥയിലാണ് കൈമാറിയതെന്നും ബലപ്പെടുത്തൽ പാട്ടത്തിനെടുത്തവരുടെ ഉത്തരവാദിത്തമാണെന്നും കെ.ടി.സി.എഫ്.സി കോടതിയെ അറിയിക്കുകയായിരുന്നു.
വെള്ളിയാഴ്ച കോടതി കേസ് പരിഗണിച്ചെങ്കിലും അടുത്ത മാസം എട്ടിലേക്ക് മാറ്റിയിരിക്കയാണ്. കെട്ടിടം അലിഫ് ബലപ്പെടുത്തട്ടെ, അതിന് തയാറല്ലെങ്കിൽ കരാറിൽ ഒഴിയട്ടെ എന്നാണ് സർക്കാറിന്റെ നിലപാട്. എന്നാൽ എളുപ്പത്തിൽ ഒഴിഞ്ഞുകൊടുക്കാൻ അലിഫും തയാറല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.