കുന്ദമംഗലം : പൂനൂർ പുഴ വീണ്ടെടുക്കൽ പ്രവർത്തനങ്ങളുടെ ഭാഗമായി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പുഴ വീണ്ടെടുക്കൽ പ്രവർത്തനം സജീവമാകുന്നു. ഹരിതകേരളം മിഷന്റെ ‘ഇനി ഞാൻ ഒഴുകട്ടെ’ കാമ്പയിനിന്റെ ഭാഗമായി കുന്ദമംഗലം, കുരുവട്ടൂർ ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി പൂനൂർ പുഴയുടെ പണ്ടാരപറമ്പ് ഭാഗത്തു നടത്തിയ പരിപാടി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം നിർവഹിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം ശശികല അധ്യക്ഷത വഹിച്ചു.
കുന്ദമംഗലം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ചന്ദ്രൻ തിരുവലത്ത്, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷബ്ന റഷീദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈജ വളപ്പിൽ, ഫാത്തിമ ജസ്ലിൻ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട, കമ്മിറ്റി അംഗങ്ങളായ സുരേഷ്, മുഹമ്മദ് ഹാജി, ബാലകൃഷ്ണൻ, സാലിം നെച്ചുളി, മുഹമ്മദ് ഹാജി വടക്കയിൽ തുടങ്ങിയവർ സംസാരിച്ചു. പൂനൂർ പുഴ സംരക്ഷണ സമിതി പ്രസിഡന്റ് അബൂബക്കർ പടനിലം സ്വാഗതം പറഞ്ഞു.
കട്ടിപ്പാറ പഞ്ചായത്ത് മുതൽ കോരപുഴ വരെയുള്ള പുഴയുടെ സംരക്ഷണത്തിനായി രൂപവത്കരിച്ച സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മാതൃകപരമായി ശുചീകരണം നടന്നു വരുകയാണ്. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഘട്ടം ഘട്ടമായി പുഴയിൽ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തനവും ഒഴുക്ക് തടസ്സമായി പുഴയിലേക്ക് വീണ മരങ്ങൾ മുറിച്ചു നീക്കം ചെയ്യുന്ന പ്രവർത്തനവും നടന്നുവരുന്നു.
നിലവിൽ കൊടുവള്ളി മുതൽ കുരുവട്ടൂർ വരെയുള്ള പുഴയുടെ വിവിധ ഭാഗങ്ങളിലായി അഞ്ച് കിലോമീറ്ററോളം ശുചീകരണം നടത്തി. പുഴയിലൂടെ ഒഴുകിയെത്തുന്ന മാലിന്യവും വീണുകിടക്കുന്ന മരങ്ങളും ഒഴുക്കിനെ കാര്യമായി ബാധിക്കുകയും പുഴ മാലിന്യപ്പെടുന്നതിനും തുരുത്തുകൾ രൂപപ്പെട്ടു വഴി മാറി ഒഴുകുന്നതിനും കാരണമാകുന്നു. നിലവിൽ ജനകീയമായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പുറമെ പുഴയുടെ സംരക്ഷണത്തിനായി പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പുഴ ഒഴുകുന്ന മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും കൂട്ടിയോചിപ്പിച്ച് പദ്ധതികൾ ആവിഷ്കരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.