കോഴിക്കോട്: മാധ്യമപ്രവർത്തകരെ തടയുന്ന വഴികൾ നാസിസത്തിലേക്കും ഫാഷിസത്തിലേക്കുമുള്ള വഴിയാണെന്ന് എഴുത്തുകാരൻ കൽപറ്റ നാരായണൻ. എം.എൻ. വിജയൻ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് കൗൺസിൽ ഹാളിൽ നടത്തിയ ‘മാധ്യമവേട്ട, ഇരകൾക്കും ചിലത് പറയാനുണ്ട്’ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവർത്തനം ഒരർഥത്തിൽ റദ്ദുചെയ്തുകഴിഞ്ഞു. ഭരണകൂടങ്ങൾക്കുവേണ്ടി നടത്തുന്ന പി.ആർ ജോലിയായി മാധ്യമപ്രവർത്തനം മാറിയിട്ടുണ്ട്. മാധ്യമങ്ങൾക്ക് ഏറ്റവും കൂടുതൽ പരസ്യം നൽകുന്നത് സർക്കാറുകളാണ്. അതുകൊണ്ട് സർക്കാറുകൾക്കെതിരെ സംസാരിക്കാൻ അവർക്ക് ധൈര്യവുമില്ല. വലിയ വലിയ വാർത്തകൾ കൊണ്ട് മാധ്യമങ്ങൾ നിറയുമ്പോൾ അതിന് പിന്നിൽ മറ്റെന്തോ മറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നുവേണം സംശയിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണിപ്പൂരിൽ പട്ടാളമില്ലാത്തതുകൊണ്ടെല്ല ഗാന്ധിജിയെ പോലൊരാൾ ഇല്ലാത്തതുകൊണ്ടാണ് സമാധാനം സ്ഥാപിക്കാനാവാത്തത്. പട്ടാളത്തെക്കൊണ്ട് സമാധാനം നിലനിർത്താമെന്നത് വ്യാമോഹമാണെന്നും കൽപറ്റ നാരായണൻ പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി. ചേക്കുട്ടി അധ്യക്ഷത വഹിച്ചു. പ്രമീള ഗോവിന്ദ്, റൈഹാനത്ത് കാപ്പൻ, പി.ടി. നാസർ, ഡോ. കെ.എസ്. ഹരിഹരൻ എന്നിവർ സംസാരിച്ചു. ശുഹൈബ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.