കോഴിക്കോട്: അവകാശവാദങ്ങളും ആരോപണങ്ങളും ആഗ്രഹങ്ങളുമായി മൂന്നു മുന്നണികളുടെയും ജില്ലയിലെ നായകന്മാർ ഒരു വേദിയിലെത്തിയപ്പോൾ അങ്കം തീപാറി. കാലിക്കറ്റ് പ്രസ്ക്ലബ് ഒരുക്കിയ 'മീറ്റ് ദ ലീഡർ' പരിപാടിയിലാണ് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ്, ബി.ജെ.പി ജില്ല പ്രസിഡൻറ് വി.കെ. സജീവൻ എന്നിവർ അണിനിരന്നത്.
തെരഞ്ഞെടുപ്പിലെ സജീവ ചർച്ചയായ വിഷയങ്ങളെല്ലാം സംവാദത്തിലും ചർച്ചയായി. കെ-റെയിലും വെൽെഫയർ പാർട്ടിയും കാരാട്ട് ഫൈസലും അമൃത് പദ്ധതി അഴിമതിയും മഹിളമാളും കേന്ദ്രസർക്കാർ പദ്ധതികളുമെല്ലാം മൂന്നു നേതാക്കളും തരാതരം ആയുധമാക്കി. പ്രസ്ക്ലബിൽ നടന്ന പരിപാടി പ്രസിഡൻറ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും നിയന്ത്രിച്ചു.
• അവകാശവാദവും പ്രതീക്ഷയും
നിലവിലുള്ളതിനെക്കാളും തിളക്കമാർന്ന വിജയം ജില്ലയിൽ സ്വന്തമാക്കുമെന്നാണ് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ അവകാശപ്പെടുന്നത്. എൽ.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ഭരണവിരുദ്ധ വികാരമില്ല. ഒട്ടേറെ ആശ്വാസ നടപടികളാണ് എൽ.ഡി.എഫ് ജനങ്ങൾക്ക് നൽകിയത്. എൽ.ജെ.ഡിയും കേരള കോൺഗ്രസ്-എമ്മും എത്തിയത് എൽ.ഡി.എഫിന് നേട്ടമാകുമെന്നും പി. മോഹനൻ പറഞ്ഞു.
എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിനെ ഓർമപ്പെടുത്തുന്ന രീതിയിലുള്ള വിജയമാകും ജില്ലയിലുണ്ടാവുകയെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് ഉറപ്പിച്ച് പറയുന്നു. മദ്യശാലകൾക്ക് അനുമതി നൽകുന്നതടക്കമുള്ള തദ്ദേശസ്ഥാപനങ്ങളുടെ അധികാരങ്ങൾ എടുത്തുകളഞ്ഞ എൽ.ഡി.എഫിനെതിരായി വോട്ട് വീഴും. കോഴിക്കോട് കോർപറേഷനിൽ ആകെയുള്ള 75ൽ 55 സീറ്റും യു.ഡി.എഫിന് കിട്ടും. ഏഴ് നഗരസഭകളിലും അധികാരത്തിലെത്തും. 12ൽ 10 ബ്ലോക്കും നേടും. ജില്ല പഞ്ചായത്തിൽ 27ൽ 20 ഡിവിഷനിലും ജയിക്കുമെന്നും സിദ്ദീഖ് പറഞ്ഞു.
ഒന്നാമതെത്താൻേവണ്ടിയാണ് മത്സരിക്കുന്നതെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് വി.കെ. സജീവൻ പറഞ്ഞു. കോർപറേഷനിൽ 44 സീറ്റിൽ ജയിച്ച് എൻ.ഡി.എ ഭരിക്കും. രാമനാട്ടുകര, ഫറോക്ക്, കൊയിലാണ്ടി, വടകര നഗരസഭകളിൽ മികച്ച നേട്ടം െകായ്യും. ചെങ്ങോട്ടുകാവ്, കുന്ദമംഗലം തുടങ്ങിയ പഞ്ചായത്തുകളിലും അധികാരത്തിലെത്തുമെന്നും സജീവൻ കൂട്ടിച്ചേർത്തു.
• വെൽെഫയർ പാർട്ടിയും നീക്കുപോക്കും
വെൽഫെയർ പാർട്ടിയുമായുള്ള യു.ഡി.എഫിെൻറ ബന്ധം മതേതര വോട്ടുകൾ എൽ.ഡി.എഫിലെത്തിക്കുമെന്നാണ് പി. മോഹനെൻറ അഭിപ്രായം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെൽെഫയർ പാർട്ടിയുമായി എൽ.ഡി.എഫിന് ബന്ധമില്ലായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളുടെ വോട്ട് വേണ്ട.
എന്നാൽ, കുറ്റ്യാടി ഡിവിഷനിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന സ്ഥാനാർഥിക്ക് വേളം പഞ്ചായത്തിലെ ഏഴാം വാർഡിൽ എൽ.ഡി.എഫ് പിന്തുണ നൽകിയതാണെന്ന് തെളിവ് സഹിതം സിദ്ദീഖ് ഉയർത്തിക്കാട്ടി. മുക്കം നഗരസഭയിലും വിവിധ പഞ്ചായത്തുകളിലും വെൽെഫയർ പാർട്ടിയും എൽ.ഡി.എഫും 2015ൽ ഒരുമിച്ചായിരുന്നു. എൽ.ഡി.എഫിന് കഴിഞ്ഞ തവണ വെൽെഫയർ പാർട്ടി സിന്ദാബാദായിരുന്നു. ഇത്തവണ മൂർദാബാദായെന്നും സിദ്ദീഖ് പറഞ്ഞു. ഇരുമുന്നണിയും കാണുന്നവരുമായി സഖ്യമുണ്ടാക്കുകയാണെന്നാണ് സജീവെൻറ അഭിപ്രായം.
• കോർപറേഷനും മഹിളമാളും അമൃതും
കോഴിക്കോട് കോർപറേഷനിൽ വാഗ്ദാനം ചെയ്ത മഹാഭൂരിപക്ഷം പദ്ധതികളും നടപ്പാക്കിയെന്ന് പി. മോഹനൻ. അഴിമതിയും സ്വജനപക്ഷപാതവുമാണെന്നും മറ്റു രണ്ടു നേതാക്കൾ. തെരുവുവിളക്കുകൾ സ്ഥാപിക്കുകയും മാലിന്യനിർമാർജനം പൂർണതയിലെത്തിക്കുകയും ചെയ്തതായി മോഹനൻ അവകാശപ്പെട്ടു. അമൃത് പദ്ധതിയിൽ വൻ അഴിമതി നടന്നെന്ന് സിദ്ദീഖ് പറഞ്ഞു. െകാട്ടിഗ്ഘോഷിച്ച മഹിളമാളിനെ അനാഥമാക്കി. വെള്ളക്കെട്ടിെൻറ ശല്യം പരിഹരിച്ചില്ല. ഒരു വർഷം മാത്രം ക്ഷേമപദ്ധതികൾക്കുള്ള 161 കോടി രൂപ കോർപറേഷൻ പാഴാക്കിയതായി സി.എ.ജി റിപ്പോർട്ട് ഉദ്ധരിച്ച് സജീവൻ പറഞ്ഞു.
•കെ-റെയിൽ പ്രതിഷേധവും നിലപാടുകളും
കെ-റെയിലിന് സ്ഥലമേറ്റെടെക്കാൻ കൺസൽട്ടിങ് കമ്പനിക്ക് 12 കോടി രൂപ സർക്കാർ അനുവദിച്ചതായി സിദ്ദീഖ്. കേന്ദ്രഅംഗീകാരം കിട്ടാത്ത പദ്ധതി അഴിമതിക്കുവേണ്ടിയുള്ളതാണ്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കെ-റെയിൽ ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര അനുമതി കിട്ടാത്ത കെ-റെയിൽ പദ്ധതിക്കായി സാധ്യത പഠനം നടത്തിയിട്ടേയുള്ളൂവെന്ന് പി. മോഹനൻ പറഞ്ഞു. ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കിയായിരിക്കും പദ്ധതി നടപ്പാക്കുക. കേന്ദ്രാനുമതി കിട്ടാത്ത പദ്ധതിക്ക് ബി.ജെ.പിയും എൻ.ഡി.എയും എതിരാണെന്ന് സജീവനും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.