മുക്കം: കോഴിക്കോട്-വയനാട് ജില്ലകളുടെ സമഗ്ര വികസനത്തിനുതകുന്ന ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിർമാണം ഉടൻ ആരംഭിക്കും. പദ്ധതിയുടെ പാരിസ്ഥിതികാനുമതിക്കായുള്ള അവസാനവട്ട ഹിയറിങ് ജനുവരിയിൽ നടക്കുമെന്നാണ് സൂചന. ഇതിൽ സ്റ്റേറ്റ് എൻവയൺമെന്റ് ഇംപാക്ട് അസസ്മെന്റ് കമ്മിറ്റിയുടെ അനുമതി ലഭിച്ചാൽ പ്രവൃത്തി ആരംഭിക്കാനാവും.
ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ, ജനപ്രതിനിധികൾ, ഐ.എ.എസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അടങ്ങുന്ന കമ്മിറ്റി അംഗങ്ങൾ പദ്ധതി പ്രദേശം സന്ദർശിച്ചിരുന്നു. അതിനിടെ, വയനാട്ടിൽ ഉൾപ്പെടെ ഉണ്ടായ ഉരുൾപൊട്ടൽ പദ്ധതിക്ക് അനുമതി ലഭിക്കുന്ന കാര്യത്തിൽ ആശങ്ക ഉയർത്തുന്നുണ്ട്. തുരങ്കപാത നിർമാണം ഈ വർഷം ആരംഭിക്കുമെന്ന് മന്ത്രി. പി.എ മുഹമ്മദ് റിയാസ് കഴിഞ്ഞ ജൂണിൽ നിയമസഭയിൽ അറിയിച്ചിരുന്നു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുരങ്കപാതയുടെ നിർമാണം പൂർത്തീകരിക്കുക. സ്ഥലമേറ്റെടുപ്പ് പൂർത്തിയായിട്ടുണ്ട്. 8.1 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടത്തുരങ്കം രാജ്യത്തെ നീളംകൂടിയ മൂന്നാമത്തെ പാതയാണ്. 10 മീറ്റർ വീതമുള്ള നാലുവരിയായാണ് പാത. 300 മീറ്റർ ഇടവിട്ട് ക്രോസ്വേകളുണ്ടാവും.
തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ മറിപ്പുഴയിൽ നിന്നാരംഭിച്ച് വയനാട് ജില്ലയിലെ കള്ളാടി മീനാക്ഷി ബ്രിഡ്ജിൽ അവസാനിക്കുന്നതാണ് പാത. മറിപ്പുഴയിൽ നിർമിക്കുന്ന വലിയ പാലം അവസാനിക്കുന്നിടത്തുനിന്നാണ് തുരങ്കം ആരംഭിക്കുക. 1643.33 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ഇരട്ട തുരങ്കപാത. ഇരുവഴിഞ്ഞിപ്പുഴക്കു കുറുകെ 93.12 കോടി ചെലവിൽ ആർച്ച് പാലവും നാലുവരി സമീപന റോഡും പദ്ധതിയിൽ ഉൾപ്പെടുന്നു.
പാതക്ക് 2138 കോടി രൂപയുടെ ഭരണാനുമതി നേരത്തേ ലഭിച്ചിരുന്നു. ഒന്നാം പിണറായി സർക്കാറിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതി 2020 ഒക്ടോബർ അഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. നാലു വർഷത്തിനകം തുരങ്കപാത പദ്ധതിക്ക് ഉപയോഗിക്കുന്ന വനഭൂമിക്ക് പകരം 17 ഹെക്ടറിൽ വനം ഒരുക്കണമെന്ന നിബന്ധനയോടെയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പാതക്ക് പ്രാഥമിക അനുമതി നൽകിയത്. 34.31 ഹെക്ടർ വനഭൂമിയാണ് ഏറ്റെടുക്കുക.
വനഭൂമിയിൽ നിർമാണ പ്രവൃത്തികൾ പരമാവധി ഒഴിവാക്കും. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം നൽകാനുള്ള ഭൂമി വയനാട് ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്. സൗത്ത് വയനാട് ഡിവിഷനിലെ ചുള്ളിക്കാട്, കൊല്ലിവയൽ, മടപ്പറമ്പ്, മണൽവയൽ വില്ലേജുകളിലായാണ് 17.263 ഹെക്ടർ ഭൂമിയിൽ മരം നടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.