കുന്ദമംഗലം: ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങളിൽ വരുന്ന ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. കുറച്ചുകാലം മുമ്പുവരെയുണ്ടായിരുന്ന പാർക്കിങ്ങിനുള്ള സ്ഥലം അധികൃതർ ഓട്ടോ സ്റ്റാൻഡാക്കി മാറ്റുകയായിരുന്നു.
നിലവിൽ ബിൽഡിങ്ങിന് പാർക്കിങ് എരിയ ഇല്ലാതായി. ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലേക്ക് വരുന്ന വാഹനങ്ങൾ ബസ് സ്റ്റാൻഡ് പരിസരത്ത് നിർത്തിയിട്ടാൽ സിറ്റി ട്രാഫിക് പൊലീസ് പിഴയിടുന്നുവെന്നും ഷോപ്പിങ് കോംപ്ലക്സിലെ കച്ചവടക്കാരുടെ വാഹനങ്ങൾക്കും പിഴയീടാക്കുന്നുവെന്നും കച്ചവടക്കാർ പറയുന്നു.
അതുപോലെ കുന്ദമംഗലം അങ്ങാടിയിൽ ഓപൺ സ്റ്റേജുണ്ടായിട്ടുപോലും ബസ് സ്റ്റാൻഡിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതുമൂലം കച്ചവടത്തെ മോശമായരീതിയിൽ ബാധിക്കുന്നു. വാടകയും തൊഴിലാളികൾക്ക് കൂലിയും കൊടുക്കാൻ കഴിയാത്തവിധം കച്ചവടക്കാർ ബുദ്ധിമുട്ടിലാണെന്നും അങ്ങനെയിരിക്കെയാണ് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിന് മുന്നിൽ പൊതുയോഗങ്ങളും മറ്റ് പരിപാടികളും നടക്കുന്നതെന്നും കച്ചവടക്കാർ പറയുന്നു.
ബസ് സ്റ്റാൻഡുകളിൽ പാർക്കിങ് സൗകര്യമോ അംഗപരിമിതർക്കുള്ള പ്രത്യേക നടപ്പാതയോ ഇല്ല. ആവശ്യത്തിനുള്ള ശൗചാലയ സൗകര്യവും ഇവിടെയില്ല. പാർക്കിങ് സൗകര്യമില്ലാത്തത് കാരണം അങ്ങാടിയിലെവിടെയും വാഹനങ്ങൾ നിർത്താൻ സാധിക്കാത്തതും നിത്യവുമുണ്ടാകുന്ന ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണമാണ്.
ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ബസ് സ്റ്റാൻഡിലെ കടകളിലേക്ക് സാധനങ്ങളുമായെത്തുന്ന വാഹനങ്ങൾക്ക് സ്റ്റാൻഡിനുള്ളിൽ നിർത്തി സ്ഥാപനങ്ങളിലേക്ക് ലോഡിറക്കാനും കടയുടമകൾക്ക് സ്വന്തം വാഹനങ്ങൾ ഇവിടെ നിർത്താനുമുള്ള സൗകര്യമൊരുക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റി പഞ്ചായത്ത് അധികൃതരോട് അവശ്യപ്പെട്ടു.
പഞ്ചായത്ത് അധികാരികളുമായി നടന്ന ചർച്ചയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് എം. ബാബുമോൻ, പി. ജയശങ്കർ, എൻ. വിനോദ് കുമാർ, എം.പി. മൂസ, സുനിൽ കണ്ണോറ, ടി.വി. ഹാരിസ് കെ. ഭാസ്കരൻ, എൻ.വി. അഷ്റഫ് എന്നിവർ പങ്കെടുത്തു.ബസ് സ്റ്റാൻഡിലെ കച്ചവടക്കാരുടെ നിരവധി പ്രശ്നങ്ങളുയർത്തി വ്യാപാരി വ്യവസായി സമിതി യൂനിറ്റ് കമ്മിറ്റി പഞ്ചായത്ത് അധികാരികൾക്ക് ദിവസങ്ങൾക്കുമുമ്പ് നിവേദനം നൽകിയിരുന്നു.
ബസ് സ്റ്റാൻഡ് ബിൽഡിങ്ങിന് പാർക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്നും ശൗചാലയസൗകര്യങ്ങൾ ആവശ്യത്തിന് അനുവദിക്കണമെന്നും പൊതുപരിപാടികൾ ബസ് സ്റ്റാൻഡിൽ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡന്റ് വി. അനിൽകുമാർ, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി സി.എം. ബൈജു, ഏരിയ പ്രസിഡന്റ് ഒ. വേലായുധൻ, യൂനിറ്റ് പ്രസിഡന്റ് ബഷീർ നീലാറമ്മൽ, സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.