കുന്ദമംഗലം: കേരളത്തിലെ കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും റവന്യൂ സേവനങ്ങൾ മൊബൈൽ വഴി ലഭ്യമാക്കാൻ കഴിയുന്ന വിധത്തിൽ റവന്യൂ ഇ-സാക്ഷരതയിലേക്ക് കേരളം മുന്നേറുകയാണെന്ന് മന്ത്രി കെ. രാജൻ. നികുതി അടക്കാതെ ഒഴിച്ചിട്ട ഭൂമി പരിശോധിച്ച് അർഹതയുള്ളവർക്ക് നികുതി അടക്കാവുന്ന വിധത്തിൽ റവന്യൂ വകുപ്പ് അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണെന്ന് മന്ത്രി പറഞ്ഞു.
പൂളക്കോട് സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. റീബിൽഡ് കേരള ഇനീഷ്യേറ്റിവിൽ ഉൾപ്പെടുത്തി നിർമിച്ച പൂളക്കോട് സ്മാർട്ട് വില്ലേജ് ഓഫിസിന്റെ നിർമാണ ചെലവ് 44 ലക്ഷം രൂപയാണ്.
ഭംഗിയുള്ള കെട്ടിടത്തോടൊപ്പം ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് സംവിധാനങ്ങളും ഓഫിസിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പഴയ കെട്ടിടം പൊളിച്ചു മാറ്റിയതിന് ശേഷമാണ് പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. കൂടാതെ വില്ലേജ് ഓഫിസറുടെ റൂം, സ്പെഷൽ വില്ലേജ് ഓഫിസറുടെ റൂം, ഓഫിസ് ഏരിയ, കാത്തിരിപ്പു മുറി, സ്റ്റോറേജ് റൂം, പൊതുജനങ്ങൾക്കുള്ള ശൗചാലയം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
നിർമിതി കേന്ദ്രം അസി. പ്രോജക്ട് മാനേജർ ഡെന്നീസ് മാത്യു റിപ്പോർട്ടവതരിപ്പിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. മാധവൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുഷമ, ജില്ല -ബ്ലോക്ക്- ഗ്രാമപഞ്ചായത്ത്- അംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ല കലക്ടർ എ. ഗീത സ്വാഗതവും കോഴിക്കോട് തഹസിൽദാർ എ.എം. പ്രേംലാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.