കോഴിക്കോട്: കുടുംബശ്രീരജതജൂബിലി ആഘോഷിക്കുമ്പോൾ, കേസിൽ കുരുങ്ങി ഏറെ കൊട്ടിഘോഷിക്കപ്പെട്ട് ആരംഭിച്ച മഹിള മാൾ. ഏഷ്യയിലെ ആദ്യത്തെ വനിതാ മാളെന്ന് പ്രഖ്യാപിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച മാളാണ് സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടിയത്. ഇതോടെ ലക്ഷങ്ങള്‍ മുടക്കി കച്ചവടത്തിനിറങ്ങിയ സ്ത്രീകള്‍ കടക്കെണിയിലായി. യൂനിറ്റി കുടുംബശ്രീയുടെ നേതൃത്വത്തില്‍ പത്ത് സ്ത്രീകള്‍ ചേര്‍ന്ന് തുടങ്ങിയ മാളിന് കുടുംബശ്രീ ജില്ല മിഷന്‍റെയും കോർപറേഷന്‍റെയും സഹകരണമുണ്ടായിരുന്നു.
2018 നവംബര്‍ 24ന് ആയിരുന്നു മഹിളാ മാള്‍ ഉദ്ഘാടനംചെയ്തത്. തുടക്കത്തിൽ 78ഓളം ഷോപ്പുകളാണ് ഇവിടെ ഉണ്ടായിരുന്നത്. അഞ്ച് മാസത്തിനകം മാൾ നഷ്ടത്തിലാണെന്ന് പരാതി ഉയർന്നു. ഇരട്ടപ്രഹരമായി കോവിഡ് ലോക് ഡൗണും വന്നു. കൂടിയ വാടക വാങ്ങിയെങ്കിലും ഉപഭോക്താക്കളെ ആകർഷിക്കുന്ന ഒരു സൗകര്യവും ഒരുക്കിയില്ലെന്നാണ് യൂനിറ്റി ഗ്രൂപ്പിനെതിരെ സംരംഭകരുടെ ആരോപണം. എന്നാൽ, തങ്ങൾ വലിയ തുക മുടക്കിയാണ് സൗകര്യങ്ങളൊരുക്കിയതെന്ന് യൂനിറ്റി ഗ്രൂപ് പറയുന്നു. വയനാട് റോഡിൽ നഗരത്തിലേക്കുള്ള വൺവേയിലാണ് മഹിള മാൾ.
ഉപഭോക്താക്കൾക്ക് എത്തിപ്പെടാൻ കഴിയാത്ത ഇടം മാളിനായി തെരഞ്ഞെടുത്തത് എന്തിനെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. കെട്ടിടനിർമാണ ചട്ടം ലംഘിച്ച് പണിത കെട്ടിടത്തിന് താൽക്കാലിക ലൈസൻസ് മാത്രമാണ് നൽകിയിരുന്നതെന്നും മഹിളാ മാളിന്‍റെ മറവിൽ ഉടമ ലൈസൻസ് സംഘടിപ്പിക്കുകയായിരുന്നുവെന്നും ആരോപിച്ച് കോൺഗ്രസ് കോർപറേഷൻ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതോടെ കെട്ടിടത്തിന് നൽകിയ ലൈസൻസ് കോർപറേഷൻ മരവിപ്പിച്ചിരിക്കുകയാണ്. മുൻ കുടുംബശ്രീ പ്രോജക്ട് ഓഫിസർക്കെതിരെയും പരാതികളുയരുന്നുണ്ട്. 2020 മാർച്ചിൽ കോവിഡ് മൂലം അടച്ചിട്ട മാൾ തുറക്കാനാവശ്യപ്പെട്ട് സംരംഭകർ കോടതിയെ സമീപിച്ചിരുന്നു. വിധി അനുകൂലമായിട്ടും തുറന്നില്ല. ഒടുവിൽ കലക്ടർ ഇടപെട്ടാണ് മാൾ തുറന്നത്.
എന്നാൽ, കുടിശ്ശികയുള്ളതിനാൽ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരുന്നു. വൈദ്യുതി ഇല്ലാതെ, ജനൽ പോലുമില്ലാതെ ഒരു കട തുറന്ന് പ്രവർത്തിക്കുന്നതെങ്ങനെയെന്നാണ് സംരംഭകർ ചോദിക്കുന്നത്. ഇതുസംബന്ധിച്ച് സംരംഭകരും കെട്ടിട ഉടമയും നൽകിയ കേസുകൾ കോടതിയുടെ പരിഗണനയിലാണ്. പ്രശ്നം സങ്കീർണമായതോടെ പദ്ധതിയുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് കോർപറേഷനും കുടുംബശ്രീയും ഒരുപോലെ കൈമലർത്തുകയാണ്. വലിയ തുക വായ്പയെടുത്ത് ബിസിനസ് തുടങ്ങിയവരാണ് ഇപ്പോൾ വഴിയാധാരമായത്. സംരംഭകരുടെ കോടിക്കണക്കിന് രൂപയുടെ സാധനങ്ങളാണ് കെട്ടിടത്തിൽ നശിച്ചുകൊണ്ടിരിക്കുന്നത്. കോർപറേഷന്‍റെ ഓഫിസിൽ വെച്ചാണ് മുൻകൂർ സംരംഭകർ തുക കൈമാറിയത്.
ലക്ഷങ്ങൾ വായ്പയെടുത്ത സംരംഭകർക്ക് വായ്പ തിരിച്ചടക്കാൻ ബാങ്കിൽനിന്ന് സമ്മർദമുണ്ട്. കോർപറേഷന്‍റെ സ്വപ്ന പദ്ധതി, പ്രളയത്തിന്‍റെ അതിജീവനം എന്നൊക്കെ പേരിൽ നൽകിയ പരസ്യങ്ങളാണ് തങ്ങളെ സംരംഭം തുടങ്ങാൻ പ്രേരിപ്പിച്ചതെന്ന് കടയുടമകൾ പറയുന്നു. തങ്ങളുടെ മുന്നിൽ ആത്മഹത്യയല്ലാതെ മറ്റ് മാർഗമില്ലെന്ന് പറയുന്നു നിരാലംബരായ സംരംഭകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.