കോഴിക്കോട്: മഴയും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ അമിത ഭാരം വഹിച്ചുള്ള കൂറ്റൻ ട്രെയിലറുകൾ -ടിപ്പറുകൾ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി. മുൻവർഷങ്ങളിൽ കനത്ത മഴയുണ്ടാകുമ്പോൾ അപകട സാധ്യത ഒഴിവാക്കാനായി വലിയ വാഹനങ്ങൾക്ക് കോഴിക്കോട്, വയനാട് ജില്ല ഭരണകൂടങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. എന്നാൽ, ഇത്തവണ അധികൃതർ ഭീഷണി കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് പരാതി.
മലയോരമേഖലയിലാകെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. ചുരത്തിൽ തന്നെ അടുത്ത ദിവസങ്ങളിലായി ചെറിയതോതിൽ മണ്ണിടിച്ചിലും മരം കടപുഴകലുമെല്ലാമുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ അപകടം ഒഴിവാക്കാൻ അമിത ഭാരം കയറ്റുന്ന ടിപ്പറുകൾക്ക് നിയന്ത്രണം വേണമെന്നാണ് ആവശ്യം. കഴിഞ്ഞ വേനലിൽ ചുരത്തിലെ പാറക്കല്ല് അടർന്നുവീണ് ബൈക്ക് യാത്രികൻ മരിച്ചിരുന്നു.
മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അമിതഭാരം കയറ്റിയുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിനിരുവശവും പ്രകമ്പനമുണ്ടാവുന്നത് മണ്ണും കല്ലും അടർന്നുവീഴാനിടയാക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മുക്കം മേഖലയിൽനിന്നും മെറ്റൽ, ബോളർ, എംസാന്‍റ്, പി സാന്‍റ് അടക്കമുള്ളവ വയനാടിന്‍റെ വിവിധ ഭാഗങ്ങളിലെത്തിക്കാനാണ് രാപ്പകൽ വ്യത്യാസമില്ലാതെ 12 ചക്രങ്ങൾ വരെയുള്ള കൂറ്റർ ലോറികൾ സർവിസ് നടത്തുന്നത്.
അമിതഭാരം കയറ്റുന്ന വാഹനങ്ങൾ പകൽ സമയങ്ങളിൽതന്നെ ഭീഷണിയാണെന്നിരിക്കെ കടുത്ത മഴയുള്ളപ്പോൾ ഇവ നിയന്ത്രിക്കണമെന്നാണ് ആളുകളുടെ ആവശ്യം.
മഴകാരണം വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾവരെ അടച്ചിട്ടും അമിതഭാര വാഹനങ്ങൾക്ക് നിയന്ത്രണമില്ല. വയനാട് കലക്ടർ, എം.എൽ.എമാർ എന്നിവരടക്കമുള്ളവർക്ക് മുമ്പാകെ ചിലർ ഈ വിഷയം ഉന്നയിച്ചെങ്കിലും പരിശോധിക്കാമെന്നും ചുരം കോഴിക്കോട് ജില്ലയിലായതിനാൽ കോഴിക്കോട്ടെ ഭരണകൂടമാണ് നടപടി സ്വീകരിക്കേണ്ടതെന്നുമായിരുന്നു മറുപടി.
ലോറികൾ നിയന്ത്രിക്കാത്തതിനുപിന്നിൽ ക്വാറി ഉടമകളും അധികൃതരും തമ്മിലുള്ള
ഒത്തുകളിയാണെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.