കോഴിക്കോട്: കാലമേറെയായി പറഞ്ഞുകേൾക്കുന്ന കനോലി കനാൽ വികസനം 'കനാൽ സിറ്റി' പദ്ധതി യാഥാർഥ്യമാക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയത് കോഴിക്കോടിന്റെ പ്രതീക്ഷകൾ വാനോളമുയർത്തി. കനാൽ രാജ്യാന്തര ജലപാത നിലവാരത്തിലേക്ക് ഉയർത്താൻ 1118 കോടി രൂപയുടെ പദ്ധതി നടപ്പായാൽ നഗരം കണ്ട എറ്റവും വലിയ വികസനമായി അത് മാറും.
കിഫ്ബി ധനസഹായത്തോടെ തുക ലഭ്യമാക്കി പദ്ധതി നടപ്പാക്കാനാണ് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകിയത്. ചരക്കുഗതാഗതം, പട്ടണത്തിലെ വെള്ളപ്പൊക്ക നിയന്ത്രണം, ടൂറിസം എന്നിവക്ക് പ്രത്യേക ഊന്നൽ നൽകിയാണ് പദ്ധതി. പരിസ്ഥിതിസൗഹൃദ കനാൽ വികസനമാണ് നടപ്പാക്കുക. മലിനീകരണം ഒഴിവാക്കുന്നതിന് സംവിധാനമുണ്ടാവും. തീരവും ഭംഗിയാക്കും.
കല്ലായി മുതല്‍ എരഞ്ഞിക്കല്‍ വരെ 11.2 കിലോമീറ്ററിലാണ് കനോലി കനാല്‍ ഒഴുകുന്നത്. ഇത്രയും ദൂരം നഗരത്തിൽ വികസനം വരുമെന്നതാണ് പ്രത്യേകത. ചുറ്റുമുള്ള റോഡും പാലവുമെല്ലാം വികസിപ്പിക്കുന്നതാണ് പദ്ധതി.
കനാല്‍ സിറ്റി പദ്ധതി സാധ്യതാപഠനത്തിന് ഏജന്‍സിയെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. ലീ അസോസിയേറ്റ്സ് സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡിനെയാണ് നിയമിച്ചത്. ഇവർ നഗരത്തിലെത്തി പഠനം നടത്തും. പദ്ധതിക്ക് കനാലിന്റെ വീതി കൂട്ടുന്നതും സ്ഥലമേറ്റെടുക്കലും മറ്റും സാധ്യതാ പഠനത്തിലൂടെയേ വ്യക്തമാവുള്ളൂ.
ക്വില്ലിന്റെ (കേരള വാട്ടർവേസ് ആൻഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്) നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതി പഠിക്കാന്‍ ആഗോള ഏജന്‍സിയായാണ് ലീ അസോസിയേറ്റ്സിനെ തീരുമാനിച്ചത്. ടെൻഡറിന് എത്തിയ പത്തിലേറെ കമ്പനികളിൽനിന്നാണ് തിരഞ്ഞെടുക്കൽ. ഡല്‍ഹി കേന്ദ്രീകരിച്ചാണ് കമ്പനി പ്രവർത്തിക്കുന്നത്.
ഇവരുമായി കരാര്‍ ഒപ്പുവെക്കാൻ ഇനിയും നടപടിക്രമങ്ങള്‍ വേണം. സാധ്യതകള്‍ പഠിച്ച് വിശദമായ പദ്ധതി രൂപരേഖയും (ഡി.പി.ആര്) തയാറാക്കണം. കനാലിൽ ചളിനീക്കലും ജനകീയ മാലിന്യനീക്കവും കഴിഞ്ഞ വർഷങ്ങളിൽ നടത്തിയെങ്കിലും ഒന്നും സ്ഥിരമായി മുന്നോട്ടുപോവുന്നില്ലെന്ന പരാതി വ്യാപകമാണ്.
സംസ്ഥാന സർക്കാർ തീരുമാനം കോഴിക്കോടിന്റെ മാത്രമല്ല, സംസ്ഥാനത്തിന്റെ തന്നെ ടൂറിസം വികസനത്തിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന ജലപാതയുടെ ഭാഗമായി വരുന്ന മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട കനാലാണ് കോഴിക്കോട് ജില്ലയിലെ കനോലി കനാൽ.
തിരുവനന്തപുരം മുതൽ കാസർകോട് വരെ ദേശീയപാത വികസനത്തോടൊപ്പം തന്നെ ജലപാതയും നമുക്ക് കൊണ്ടുവരാൻ സാധിക്കും. വെസ്റ്റ് കോസ്റ്റ് കനാൽ വികസനം എന്ന പേരിൽ കേരളത്തിലെ എല്ലാ കനാലുകളും വീണ്ടെടുത്ത് ജലപാത യാഥാർഥ്യമാക്കുന്ന പ്രവർത്തനമാണ് നടന്നുവരുന്നത്. കനാൽ ആധുനികനിലവാരത്തിൽ നവീകരിക്കുമ്പോൾ അത് കനാലിന്റെ വീണ്ടെടുപ്പ് കൂടിയാവും.
ചരക്ക് ഗതാഗതത്തോടൊപ്പം തന്നെ മനോഹരമാക്കുന്ന കനാലിലൂടെയുള്ള യാത്ര ടൂറിസത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത് -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.