മുക്കം: സ്വന്തമായുണ്ടായിരുന്ന വീടും പുരയിടവും വിട്ടു പെരുവഴിയിലിറങ്ങേണ്ട ദിവസങ്ങൾ എണ്ണിക്കഴിയുകയാണ് തോട്ടുമുക്കം സ്വദേശി ചക്കാലക്കൽ ഭാസ്കരൻ എന്ന 80കാരനും 70കാരിയായ ഭാര്യയും. ആറ് ആൺമക്കളായിരുന്നു ഇവർക്ക്. അതിലൊരാൾ വിവാഹബന്ധം വേർപെടുത്തിയതോടെയാണ് ഇവരുടെ ദുരിതകാലം ആരംഭിക്കുന്നത്.
ബന്ധം വേർപെടുത്തിയതോടെ മകന്റെ ഭാര്യ നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കുകയും ഭാസ്കരനെയും ഭാര്യയെയും കേസിൽ കക്ഷി ചേർക്കുകയും ചെയ്തു. ഇവർക്ക് കേസുമായി സഹകരിച്ചു പോകാൻ സാധിക്കാതിരുന്നതോടെ മകന്റെ ഭാര്യക്ക് അനുകൂലമായി കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. ഇതുപ്രകാരം നഷ്ടപരിഹാര തുകയും ആറ് ശതമാനം പലിശയും കോടതി ചെലവുമടക്കം 4,73,927 രൂപയായിരുന്നു ഭാസ്കരനും കുടുംബവും നൽകേണ്ടിയിരുന്നത്. എന്നാൽ, തുക നൽകാതായതോടെ കോടതി രണ്ടുവർഷം മുമ്പ് ഭാസ്കരന്റെ പേരിലുള്ള 85 സെന്റ് സ്ഥലവും പഞ്ചായത്തിൽനിന്ന് അനുവദിച്ചുകിട്ടിയ വീടും ജപ്തി ചെയ്തു. ഇതോടെ വീടിനു മുന്നിൽ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റിനു കീഴിലാണ് കൊടും വെയിലിലും പേമാരിയിലും ഇവരുടെ ജീവിതം.
കേസ് നടത്താനോ നിയമസഹായം തേടാനോ ഉള്ള കഴിവോ അറിവോ ആരോഗ്യമോ ഇവർക്ക് ഇല്ലാതെപോയതാണ് വിധികളെല്ലാം എതിരാക്കിയത്. ഇവരുടെ കഷ്ടപ്പാട് കണ്ടറിഞ്ഞ പ്രദേശത്തെ പൊതുപ്രവർത്തകൻ ജില്ല കലക്ടർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെയിന്റനൻസ് ട്രൈബ്യൂണലിന്റെ ടെക്നിക്കൽ അസിസ്റ്റന്റ് സ്ഥലം സന്ദർശിച്ചു റിപ്പോർട്ടു നൽകിയിരുന്നു.
ജപ്തിയുമായി ബന്ധപ്പെട്ട നിയമ സഹായത്തിന് ജില്ല ലീഗൽ സർവിസസ് അതോറിറ്റിയെ സമീപിക്കാവുന്നതാണെന്ന അറിയിപ്പും കിട്ടിയിട്ടുണ്ടെങ്കിലും ഇവരുടെ ജീവിതം അനിശ്ചിതത്വത്തിലാണ്.
കേസും കോടതിയും വ്യവഹാര പ്രക്രിയകളൊന്നുമറിയാത്ത ഭാസ്കരന് ഒരാഗ്രഹം മാത്രമേയുള്ളൂ. ഈ വയസ്സാൻ കാലത്തെങ്കിലും സ്വന്തം വീട്ടിൽ അന്തിയുറങ്ങാൻ വഴിയുണ്ടാകണമെന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.