കോഴിക്കോട്: സാഹിത്യ നഗരമായി യുനെസ്കോ അംഗീകാരം ലഭിച്ച കോഴിക്കോടിന്റെ സാംസ്കാരിക മേഖലയിൽ വലിയ ഇടമുള്ള ഒരു വിഭാഗം പ്രസാധകർക്കും ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കും സാഹിത്യ നഗരം പ്രവർത്തനങ്ങളിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് ആക്ഷേപം. കേരളത്തിലെ മുൻനിര പ്രസിദ്ധീകരണാലയങ്ങളോളം തന്നെ കോഴിക്കോട്ടെ പഴയതും പുതിയതുമായ സമാന്തര സ്ഥാപനങ്ങൾക്ക് പ്രാധാന്യമുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
മാപ്പിളപ്പാട്ട് കവികൾ 13ാം നൂറ്റാണ്ട് മുതൽ കോഴിക്കോട്ട് സജീവമാണ്. 1607ൽ കോഴിക്കോട്ട് ഖാദി മുഹമ്മദ് അറബിമലയാളത്തിൽ എഴുതിയ മുഹിയുദ്ദീൻമാല മുസ്ലിംകൾക്കിടയിൽ വലിയ പ്രീതി നേടി. പുലിക്കോട്ടിൽ ഹൈദർ, കുഞ്ഞാമു മുസ്ലിയാർ തുടങ്ങി കോഴിക്കോട് കേന്ദ്രമാക്കിയ മാപ്പിളപ്പാട്ടുകാർ ഏറെയാണ്. ഇവരുടെയടക്കം എണ്ണമറ്റ ഇത്തരം കൃതികൾ പ്രസിദ്ധീകരിച്ച നിരവധി പ്രസാധകരാണ് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്നത്. മുമ്പ് തിരൂരങ്ങാടി കേന്ദ്രമായി പ്രവർത്തിച്ച, കല്ലച്ചിലും മറ്റും അറബി മലയാള കൃതികൾ പ്രസിദ്ധീകരിച്ച് തുടക്കമിട്ട ജനകീയമായ പല പ്രസിദ്ധീകരണ ശാലകളും കോഴിക്കോട്ടേക്ക് ആസ്ഥാനം മാറിയിട്ടുണ്ട്. ഇങ്ങനെ കോഴിക്കോട്ടെ സാംസ്കാരിക മേഖലയിൽ വലിയ സംഭാവനകൾ നൽകിയ സ്ഥാപനങ്ങൾക്ക് അർഹമായ പരിഗണന കിട്ടുന്നില്ലെന്നാണ് പരാതി.
കോഴിക്കോടിന്റെ സാഹിത്യ പാരമ്പര്യത്തിന് വലിയ സംഭാവന ഇത്തരം സ്ഥാപനങ്ങൾ നൽകിയിട്ടുണ്ടെന്ന് അസോസിയേഷൻ ഫോർ മുസ്ലിം പബ്ലിഷേഴ്സ് (എ.എം.പി) സെക്രട്ടറി സിദ്ദീഖ് കുറ്റിക്കാട്ടൂർ പറഞ്ഞു. വർഷങ്ങളായി ഈ കൂട്ടായ്മയിലുള്ള ഐ.പി.എച്ച്, യുവത, പൂങ്കാവനം, വചനം, അൽ ഹുദ, അയ്യൂബി, അദർ, ഷാഹിൻ, തിരൂരങ്ങാടി ബുക്സ്, എജു മാർട്ട്, ഗ്രെയ്സ്, മുഫക്കിർ, തേജസ്, കാപിറ്റൽ ഐ.പി.ബി, പ്രതിഭ, കാമൽ, അഹ്ലുസ്സുന്ന കെ.എൻ.എം, ദഅ്വ, ട്രെന്റ്, ബുക്ക് പ്ലസ് തുടങ്ങിയ പ്രസിദ്ധീകരണാലയങ്ങൾ കോഴിക്കോട് കേന്ദ്രമായാണ് പ്രവർത്തിച്ചുവരുന്നത്. ഇത്തരമൊരു കൂട്ടായ്മ സംസ്ഥാനത്തുതന്നെ അപൂർവം.
നൂറുകണക്കിന് വൈജ്ഞാനിക ഗ്രന്ഥങ്ങൾ അവർ പ്രസിദ്ധീകരിച്ചു. കോഴിക്കോട്ട് ഈ കൂട്ടായ്മ കൊർദോവ, കുർത്തുബ എന്നീ പേരുകളിൽ സംഘടിപ്പിച്ച പുസ്തകമേളയിൽ നല്ല ജനപങ്കാളിത്തവുമുണ്ടായിരുന്നു. ബുക്ക് പ്ലസ് മുൻകൈയെടുത്ത് കടപ്പുറത്ത് നടത്തിയ മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലും ശ്രദ്ധ നേടി.
കോഴിക്കോട്ടുനിന്ന് പ്രബോധനം, ശബാബ്, വിചിന്തനം, തേജസ്, ആരാമം, പുടവ, പൂങ്കാവനം, സത്യധാര, തെളിച്ചം, രിസാല, സന്തുഷ്ട കുടുംബം, തുടങ്ങി നിരവധി ആനുകാലികങ്ങളും ഇറങ്ങുന്നു. ഇവർ സംഘടിപ്പിക്കുന്ന എണ്ണമറ്റ പുസ്തക പ്രകാശന ചടങ്ങുകളും സെമിനാറുകളും പുസ്തക ചർച്ചകളുമെല്ലാം കോഴിക്കോടിന്റെ സാഹിത്യ നേട്ടങ്ങൾക്ക് മുതൽക്കൂട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.