മുക്കം: പശ്ചാത്തല സൗകര്യങ്ങള്‍ക്കും ശുചിത്വ-മാലിന്യ സംസ്കരണ പദ്ധതികള്‍ക്കും മുന്‍ഗണന നല്കി മുക്കം നഗരസഭയുടെ ബജറ്റ്. 63.13 കോടി രൂപ വരവും 60.49 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന, മിച്ച ബജറ്റാണ് ഡെപ്യൂട്ടി ചെയര്പേഴ്സൻ കെ.പി. ചാന്ദ്നി അവതരിപ്പിച്ചത്. മുക്കം നഗരസഭയെ മാലിന്യമുക്ത നഗരസഭയായി നിലനിര്‍ത്തുന്നതിനായി 1.23 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. നഗരസഭാ ഓഫിസ് സമുച്ചയത്തിന് ഒരു കോടി രൂപയും പുതിയ ബസ് സ്റ്റാൻഡിന് 50 ലക്ഷം രൂപയും ശ്മശാനത്തിന് 50 ലക്ഷം രൂപയും നീക്കിവെച്ചു. നഗരത്തില്‍ പേ പാര്‍ക്കിങ്, ഷീ ലോഡ്ജ് പദ്ധതികൾ ആരംഭിക്കാനും തുക വകയിരുത്തിയിട്ടുണ്ട്.
വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിന് 50 ലക്ഷം രൂപയും തെരുവു വിളക്കുകള്‍ക്കായി 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഭൂരഹിത-ഭവനരഹിതര്‍ക്ക് ഫ്ലാറ്റ് സമുച്ചയം അനുവദിക്കുന്നതിനായി 1.75 കോടി രൂപയും ഇരുവഴിഞ്ഞിപ്പുഴയോരത്തിന്റെ സംരക്ഷണത്തിനായി ചെറുകിട ജലസേചന വകുപ്പിന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നതിനായി ഒരു കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്.
കാര്‍ഷിക മേഖലക്കായി 40 ലക്ഷവും മൃഗസംരക്ഷണ മേഖലയില്‍ 18 ലക്ഷവും ക്ഷീര വികസനത്തിനായി 24 ലക്ഷവും വകയിരുത്തിയ ബജറ്റില്‍ മരാമത്ത് പ്രവൃത്തികള്‍ക്കായി എട്ടു കോടി രൂപയും അനുവദിച്ചു. വനിത ക്ഷേമത്തിനായി 56 ലക്ഷവും വയോജന ക്ഷേമത്തിനായി 13.5 ലക്ഷവും നീക്കിവെച്ചപ്പോൾ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി 40.75 ലക്ഷം രൂപയുമുണ്ട്.
മുക്കം നഗരസഭയുടെ 2025-26 വർഷത്തെ ബജറ്റ് മുൻവർഷങ്ങളിലെ ബജറ്റിന്റെ ആവർത്തനം മാത്രമാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. പൊതുശ്മശാനം നിർമിക്കാനുള്ള ശ്രമമില്ലെന്നും പ്രതിപക്ഷ കൗൺസിലർമാരായ വേണു കല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി, എ. അബ്ദുൾ ഗഫൂർ എന്നിവർ പറഞ്ഞു.
ജീവൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കാത്തതും ദീർഘവീക്ഷണമില്ലാത്തതുമാണ് മുക്കം നഗരസഭ ബജറ്റെന്ന് വെൽഫെയർ പാർട്ടി മുക്കം നഗര സഭ കമ്മിറ്റി ആരോപിച്ചു. കാർഷികം, വിദ്യാഭ്യാസം, സാമൂഹിക നീതി, ആരോഗ്യ മേഖലകളിൽ പതിവ് പരിപാടികൾ നടത്തുക എന്നതിനപ്പുറം ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളില്ല.
മുക്കം നഗരസഭ പ്രസിഡൻറ് കെ. അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. അബ്ദുൽ ഗഫൂർ, ഗഫൂർ പൊറ്റശ്ശേരി, റൈഹാന കല്ലുരുട്ടി, മനോജ് കാഞ്ഞിരമുഴി, അനുപമ പൊറ്റശ്ശേരി, കെ. ഉബൈദ്, സലീന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.