മുക്കം: നഗരസഭയിലെ പുതിയ ഭരണസമിതി അധ്യക്ഷ സ്ഥാനത്തേക്ക് പി.ടി. ബാബുവിനെയും ഡെപ്യൂട്ടി ചെയർപേഴ്സനായി അഡ്വ.കെ.പി. ചാന്ദിനിയെയും എൽ.ഡി.എഫ് ജില്ല കമ്മിറ്റി യോഗം അംഗീകരിച്ചു. ചുമതലയേൽക്കൽ തിങ്കളാഴ്ച നടക്കും.
ഹാട്രിക്ക് വിജയത്തിളക്കവുമായാണ് ബാബു ചെയർമാൻ പദവി അലങ്കരിക്കാൻ പോകുന്നത്. 29ാം ഡിവിഷൻ വെണ്ണക്കോട് നിന്ന് 18 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് സ്വതന്ത്രനായി തെരഞ്ഞടുക്കപ്പെട്ടത്. 425 വോട്ടാണ് ആകെ ലഭിച്ചത്. ട്രേഡ് യൂനിയൻ മേഖലയിലാണ് പ്രവർത്തിച്ചുവരുന്നത്. പട്ടികജാതി ക്ഷേമ വകുപ്പ് ജില്ല വൈസ് പ്രസിഡൻറ്, സി.ഐ.ടി.യു ഏരിയ കമ്മിറ്റിയംഗം, മുക്കം പട്ടികജാതി സഹകരണ സംഘം പ്രസിഡൻറ്, സി.പി.എം മാമ്പറ്റ ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ ബിന്ദു മാമ്പാറ്റ പ്രതീക്ഷ സ്കൂൾ ജീവനക്കാരിയാണ്. മക്കൾ അക്ഷയ ബി.ടെക് ഫൈനൽ വിദ്യാർഥിനി, ആകാശ് മാനന്തവാടി ഗവ. എൻജിനീയറിങ് കോളജ് ബി-ടെക് വിദ്യാർഥിയാണ്.
മേപ്പയൂർ സ്വദേശിയായ പരേതനായ സഖാവ് കെ.പി. ഗോപാലെൻറ മകളാണ് അഡ്വ.കെ.പി. ചാന്ദിനി. 15ാം ഡിവിഷനിലെ കൈയിട്ടാപ്പൊയിലിൽ 126 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 376 വോട്ടാണ് ആകെ ലഭിച്ചത്. 20 വർഷമായി കോഴിക്കോട് ബാർ അസോസിയേഷനിൽ അഭിഭാഷകയായി ജോലിചെയ്യുന്നു.
സ്ത്രീകളുടെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച എസ്.പി.സി സർവിസ് കേന്ദ്രത്തിൽ ലീഗൽ കൗൺസിലറായി സേവനം ചെയ്യുന്നു. മുക്കം പഞ്ചായത്തായിരുന്നപ്പോൾ ജാഗ്രത സമിതിയിൽ അഭിഭാഷകയായിരുന്നു. ഭർത്താവ് എൻ.വി. വിനോദ് കുമാർ അബൂദബിയിൽ ജോലിചെയ്യുന്നു. മക്കൾ: നേഹ വിനോദ് പ്ലസ് ടു വിദ്യാർഥിനി, ഹന വിനോദ് അഞ്ചാം ക്ലാസ് വിദ്യാർഥിനി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.