കോഴിക്കോട്: പുതുവത്സരാഘോഷത്തിന്റെ വിളംബരമായി വെളിച്ചത്തില്‍ മിന്നിത്തിളങ്ങി മാനാഞ്ചിറ സ്ക്വയര്‍. പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ഞായറാഴ്ച വൈകീട്ടാണ് മാനാഞ്ചിറ സ്ക്വയര്‍ ദീപാലംകൃതമായത്. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കേക്ക് മുറിച്ച് പുതുവത്സരാഘോഷത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
‘ഇല്യൂമിനേറ്റിങ് ജോയി സ്പ്രെഡിങ് ഹാര്‍മണി’ എന്ന പ്രമേയത്തില്‍ വിനോദസഞ്ചാര വകുപ്പാണ് മാനാഞ്ചിറയില്‍ ന്യൂ ഇയര്‍ ലൈറ്റ് ഷോ ഒരുക്കിയത്. സ്നോവേള്‍ഡ് തീമിലാണ് ഇത്തവണത്തെ ദീപാലങ്കാരം രൂപകല്പന ചെയ്തത്. വെളിച്ചത്തില്‍ തീര്‍ത്ത സ്നോമാന്‍, പോളാര്‍ കരടി, പെൻഗ്വിന്, ദിനോസര്‍ തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളാണ്. ഭൂഗോളം, പിരമിഡ് തുടങ്ങിയവയും മറ്റു വ്യത്യസ്ത രൂപങ്ങളും വെളിച്ചത്തില്‍ തെളിഞ്ഞു. മാനാഞ്ചിറക്കു ചുറ്റുമുള്ള മരങ്ങളും നടപ്പാതകളുടെ വശങ്ങളും ദീപങ്ങളാല്‍ അലംകൃതമാണ്. പുതുവത്സര ദിനം വരെ എല്ലാ ദിവസവും വൈകീട്ട് 6.30 മുതല്‍ മാനാഞ്ചിറ പുതുദീപത്തില്‍ തിളങ്ങും.
മേയര്‍ ഡോ. ബീന ഫിലിപ്, എം.എൽ.എമാരായ തോട്ടത്തില്‍ രവീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, കെ.ടി.ഐ.എല്‍ ചെയര്മാന് എസ്.കെ. സജീഷ്, മുന്‍ എം.എല്‍.എ എ. പ്രദീപ് കുമാര്‍, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍, ഫാ. ജേക്കബ് ഡാനിയേല്‍, പട്ടാളപ്പള്ളി ജോയന്റ് സെക്രട്ടറി എ.വി. നൗഷാദ്, ടി.പി. ദാസന്, പി.വി. ചന്ദ്രന്, ഉമ്മര്‍ പാണ്ടികശാല, സി. ചാക്കുണ്ണി, അഡ്വ. എം. രാജന്, ടൂറിസം വകുപ്പ് മേഖല ജോയന്റ് ഡയറക്ടര്‍ ഡി. ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍, ഡി.ടി.പി.സി സെക്രട്ടറി ഡോ. ടി. നിഖില്‍ ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.