കുന്ദമംഗലം: സംസാരം മുറിഞ്ഞുതീരുംമുമ്പേയുള്ള അപകടവാർത്ത കേട്ട് നടുങ്ങി കുടുംബം. കൺമുന്നിലെ കാഴ്ച മറയുംമുമ്പേ ഞൊടിയിടയിൽ നടന്ന അപകടം വിശ്വസിക്കാനാവാതെ നാട്ടുകാരും. ചെത്തുകടവ് കുഴിമണ്ണിൽ കടവിൽ അമ്മയും മകളും ബന്ധുവിന്റെ മകനും മുങ്ങിമരിച്ച സംഭവത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ് നാട്.
മിനിചാത്തൻകാവ് കാരിപ്പറമ്പത്ത് മിനിയും മകൾ ആതിരയും മകനും ബന്ധുവായ ഷൈജുവിന്റെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു. വീട്ടിലെത്തി ബന്ധുക്കളുമായുള്ള സംസാരത്തിനും ഭക്ഷണത്തിനുംശേഷം സ്ഥലം കാണാനും കുറച്ചുനേരം സംസാരിക്കാനുമായി ഷൈജുവിന്റെ ഭാര്യ സനൂജയും മകൻ അദ്വൈതും സഹോദരിയുംകൂടി പുഴക്കരയിലേക്കു പോകുകയായിരുന്നു. കുടുംബമെത്തിയ സന്തോഷത്തിൽ ആവേശഭരിതനായ അദ്വൈത് പുഴക്കരയിലൂടെ നടന്നുനീങ്ങവെ കാൽ തെറ്റി പുഴയിലേക്കു വീണു.
ചളിനിറഞ്ഞ ഭാഗമായതിനാൽ താഴ്ന്നുപോയി. മകൻ വീണതുകണ്ട് വെപ്രാളത്തിലായ സനൂജ മകനെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്തുചാടി. ആഴവും ചളിയും അറിയാതെ പുഴയിലേക്കു ചാടിയ സനൂജയെ കാണാത്തതിനെത്തുടർന്ന് കൂടെയുണ്ടായിരുന്ന മിനിയും ആതിരയും പുഴയിലേക്ക് ഇറങ്ങിയെങ്കിലും ചളിയിൽ ആണ്ടുപോകുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ആതിരയുടെ മകന്റെയും അദ്വൈതിന്റെ സഹോദരിയുടെയും കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്.
സനൂജയെ പുറത്തെടുത്ത് നാട്ടുകർ ആശുപത്രിയിലെത്തിച്ചു. വെള്ളിമാട്കുന്നിൽനിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സേനയാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. അപകടത്തിൽ സനൂജയെ രക്ഷപ്പെടുത്താൻ ഭാഗ്യം കിട്ടിയെങ്കിലും മറ്റുള്ളവരെ രക്ഷപ്പെടുത്താനാവത്ത വിഷമത്തിലാണ് പ്രദേശവാസികൾ. പുഴയുടെ ഈ ഭാഗത്ത് ആഴം കൂടുതലാണെന്ന് നാട്ടുകാർ പറഞ്ഞു.
കുന്ദമംഗലം: അമ്മയും മകളും ബന്ധുവും മുങ്ങിമരിച്ച സംഭവത്തിൽ നടുക്കംമാറാതെ നാട്ടുകാർ. പുഴയിൽ മുങ്ങി അപകടത്തിൽ പരിക്കേറ്റ സിനൂജയെയും മരിച്ച മിനിയെയും നാട്ടുകാരുടെ നേതൃത്വത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്.
വിവരം ലഭിച്ച ഉടൻ വെള്ളിമാട്കുന്നിൽനിന്ന് അസി. സ്റ്റേഷൻ ഓഫിസർ അബ്ദുൽ ഫൈസിയുടെ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് അഗ്നിശമന സേനയും കുന്ദമംഗലം പൊലീസും സ്ഥലത്തെത്തി. ഇവരുടെ നേതൃത്വത്തിൽ ആതിരയെയും അദ്വൈതിനെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസും അഗ്നിരക്ഷ നിലയത്തിലെ ഫയർമാന്മാരായ റാഷിദ്, ഷഫീക്കലി, ജിതേഷ്, മനു പ്രസാദ്, സിന്തിൽ, അഖിൽ, ഹോംഗാർഡ് ബാലകൃഷ്ണൻ, സിവിൽ ഡിഫൻസ് അംഗം വിനീത് എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഇൻക്വസ്റ്റ് നടപടികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.