കോഴിക്കോട്: 2008ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച മാനാഞ്ചിറ -വെള്ളിമാടുകുന്ന് നാലുവരിപ്പാത വികസനം നീണ്ട 16 വർഷത്തിനുശേഷവും പ്രാവർത്തികമാക്കാത്തതിൽ ആക്ഷൻ കമ്മിറ്റി പ്രതിഷേധിച്ചു. 2012ൽ ആക്ഷൻ കമ്മിറ്റിയുടെ ശക്തമായ സമ്മർദങ്ങളുടെ ഫലമായാണ് ഉമ്മൻ ചാണ്ടി സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടിയിലൂടെ പ്രവൃത്തി ആരംഭിച്ചത്. തുടർന്ന് അധികാരത്തിൽ വന്ന പിണറായി സർക്കാർ പദ്ധതി ഉടൻ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും രണ്ടാം പിണറായി സർക്കാറിന്റെ കാലാവധി പകുതി പിന്നിട്ടിട്ടും റോഡ് വികസനം നടന്നിട്ടില്ല.
ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണന്റെയും ഗാന്ധിയൻ തായാട്ട് ബാലന്റെയും നേതൃത്വത്തിൽ റോഡ് ഉപരോധമടക്കം ബഹുജന സമരങ്ങൾ നടന്നതോടെ ഘട്ടംഘട്ടമായി റോഡ് വികസനത്തിനാവശ്യമായ ഫണ്ട് അനുവദിച്ചെങ്കിലും പദ്ധതി ഇന്നും ഇഴഞ്ഞുനീങ്ങുകയാണ്. 2024 ഏപ്രിലിൽ പദ്ധതി യാഥാർഥ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പ്രസ്താവിച്ചിരുന്നുവെങ്കിലും ഇപ്പോഴും ടെൻഡർ നടപടികൾ എങ്ങുമെത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് വരുമ്പോൾ ഫണ്ട് പ്രഖ്യാപിച്ച് പ്രചാരണം നടത്തുകയും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഫണ്ട് റിലീസ് ചെയ്യാതെ നീട്ടിക്കൊണ്ടുപോവുകയും ചെയ്യുകയെന്ന അടവുനയമാണ് സർക്കാറുകൾ സ്വീകരിക്കുന്നതെന്ന് ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. സമീപപ്രദേശങ്ങളിലെ ചെറിയ റോഡുകൾപോലും വികസിച്ചപ്പോഴും നഗരത്തിലെ പ്രധാനപ്പെട്ട വെള്ളിമാടുകുന്ന് റോഡ് വികസനത്തിൽ കടുത്ത അവഗണനയാണുണ്ടായത്.
എന്തുകൊണ്ടാണ് റോഡ് വികസനത്തിനുള്ള ടെൻഡർ നടപടി സ്വീകരിക്കാത്തതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും സ്ഥലം എം.എൽ.എ തോട്ടത്തിൽ രവീന്ദ്രനും പരസ്യമായി വ്യക്തമാക്കണം. ഇനിയും ഏറ്റെടുക്കാനുള്ള വളരെ ചുരുങ്ങിയ സ്ഥലത്തിന്റെ തടസ്സം നീക്കാൻ എന്തു നടപടികൾ എടുത്തുവെന്നും ഉദ്യോഗസ്ഥതലത്തിൽ അനാസ്ഥയുണ്ടായോ എന്നും പറയണം. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളും നിലപാടുകൾ ജനസമക്ഷം വ്യക്തമാക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ വർക്കിങ് പ്രസിഡൻറ് അഡ്വ. മാത്യു കട്ടിക്കാന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി. വാസുദേവൻ, സുനിൽ ഇൻഫ്രെയിം, പ്രദീപ് മാമ്പറ്റ, പി.എം. കോയ, എൻ. ഭാഗ്യനാഥൻ, ടി.ടി. നാസർ, പി. സദാനന്ദൻ, ജോർജ് ആലക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.