കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരെയും മാധ്യമപ്രവർത്തകനെയും ആക്രമിച്ച് പരിക്കേൽപ്പിച്ചതിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരായ കേസ് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റും. സംഭവത്തിൽ ഏഴു ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കഴിഞ്ഞദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു.
കൊലപാതകശ്രമം ഉൾപ്പെട്ടതിനാലാണ് വിചാരണ ജില്ല സെഷൻസ് കോടതിയിലേക്ക് മാറ്റുന്നത്. ഡി.വൈ.എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കോവൂർ കരിങ്കുമ്മൽ കെ. അരുൺ എന്ന ഉണ്ണി (34), ഇരിങ്ങാടൻപള്ളി മരങ്ങോളിനിലം പീതാംബരത്തിൽ എം.കെ. അഷിൻ (24), പൊയ്യേരി പുതുക്കുടി കെ. രാജേഷ് എന്ന രാജു (43), മായനാട് ഇയ്യക്കാട്ടിൽ മുഹമ്മദ് ഷബീർ (33), കോവൂർ മഠത്തിൽ സജിൻ (20), പി.എസ്. നിഖിൽ (32), കോവൂർ കിഴക്കേപ്പറമ്പ് ജിതിൻലാൽ (38) എന്നിവർക്കെതിരെ മെഡിക്കൽ കോളജ് ഡിവിഷൻ അസി. കമീഷണർ കുന്ദമംഗലം കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു.
ഗൂഢാലോചന, കൊലപാതകശ്രമം, കഠിന ദേഹോപദ്രവം ഏൽപിക്കൽ, സംഘം ചേർന്ന് മർദനം തുടങ്ങിയ എട്ടു വകുപ്പുകളുൾപ്പെടുത്തിയാണ് കുറ്റപത്രം. 2022 ആഗസ്റ്റ് 31ന് രാവിലെ സുരക്ഷ ജീവനക്കാരായ എൻ. ദിനേശൻ, കെ.എ. ശ്രീലേഷ്, രവീന്ദ്ര പണിക്കർ എന്നിവർക്കും മാധ്യമം സീനിയർ റിപ്പോർട്ടർ പി. ഷംസുദ്ദീനും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ കയറ്റാത്തത് സംബന്ധിച്ച തർക്കത്തിനൊടുവിൽ സംഘമായെത്തി ആക്രമിച്ചതായാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.