കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതി കോഴിക്കോട് പൊക്കുന്ന് തച്ചയിൽപറമ്പ് വി. ദിദിൻകുമാർ ആശുപത്രിയിലെ മുൻ ജീവനക്കാരൻ. ദിദിന്റെ തീർഥാലയം എന്ന വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ 2021 മേയിൽ ഇയാൾ മെഡിക്കൽ കോളജിൽ വാർഡ് അസിസ്റ്റന്റായി ജോലിചെയ്തിരുന്നെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് കണ്ടെത്തി.
ദിദിന്റെ പാസ് പോർട്ട് അടക്കമുള്ള രേഖകളും പൊലീസ് കണ്ടെടുത്തു. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് അസി. കമീഷണർ സുദർശൻ അറിയിച്ചു. പാസ്പോർട്ട് കണ്ടെത്തിയതിനാൽതന്നെ ഇയാൾ രാജ്യം വിട്ടിട്ടില്ലെന്നാണ് പൊലീസ് നിഗമനം. അതേസമയം ദിദിൻ പണം തട്ടിയതായി കൂടുതൽപേർ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. പന്തീരാങ്കാവ് - മൂന്ന്, ഫറോക്ക് -രണ്ട്, ചേവായൂർ -മൂന്ന് എന്നിങ്ങനെയാണ് ഇന്നലെ പരാതി നൽകിയത്.
മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാരൻ എന്ന് പരിചയപ്പെടുത്തിയാണ് പ്രതി ആളുകളിൽനിന്ന് പണം തട്ടിയത്. ആശുപത്രി വികസന സമിതിക്ക് കീഴിൽ വിവിധ ജോലികൾ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പണം കൊടുത്ത് ഒന്നര വർഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. 40ലധികം പേരിൽനിന്ന് ഇയാൾ പണം തട്ടിയെന്നാണ് പ്രാഥമിക വിവരം. പലരും പരാതി കൊടുക്കാൻ മടിക്കുകയാണ്. പല ഒഴികഴിവുകൾ പറഞ്ഞ് പണം വാങ്ങിയവരെ കബളിപ്പിച്ച ദിദിൻ ഈ മാസം നാലിന് നിയമന ഉത്തരവ് കൈമാറുമെന്നായിരുന്നു ഉറപ്പുനൽകിയിരുന്നത്.
ഇതേദിവസം പണം കൊടുത്ത ഏതാനും പേർ ഇയാളോടൊപ്പം മെഡിക്കൽ കോളജ് പരിസരത്ത് എത്തുകയും ചെയ്തിരുന്നുവത്രേ. ജോലിയോ കൊടുത്ത പണമോ തിരികെ ലഭിക്കാതായതോടെ സംശയം തോന്നിയ തങ്ങൾ പ്രതിയുടെ മൊബൈൽ പിടിച്ചുവെച്ചിരുന്നുവെന്നും എന്നാൽ, ദിദിൻ തങ്ങളെ കബളിപ്പിച്ച് ബൈക്കുമായി കടന്നു കളയുകയായിരുന്നെന്നും പരാതിക്കാർ പറഞ്ഞു.
പലരിൽ നിന്നായി ഇയാൾ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് നിഗമനം. അത്തോളി, മുക്കം, കൊയിലാണ്ടി, പന്തീരാങ്കാവ്, എലത്തൂർ, കോഴിക്കോട് നഗരം തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ളവർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
വ്യാഴാഴ്ചയാണ് മെഡിക്കൽ കോളജ് പൊലീസിൽ ആദ്യ പരാതി ലഭിച്ചത്. ഇതിനുപിന്നാലെ പരാതിയുമായി കൂടുതൽപേർ രംഗത്തെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.