മുക്കം: നാട്ടിൽ ഒരു മോഷണം നടന്നാൽ ഏതറ്റം വരെ പോയിട്ടും മോഷ്ടാക്കളെ പിടികൂടുന്ന സേനയെന്നാണ് കേരള പൊലീസിനെക്കുറിച്ച് പൊതുവേ പറയാറ്. സംസ്ഥാനങ്ങൾ താണ്ടി കള്ളന്മാരെ വലയിലാക്കിയ നിരവധി ചരിത്രവും അവർക്കുണ്ട്. എന്നാൽ, മുക്കം പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണങ്ങൾ തുടർക്കഥയായിട്ടും പ്രതികളെ പിടികൂടാനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന മൂന്ന് മോഷണങ്ങളിലെയും പ്രതികളെ പിടികൂടാനോ അവരെ തിരിച്ചറിയാനോ മുക്കം പൊലീസിന് സാധിച്ചിട്ടില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് രാത്രിയാണ് കാരശ്ശേരി കുമാരനെല്ലൂരിൽ ഷറീനയുടെ വീടിന്റെ ഓടിളക്കി അകത്ത് കടന്ന മോഷ്ടാവ് 30 പവൻ സ്വർണാഭരണങ്ങൾ കവർന്നത്. വീട്ടുകാർ ബന്ധുവീട്ടിൽ സൽക്കാരത്തിന് പോയ രാത്രി എട്ടിനും 10നുമിടയിലായിരുന്നു മോഷണം. അലമാരക്കടിയിൽ പെട്ടികളിലായി സൂക്ഷിച്ചതായിരുന്നു ആഭരണങ്ങൾ. ആഭരണങ്ങൾ പിന്നീട് വീടിന് സമീപത്ത് കൊണ്ടിട്ട നിലയിൽ കണ്ടെത്തിയെങ്കിലും മോഷ്ടാവിനെ ഇതുവരെ പിടികൂടാനായിട്ടില്ല. താമരശ്ശേരി ഡിവൈ.എസ്.പി സുഷീർ, മുക്കം ഇൻസ്പെക്ടർ എസ്. അൻഷാദ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ മാർച്ച് ആറിനാണ് പട്ടാപ്പകൽ മുക്കം നഗരസഭയിലെ മുത്തേരി അങ്ങാടിക്ക് സമീപം ബിനോയിയുടെ വീട്ടിൽ മോഷണം നടന്നത്. ആറു പവൻ സ്വർണവും 25,000 രൂപയിൽ കൂടുതൽ പണവും ഇവിടെ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. വൈകീട്ട് 4.30നും 5.30നുമിടയിലാണ് മോഷണം നടന്നത്. വീട്ടുടമ ബിനോയ് കടയിലേക്കും ഭാര്യയും കുട്ടികളും തൊട്ടടുത്ത പറമ്പിലേക്കും പോയ സമയത്തായിരുന്നു മോഷണം. സംഭവത്തിൽ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ഡ്വാഗ് സ്ക്വാഡും ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനായില്ല.
കാരശ്ശേരി പഞ്ചായത്തിലെ കക്കാടിൽ ആളില്ലാത്ത വീടിനകത്തു കടന്ന് മോഷണം നടത്തിയത് ഫെബ്രുവരി 19നാണ്. 8000 രൂപയാണ് നഷ്ടപ്പെട്ടത്. കക്കാടൻ ചാലിൽ അബ്ദുറഹിമാന്റെ വീട്ടിലാണ് മോഷണം നടന്നത്. പുറത്ത് കുളിമുറിയിൽ സൂക്ഷിച്ച താക്കോലെടുത്ത് പിൻവശത്തെ വാതിൽ തുറന്നാണ് കള്ളൻ അകത്തുപ്രവേശിച്ചത്. അലമാര കുത്തിത്തുറന്ന് അതിനകത്തു സൂക്ഷിച്ച പണമെടുത്ത് രക്ഷപ്പെടുകയായിരുന്നു. ഈ കേസിലെ പ്രതിയെ പിടികൂടാനും പൊലീസിന് സാധിച്ചിട്ടില്ല.
മുക്കത്ത് മോഷണങ്ങൾ തുടർക്കഥയായിട്ടും പ്രതികൾ ആരെന്ന് കണ്ടുപിടിക്കാനോ പിടികൂടാനോ പൊലീസിന് കഴിയാത്തത് സേനക്ക് തന്നെ നാണക്കേടാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വീട്ടുപൂട്ടി എവിടെയെങ്കിലും പോകാനോ വീട്ടിൽ വിലപിടിപ്പുള്ളത് സൂക്ഷിക്കാനോ ഭയപ്പെടുകയാണ് പ്രദേശത്തുകാർ. എത്രയും വേഗം മോഷ്ടാക്കളെ പിടികൂടി അഴിക്കുള്ളിലാക്കണമെന്നും ജനങ്ങളുടെ സ്വൈരജീവിതം പൊലീസ് ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.