കോഴിക്കോട്: ആശുപത്രി സേവനങ്ങൾ ഡിജിറ്റലാക്കുന്ന ഇ-ഹെൽത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർണമായും നടപ്പാക്കുന്നു.
ഇതിന്റെ ട്രയൽ റൺ ശനിയാഴ്ച ആരംഭിച്ചു. ആദ്യഘട്ടത്തിൽ രജിസ്ട്രേഷൻ നടപടികളാണ് ഇ-ഹെൽത്ത് സോഫ്റ്റ്വെയറിലേക്ക് മാറ്റുന്നത്. രോഗികൾക്ക്, മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുമ്പോൾതന്നെ ഡോക്ടറെ കാണിക്കേണ്ട തീയതിയും സമയവും അറിയിക്കുന്ന ശീട്ട് ലഭിക്കും. ഇതുമായി ഒ.പി ടിക്കറ്റ് കൗണ്ടറിൽ എത്തിയാൽ പെട്ടെന്ന് ടിക്കറ്റ് ലഭിക്കുമെന്നതാണ് ഗുണം. ഇതുവഴി ടിക്കറ്റിനായുള്ള വലിയ കാത്തിരിപ്പ് അവസാനിപ്പിക്കാം.
ഭാവിയിൽ അഡ്മിറ്റ്, ഡിസ്ചാർജ്, ബില്ലിങ്, ലാബ് സൗകര്യം തുടങ്ങിയ സേവനങ്ങൾ മൂന്ന് ഇ-ഹെൽത്തിലേക്ക് മാറ്റും. ഇത് മൂന്നുമാസത്തിനകം പൂർത്തിയാക്കാനാണ് നീക്കം. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രം, ചെസ്റ്റ് ആശുപത്രി എന്നിവിടങ്ങളിൽ നേരത്തേ തന്നെ ഇ-ഹെൽത്ത് നടപ്പാക്കിയിരുന്നു. ജില്ലയിലെ 64 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനമുണ്ട്. ബീച്ച് ജനറൽ ആശുപത്രി, വടകര ജില്ല ആശുപത്രി എന്നിവിടങ്ങളിൽ നേരത്തേ ഇ-ഹെൽത്ത് സൗകര്യമൊരുക്കിയിരുന്നു.
വൈകാതെ യു.എച്ച്.ഐ.ഡി കാർഡും
ആധാർ നമ്പർ ലിങ്ക് ചെയ്ത യു.എച്ച്.ഐ.ഡി കാർഡുള്ളവർക്കാണ് ഇ-ഹെൽത്ത് സേവനം ലഭിക്കുക. ഇ-ഹെൽത്ത് സേവനം ലഭിക്കുന്ന ആശുപത്രികളിൽ ആധാർ കാർഡുമായി എത്തിയാൽ യു.എച്ച്.ഐ.ഡി കാർഡ് ലഭിക്കും.
മെഡിക്കൽ കോളജിൽ ഇപ്പോൾ ഈ സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. അടുത്ത ഘട്ടത്തിൽ യു.എച്ച്.ഐ.ഡി കാർഡ് അടിച്ചുകൊടുക്കുന്നതും ആരംഭിക്കും.
പേരാമ്പ്ര, നാദാപുരം, കുറ്റ്യാടി, ഫറോക്ക്, കൊയിലാണ്ടി താലൂക്ക് ആശുപത്രികൾ, തെരഞ്ഞെടുക്കപ്പെട്ട സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യകേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ഇ-ഹെൽത്തുണ്ട്. ജില്ലയിൽ ഇതുവരെ 71,89,766 പേരാണ് പദ്ധതിയുടെ ഭാഗമായത്. 19,95,108 പേർ സ്ഥിരം യുനീക് ഹെൽത്ത് ഐഡന്റിഫിക്കേഷൻ കാർഡ് (യു.എച്ച്.ഐ.ഡി) കൈപ്പറ്റി. 51,94,658 പേർ താൽക്കാലിക രജിസ്ട്രേഷൻ നേടി. ഒ.പി ടിക്കറ്റെടുക്കുന്നവരിൽ 27.75 ശതമാനം സ്ഥിരം യു.എച്ച്.ഐ.ഡി കാർഡുള്ളവരാണ്.
ഇ-ഹെൽത്ത്
ഒ.പി ടിക്കറ്റ് ടോക്കൺ, അപ്പോയ്ന്റ്മെന്റ്, പരിശോധന ഫലം, ലാബ് ഫലം, മെഡിക്കൽ റെക്കോഡ് എന്നീ സേവനങ്ങൾ ഇ-ഹെൽത്ത് വഴി ഓൺലൈനായി ലഭിക്കും. ലാബ് ഫലം എസ്.എം.എസായും ലഭിക്കും. ജീവിതശൈലീ രോഗനിർണയത്തിന് ശൈലി ആപ്പുമുണ്ട്. ആശുപത്രികൾ പേപ്പർരഹിതമാക്കാനും കൂടുതൽ രോഗീസൗഹൃദമാക്കുന്നതിനുമായാണ് ഇ-ഹെൽത്ത് ഒരുക്കിയത്. പദ്ധതി പൂർണതോതിൽ നടപ്പാകുന്നതോടെ രോഗി ചികിത്സ തേടിയതു മുതലുള്ള വിവരം ഡോക്ടറുടെ വിരൽത്തുമ്പിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.