കുന്ദമംഗലം: ടൗണിലെ കണ്ണായ സ്ഥലം അപഹരിക്കുന്ന പഴകിപ്പൊളിഞ്ഞ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുമാറ്റി ജനോപകാരപ്രദമാവുന്ന പദ്ധതികൾക്ക് ഉപയോഗിക്കണമെന്ന ആവശ്യം ശക്തമാവുന്നു. അങ്ങാടിയുടെ ഒത്തനടുക്ക് ബ്ലോക്ക് പഞ്ചായത്ത് സ്റ്റേജിന് അടുത്തായി ദേശീയപാതയോരത്താണ് പഴയ ബസ് കാത്തിരിപ്പു കേന്ദ്രം. നാല് പതിറ്റാണ്ടിലേറെ പഴക്കമുണ്ടിതിന്.
കുന്ദമംഗലം അങ്ങാടി വികസിച്ചതോടെ ബസ് സ്റ്റാൻഡ് നിർമിക്കേണ്ടിവന്നു. 1983ലാണ് കുന്ദമംഗലത്തെ ആദ്യത്തെ ബസ് സ്റ്റാൻഡ് നിർമിച്ചതെന്ന് അന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഖാലിദ് കിളിമുണ്ട പറഞ്ഞു. അതിനുശേഷമാണ് തൊട്ടടുത്തുള്ള ഈ ബസ് കാത്തിരിപ്പ് കേന്ദ്രം ഉപയോഗശൂന്യമായത്.
കുന്ദമംഗലത്ത് നിലവിൽ രണ്ട് ബസ് സ്റ്റാൻഡുകൾ ഉണ്ട്. നിരവധി കച്ചവടസ്ഥാപനങ്ങളും മറ്റുമായി വലിയ പട്ടണമായി മാറുന്ന കുന്ദമംഗലത്തെ പഴയ ബസ് കാത്തിരുപ്പുകേന്ദ്രം ഇപ്പോൾ ഉപയോഗശൂന്യമാണ്. നിത്യവും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന അങ്ങാടിയിൽ പാർക്കിങ് സൗകര്യമില്ല.
ഇത് കച്ചവട സ്ഥാപനങ്ങളിലേക്ക് വരുന്നവർക്കും മറ്റ് ആവശ്യത്തിന് വരുന്നവർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു. അതിനാൽ, പൊതുജനത്തിന് ഉപകാരപ്രദമായ രീതിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പഴകിയ കെട്ടിടം പൊളിച്ചുമാറ്റി അനുയോജ്യമായ പദ്ധതിക്ക് അധികൃതർ രൂപം നൽകണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
റവന്യൂ വിഭാഗത്തിന്റെ ഭൂമി വർഷങ്ങൾക്ക് മുമ്പ് ബസ് കാത്തിരിപ്പു കേന്ദ്രം പണിയുന്നതിന് പഞ്ചായത്തിന് നൽകുകയായിരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ട് ഭാഗങ്ങളായി തിരിച്ചായിരുന്നു നിർമാണം. പുതിയ സ്റ്റാൻഡ് നിർമിച്ചതിനുശേഷം ഇവിടെ ബസുകൾ നിർത്താതായതോടെ രണ്ട് ഷട്ടർ ഇട്ട് സർവേ വിഭാഗം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു.
പിന്നീട് ഈ സ്ഥലത്ത് മാലിന്യം നിറഞ്ഞപ്പോൾ പഞ്ചായത്ത് അധികൃതർക്ക് മുന്നറിയിപ്പ് ബോർഡ് വെക്കേണ്ടിവന്നു. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അധികൃതർ പുതിയ പദ്ധതികൾ രൂപവത്കരിക്കുമ്പോൾ അതേ അങ്ങാടിയിൽ നോക്കുകുത്തിയായ പഴകിയ കെട്ടിടം പൊളിച്ചുമാറ്റേണ്ടത് അനിവാര്യമാണെന്ന അഭിപ്രായമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.