മുക്കം: നാല് വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുക്കം ഇ.എസ്.ഐ ആശുപത്രിയിലെത്താൻ രോഗികൾക്ക് പെടാപ്പാട്. പ്രായമായ രോഗിയുമായി എത്തുന്നവർക്ക് ഡോക്ടറെ കാണണമെങ്കിൽ രോഗിയെ ചുമന്ന് ഒന്നാം നിലയിലെത്തിക്കണം. കാലിലെ പരിക്കും മറ്റുമായി എത്തുന്ന രോഗികൾ വേദന സഹിച്ച് പടികൾ കയറണം. വാഹനം പാർക്ക് ചെയ്യാൻ വേണ്ടത്ര സൗകര്യവുമില്ല.
2019 ഫെബ്രുവരിയിലാണ് ആശുപത്രി പ്രവർത്തനമാരംഭിച്ചത്. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ അഗസ്ത്യൻമൂഴി പള്ളോട്ടി സ്കൂളിന് സമീപത്താണ് ആശുപത്രി. ഇ.എസ്.ഐ അംഗങ്ങളായ 2300 ഓളം ആളുകൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ഇവരുടെ കുടുംബാംഗങ്ങളുടെ എണ്ണം കൂടി പരിഗണിച്ചാൽ ആശ്രിതരുടെ എണ്ണം 8000 കവിയും. ഒരു ഡോക്ടറും നഴ്സും ഫാർമസിസ്റ്റും ഉൾപ്പെടെ ഒമ്പത് ജീവനക്കാരാണ് ഇവിടെയുള്ളത്.
പ്രായമായ രോഗികൾക്ക് മുകളിലേക്ക് കയറാൻ സാധിക്കാതെ വന്നാൽ ഡോക്ടറും നഴ്സും താഴെയെത്തി ചികിത്സിക്കണം. വാഹനം നിർത്തുന്നിടത്ത് മേൽക്കൂര ഇല്ലാത്തതിനാൽ മഴയും വെയിലും കൊണ്ടാണ് പരിശോധന.
താഴത്തെ നിലകളിൽ വർക്ക് ഷോപ്പുകളായതിനാൽ പലപ്പോഴും വാഹനങ്ങൾ നിർത്താൻപോലും ഇടമുണ്ടാവാറില്ലെന്ന് രോഗികൾ പറയുന്നു. ജീവനക്കാർ പ്രദേശത്തെ മറ്റിടങ്ങളിൽ വാഹനം നിർത്തുകയാണ് പതിവ്. ഏഴു മുറികളാണ് ആശുപത്രിയിലുള്ളത്. പ്രായമായ രോഗികളുടെ ദുരിതം പരിഗണിച്ച് ആശുപത്രി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.