മുക്കം: വിദേശത്തേക്കുപോയ കൗൺസിലർക്ക് അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ മുക്കം നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും.13 കൗൺസിലർമാർക്ക് പരിക്കേറ്റെന്ന്. വിദേശത്തുപോയ ഏഴാം വാർഡ് കൗൺസിലർ അനിതകുമാരിയുടെ അവധി അപേക്ഷയുമായി ബന്ധപ്പെട്ടു നടന്ന ചർച്ചയാണ് ഏറ്റുമുട്ടലിലെത്തിയത്. നഗരസഭ ചെയർമാൻ ഉൾപ്പെടെ ഭരണപക്ഷത്തെ ആറും പ്രതിപക്ഷത്തെ ഏഴും കൗൺസിലർമാരാണ് മുക്കം ഗവ. ആശുപത്രിയിൽ ചികിത്സ തേടിയത്.
കൗൺസിലറുടെ ലെറ്റർ ഹെഡിൽ ഭരണപക്ഷം വ്യാജ അവധി അപേക്ഷ ഉണ്ടാക്കി യോഗത്തിൽ വെച്ചുവെന്ന് യു.ഡി.എഫ്, വെൽഫെയർ പാർട്ടി, ബി.ജെ.പി കൗൺസിലർമാർ ആരോപിക്കുകയും പ്രതിഷേധം ഉയർത്തുകയും ചെയ്തു. ഇതിനിടെ നഗരസഭ ചെയർമാൻ പി.ടി. ബാബു യോഗം അവസാനിപ്പിച്ച് പോകാൻ തുനിഞ്ഞതോടെയാണ് പ്രശ്നം തുടങ്ങിയത്. യോഗം അവസാനിപ്പിക്കാൻ പറ്റില്ലെന്നുപറഞ്ഞ് പ്രതിപക്ഷ അംഗങ്ങൾ ചെയർമാനെ തടഞ്ഞു. ഇതോടെ പരസ്പരം പോർവിളിയിലും ഏറ്റുമുട്ടലുമെത്തി.
അവധി അപേക്ഷ വ്യാജമായി ഭരണപക്ഷം തയാറാക്കിയതാണെന്ന് സംശയമുണ്ടെന്നുപറഞ്ഞ് പ്രതിപക്ഷത്തെ 17 കൗൺസിലർമാർ ഒന്നിച്ചെതിർത്തതോടെ 33 അംഗ കൗൺസിലിൽ ഭൂരിപക്ഷമില്ലെന്ന് കണ്ട ചെയർമാൻ ധിറുതിയിൽ യോഗ നടപടികൾ അവസാനിപ്പിച്ച് ഇറങ്ങിപ്പോവാൻ ശ്രമിക്കുകയായിരുന്നുവെന്നും, ഇത് ചോദ്യം ചെയ്ത തങ്ങളെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നുമാണ് യു.ഡി.എഫ് അംഗങ്ങൾ പറയുന്നത്.
എന്നാൽ, ചട്ടപ്രകാരം യോഗം അവസാനിപ്പിച്ച് പുറത്തുപോകുന്ന ചെയർമാനെ യു.ഡി.എഫ്, വെൽഫെയർ പാർട്ടി, ബി.ജെ.പി കൗൺസിലർമാർ തടഞ്ഞുവെച്ച് ആക്രമിക്കുകയും യോഗ ഹാളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്. പ്രശ്നങ്ങൾക്കിടയിൽ ചെയർമാൻ യോഗം അവസാനിപ്പിച്ച് പോയെങ്കിലും പ്രതിപക്ഷ കക്ഷികളിലെ 17 അംഗങ്ങൾ സ്ഥിരം സമിതി ചെയർപേഴ്സൻ കെ.കെ. റുബീനയുടെ അധ്യക്ഷതയിൽ യോഗനടപടികളുമായി മുന്നോട്ടുപോയി.
സംഘർഷത്തിൽ പരിക്കേറ്റ നഗരസഭ ചെയർമാൻ പി.ടി. ബാബു, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ മജീദ്, സി.പി.എം കൗൺസിലർമാരായ നൗഫൽ മല്ലശ്ശേരി, എം.വി. രജനി, വസന്ത കുമാരി, കെ. ബിന്ദു, യു.ഡി.എഫ് കൗൺസിലർമാരായ വേണു കല്ലുരുട്ടി, എം.കെ. യാസർ, വടക്കയിൽ കൃഷ്ണൻ, ഗഫൂർ കല്ലുരുട്ടി, റംല ഗഫൂർ, ബിന്നി മനോജ്, കെ.കെ. റുബീന എന്നിവർ മുക്കം സി.എച്ച്.സിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർമാരും യു.ഡി.എഫ് പ്രവർത്തകരും മുക്കം അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.