മുക്കം: മുക്കത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരി കെട്ടിടത്തിൽനിന്ന് ചാടിയ സംഭവത്തിൽ പ്രതികരണവുമായി യുവതിയുടെ ബന്ധു. മൂന്നുപേർ ചേർന്ന് താമസസ്ഥലത്ത് അതിക്രമിച്ചുകയറി ഉപദ്രവിക്കാൻ ശ്രമിച്ചതായും പ്രാണരക്ഷാർഥമാണ് കെട്ടിടത്തിൽനിന്ന് ചാടിയതെന്നും ബന്ധു പറഞ്ഞു. മൂന്നു മാസമായി യുവതി ജോലിക്ക് കയറിയിട്ട്. ഹോട്ടൽ ഉടമ ദേവദാസ് ആദ്യം യുവതിയുടെ വിശ്വാസ്യത നേടിയെടുക്കാനും പിന്നാലെ പ്രലോഭനത്തിന് ശ്രമിച്ചതായും വളരെ മോശം രീതിയിൽ സന്ദേശങ്ങൾ അയച്ചിരുന്നതായും ബന്ധു പറഞ്ഞു. പ്രതികളെ പിടിക്കാൻ വൈകുന്നതിൽ സംശയമുണ്ട്. യുവതിയുടെ നട്ടെല്ലിനും ഇടുപ്പിനും പരിക്കുണ്ടെന്നും ബന്ധു പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് വാടകക്ക് താമസിച്ചിരുന്ന വീടിന്റെ ഒന്നാംനിലയിൽ നിന്ന് കണ്ണൂർ സ്വദേശിനിയായ യുവതി ചാടിയത്.
ശബ്ദം കേട്ട് ഓടിക്കൂടിയ അയൽവാസികളും നാട്ടുകാരും യുവതിയെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. വാടകക്ക് താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ള സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ് യുവതി. ഹോട്ടൽ ഉടമയും മറ്റു രണ്ടു പേരും രാത്രി താൻ താമസിക്കുന്ന വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനായി താഴേക്ക് ചാടുകയായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെ മുക്കം പൊലീസ് കേസെടുത്തു.
അതിക്രമിച്ച് കടക്കൽ, മാനഹാനിയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അതേസമയം, കേസ് ഒതുക്കാൻ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.