മുക്കം ടൗൺ നവീകരണ പ്രവൃത്തികൾ വിലയിരുത്തുന്നതിന് ലിന്റോ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന യോഗം

മുക്കം ടൗൺ പരിഷ്‌കരണ പ്രവൃത്തികൾ ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കും

മുക്കം: മുക്കം ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രവൃത്തികൾ ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കാൻ എം.എൽ.എ ഓഫിസിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. മാസങ്ങളായി നടക്കുന്ന പരിഷ്കരണ പ്രവൃത്തികൾ ഇഴഞ്ഞു നീങ്ങുന്നതിനെതിരെ വ്യാപാരികളിൽനിന്നുൾപ്പെടെ വിവിധ കോണുകളിൽനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
ഇതു സംബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ എം.എൽ.എക്കും നഗരസഭാ ചെയർമാനും നിവേദനം നൽകുകയും, ഈ മാസംതന്നെ പ്രവൃത്തി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച 'മാധ്യമം' വാർത്തയും നൽകിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 7.5 കോടി രൂപയാണ് ടൗൺ നവീകരണത്തിനായി സർക്കാർ അനുവദിച്ചത്.
സംസ്ഥാനപാതയിൽ ഫെഡറൽ ബാങ്ക് മുതൽ പാലം വരെ 600 മീറ്റർ 14.5 മീറ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിങ്, വശങ്ങളിൽ ഇന്റർലോക്ക്, അഭിലാഷ് ജങ്ഷൻ മുതൽ ആലിൻ ചുവടു വരെ ബി.എം ബി.സി നിലവാരത്തിൽ ടാറിംഗ്, ആലിൻചുവടിനു ചുറ്റും ഇന്റർലോക്ക്, ഫുട്പാത്തുകളിൽ ടൈൽ വിരിക്കൽ, സംസ്ഥാന പാതയിലും ഉൾറോഡുകളിലും തെരുവു വിളക്ക് സ്ഥാപിക്കൽ, അഭിലാഷ് ജങ്ഷൻ മുതൽ മുക്കം പാലം വരെ 1.4 മീറ്റർ വീതിയിൽ മീഡിയൻ, മീഡിയന് ഉള്ളിൽ പൂന്തോട്ടം, പി.സി. ജങ്ഷനിൽ സിഗ്നൽ ലൈറ്റ് തുടങ്ങിയവയാണ് അവശേഷിക്കുന്ന പ്രവൃത്തികൾ.
സംസ്ഥാന പാതയിൽ വൈദ്യുതിപോസ്റ്റുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. മാർച്ച്‌ ഒമ്പതിന് ആരംഭിച്ച് ഏപ്രിൽ 20നു പ്രവൃത്തി പൂർത്തിയാക്കുന്ന തരത്തിലാണ് പൊതുമരാമത്ത് വകുപ്പ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഷെഡ്യൂൾ അനുസരിച്ച് പ്രവൃത്തി പൂർത്തിയാക്കുന്നതിന് കർശന നിർദേശം നൽകി. മീഡിയനുകളിലെ പൂന്തോട്ട പരിപാലനം മുക്കം നഗരസഭ നിർവഹിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു. ലി​ന്റോ ജോസഫ് എം.എൽ.എ അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ പ്രജിത പ്രദീപ്‌, റോഡ്‌സ് എക്സിക്യൂട്ടിവ് എൻജിനീയർ വി.കെ. ഹാഷിം, അസി. എക്സി. എൻജിനീയർ ജി.കെ, വിനീത് കുമാർ, അസി. എൻജിനീയർ വിജയകൃഷ്ണൻ, ഓവർസിയർ ജിനീഷ്, കെ.എസ്.ഇ.ബി. അസി. എൻജിനീയർ വി.പി. ബിന്ദു, കരാറുകാരൻ വി. ശറഫുദ്ദീൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Tags:    
News Summary - Mukkam Town development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.